Connect with us

International

റഷ്യയില്‍ സുരക്ഷ ശക്തമാക്കി

Published

|

Last Updated

മോസ്‌കോ: കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന സ്‌ഫോടനങ്ങളെ തുടര്‍ന്ന് റഷ്യയില്‍ വോള്‍ഗോഗ്രാഡില്‍ ജാഗ്രതാ നിര്‍ദേശം. രണ്ട് ചാവേര്‍ സ്‌ഫോടനങ്ങളാണ് ഇവിടെയുണ്ടായത്. ആയിരത്തോളം പോലീസുകാരെയാണ് ദക്ഷിണ റഷ്യന്‍ നഗരമായ ഇവിടെ വിന്യസിച്ചത്.
സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 34 ആയിട്ടുണ്ടെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 60 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഞായറാഴ്ച റെയില്‍വേ സ്റ്റേഷനും തിങ്കളാഴ്ച ട്രോളിബസിനും നേരെയായിരുന്നു ആക്രമണങ്ങള്‍.
റഷ്യയെ ഞെട്ടിച്ച ആക്രമണത്തോട് പ്രസിഡന്റ് വഌദ്മിര്‍ പുടിന്‍ പ്രതികരിച്ചിട്ടില്ല. റഷ്യയിലെ ഏറ്റവും വലിയ ആഘോഷമാണ് പുതുവത്സരദിനം. പ്രസിഡന്റ് പുടിനും പുതുവത്സര ആഘോഷത്തിന്റെ അവധിയിലാണ്. പുതുവര്‍ഷ ആഘോഷങ്ങള്‍ക്കിടെയാണ് ആക്രമണമെന്നതും ശ്രദ്ധേയമാണ്.
കടുത്ത ശൈത്യകാലമായ ഇവിടെ ഏതാനും മാസങ്ങള്‍ കഴിയുന്നതോടെ ശീതകാല ഒളിംമ്പിക്‌സും നടക്കുകയാണ്. കഴിഞ്ഞ ദിവസം ആക്രമണമുണ്ടായ പ്രദേശത്ത് പോലീസും സൈന്യവും നിരന്തരം റോന്തുചുറ്റുന്നുണ്ട്. സേന യുദ്ധസന്നദ്ധ യൂനിഫോമിലാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഷോപ്പിംഗ് മാളുകളിലും തിയേറ്ററുകളിലും പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ശീതകാലമായതിനാല്‍ മിക്കവരും കനംകൂടിയ ജാക്കറ്റുകളാണ് ഉപയോഗിക്കുന്നത്. ഇവ അഴിച്ചു പരിശോധിക്കുന്നുണ്ട്.
ബാഗുകളും ലഗേജുകളും പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. പുതിയ സുരക്ഷാ ക്രമീകരണങ്ങള്‍ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി പ്രദേശവാസികളും പറയുന്നു. റഷ്യയില്‍ ആക്രമണം നടത്തിയത് ഏത് ഗ്രൂപ്പാണെന്ന് വ്യക്തമല്ല. ആക്രമണത്തെ കുറിച്ച് റഷ്യന്‍ പോലീസും സൈന്യവും അന്വേഷിക്കുന്നുണ്ട്.

Latest