ഏരിയല്‍ ഷാറോണ്‍ ഗുരുതരാവസ്ഥയില്‍

Posted on: January 2, 2014 11:57 pm | Last updated: January 2, 2014 at 11:57 pm

sharonജറുസലം: ഇസ്‌റാഈല്‍ മുന്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാറോണിന്റെ ആരോഗ്യ നില അതീവ ഗുരുതരമെന്ന് ഡോക്ടര്‍മാര്‍. 2006 മുതല്‍ അബോധാവസ്ഥയില്‍ കഴിയുകയാണ് ഷാറോണ്‍. അദ്ദേഹത്തിന്റെ ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
2001 പ്രധാനമന്ത്രി ആയിരിക്കെ കടുത്ത ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു 85 കാരനായ ഷാറോണിന്. 2005 ല്‍ ഭാഗിസ മസ്തിഷ്‌കാഘാതം സംഭവിച്ചു. 2006 ല്‍ ഒരിക്കല്‍ കൂടി മസ്തിഷ്‌കാഘാതം സംഭവിച്ചതോടെ അര്‍ധബോധാവസ്ഥയിലായി.
ടെല്‍ ഹാഷ്‌മോര്‍ ആശുപത്രിയിലാണ് ഷാറോണ്‍ ചികിത്സയില്‍ കഴിയുന്നത്. ആദ്യമായാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വിശദീകരിച്ച് മെഡിക്കല്‍ ബുള്ളറ്റിനിറക്കുന്നത്.
ഷാറോണിന്റെ മസ്തിഷ്‌കത്തിന്റെ ഭൂരിഭാഗവും തകര്‍ന്നതായി ഡോ. സീവ് റോസ്റ്റൈന്‍ അറിയിച്ചു. വൈദ്യ ശാസ്ത്രത്തിന് ഒന്നും പ്രവചിക്കാനാകില്ലെന്നും ഹൃദയം, വൃക്ക, കരള്‍ എന്നീ പ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനവും ഭാഗികമാണെന്ന് അദ്ദേഹം പറഞ്ഞു. ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്.
പേശികള്‍ പ്രവര്‍ത്തിക്കുന്നത് മൂലമുണ്ടാകുന്ന രാസ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ വൃക്കകള്‍ക്കും, കരളിനും കഴിയുന്നില്ല.