വ്യോമസേനാ തലവനായി അരൂപ് രാഹ ചുമതലയേറ്റു

Posted on: January 1, 2014 12:37 am | Last updated: January 1, 2014 at 12:37 am

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനാ തലവനായി എയര്‍ മാര്‍ഷല്‍ അരൂപ് രാഹ അധികാരമേറ്റു. പ്രഗത്ഭ ഫൈറ്റര്‍ പൈലറ്റ് ആയ അദ്ദേഹം എയര്‍ ചീഫ് മാര്‍ഷല്‍ എന്‍ എ കെ ബ്രൗണ്‍ വിരമിച്ച ഒഴിവിലാണ് ചുമതലയേറ്റത്.
1954 ഡിസംബര്‍ 26ന് ജനിച്ച രാഹക്ക് ചീഫ് ഓഫ് എയര്‍ സ്റ്റാഫ് എന്ന നിലയില്‍ മൂന്ന് വര്‍ഷം കൂടി കാലാവധിയുണ്ട്. ആഭ്യന്തരമായി നിര്‍മിച്ച പരിശീലന വിമാനങ്ങളും വിദേശ പരിശീലന വിമാനങ്ങളും സംബന്ധിച്ച് ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക് ലിമിറ്റഡുമായി (എച്ച് എ എല്‍) തര്‍ക്കം നിലനില്‍ക്കുന്ന വേളയിലാണ് 39 വര്‍ഷത്തെ സേവന പാരമ്പര്യമുള്ള അരൂപ് രാഹ വ്യോമസേനാ തലവനായി അധികാരമേല്‍ക്കുന്നത്. വ്യോമസേനക്ക് ഏറ്റവും കൂടുതല്‍ സൈനികോപകരണങ്ങള്‍ വിതരണം ചെയ്യുന്നത് എച്ച് എ എല്‍ ആണ്. വ്യോമസേനയെ നവീകരിക്കുന്നതിന്റെ ഭാഗമായി ഫ്രഞ്ച് സ്ഥാപനമായ ഡസല്‍ട്ട് ഏവിയേഷനില്‍ നിന്ന് 126 റഫാലെ വിവിധോദ്ദേശ്യ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നത് സംബന്ധിച്ച് ഐ എ എഫ് കൂടിയാലോചനകള്‍ നടത്തുന്ന സമയമാണിത്.
1974 ഡിസംബര്‍ 14ന് ഫൈറ്റര്‍ വിഭാഗത്തില്‍ കമ്മീഷന്‍ ചെയ്ത രാഹ, ഉക്രൈനിലെ ഇന്ത്യന്‍ എംബസിയില്‍ എയര്‍ അറ്റാഷെയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സെന്‍ട്രല്‍ എയര്‍ കമാന്‍ഡ്, വെസ്റ്റേണ്‍ എയര്‍ കമാന്‍ഡ് എന്നിവക്ക് നേതൃത്വം നല്‍കിയ രാഹ, ആണവസംബന്ധിയായ ഒട്ടേറെ സാങ്കേതിക കോഴ്‌സുകളില്‍ പരിശീലനം നേടിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ താംബാരത്തെ ഫഌയിംഗ് ഇന്‍സ്ട്രക്‌ടേസ് സ്‌കൂളിന്റെ ഡയറക്ടിംഗ് സ്റ്റാഫായും ഗ്വാളിയോറിലെ ടാറ്റിക്‌സ് ആന്‍ഡ് കോമ്പാറ്റ് ഡവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.