Connect with us

Wayanad

റോഡ് നിര്‍മാണം തടഞ്ഞ വനംവകുപ്പ് നടപടിക്കെതിരെ പ്രതിഷേധം

Published

|

Last Updated

ഗൂഡല്ലൂര്‍: തുറപ്പള്ളി-ഇരുവയല്‍ റോഡ് നിര്‍മാണം തടഞ്ഞ വനംവകുപ്പ് നടപടിക്കെതിരെ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഗൂഡല്ലൂര്‍ നഗരസഭ പതിനേഴാം വാര്‍ഡിലെ ഇരുവല്‍ റോഡ് നിര്‍മാണമാണ് വനംവകുപ്പ് തടഞ്ഞത്.
എച്ച് എ ഡി പി 9 ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ച് നഗരസഭ ഗ്രാമത്തിലേക്ക് നിര്‍മിക്കുന്ന സിമന്റ് പാതയുടെ നിര്‍മാണമാണ് വനംവകുപ്പ് തടഞ്ഞിരുന്നത്. 300 മീറ്റര്‍ ദൂരത്തിലേക്കുള്ള പാതയുടെ നിര്‍മാണം ആരംഭിച്ചതിന് ശേഷമാണ് വനംവകുപ്പ് എതിര്‍പ്പുമായി രംഗത്തെത്തിയത്. പാതയുടെ പ്രവേശന കവാടത്തില്‍ അല്‍പം സ്ഥലം വനംവകുപ്പിന്റെ നിയന്ത്രണത്തിലേതാണ്.
പട്ടയസ്ഥലത്തിലൂടെ കടന്ന് പോകുന്ന പാതയുടെ നിര്‍മാണം വനംവകുപ്പ് തടഞ്ഞിരിക്കുന്നത്. പാതയുടെ നിര്‍മാണത്തിനായി ജെല്ലി, മണല്‍ ഉള്‍പ്പെടെയുള്ള നിര്‍മാണ സാമഗ്രികള്‍ കൊണ്ടുവന്നിട്ടുമുണ്ട്. പത്ത് വര്‍ഷം മുമ്പാണ് പാതയുടെ നിര്‍മാണം നടന്നിരുന്നത്. അന്ന് വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്ഥലത്തില്‍ നിര്‍മാണം നടത്തിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ മൊത്തം റോഡിന്റെ നിര്‍മാണമാണ് കടുവാസങ്കേതത്തിന്റെ പേര് പറഞ്ഞ് വനംവകുപ്പ് തടഞ്ഞിരിക്കുന്നത്. ഇത് വിവാദമായിട്ടുണ്ട്. ആദിവാസികള്‍ ഉള്‍പ്പെടെയുള്ള ആയിരത്തില്‍പ്പരം കുടുംബങ്ങള്‍ ഉപയോഗിക്കുന്ന പാതയാണിത്. റോഡ് പാടെ തകര്‍ന്നതിനാല്‍ വാഹനങ്ങള്‍ പോകാത്തതിനാല്‍ ജനങ്ങള്‍ പ്രതിസന്ധിയിലാണ്. തുറപ്പള്ളിയില്‍ റോഡ് ഉപരോധിക്കാന്‍ ശ്രമിച്ച നാട്ടുകാരെ നഗരസഭ അധികൃതര്‍ സ്ഥലത്തെത്തി സമാധാനിപ്പിക്കുകയായിരുന്നു. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ രമ, വൈസ് ചെയര്‍മാന്‍ രാജാതങ്കവേലു, വാര്‍ഡ് കൗണ്‍സിലര്‍ സരസ്വതി തുടങ്ങിയവര്‍ സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കുകയായിരുന്നു. രമയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തുറപ്പള്ളി വനംവകുപ്പ് ഓഫീസിലെത്തിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഫോറസ്റ്റര്‍ മനോഹരന്‍, ഗാര്‍ഡ് അണ്ണാദുരൈ, വാച്ചര്‍ ദയാലന്‍ എന്നിവരുമായി ചര്‍ച്ച നടത്തി പ്രശ്‌നം ജില്ലാകലക്ടറുമായി ചര്‍ച്ച നടത്തി പരിഹരിക്കാമെന്നേറ്റതോടെയാണ് ജനങ്ങള്‍ പിരിഞ്ഞുപോയത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നൂറുക്കണക്കിന് ആളുകളാണ് തുറപ്പള്ളിയില്‍ തടിച്ചുകൂടിയിരുന്നത്. അതേസമയം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചര്‍ച്ചക്കിടെ നാട്ടുകാരുമായി വാക്കേറ്റത്തിലേര്‍പ്പെട്ടതാണ് സംഘര്‍ഷത്തിന് കാരണമായത്.

---- facebook comment plugin here -----

Latest