ആരോഗ്യമന്ത്രിലയത്തിന്റെ പുതുവത്സര സമ്മാനം 205 ഇനം മരുന്നുകള്‍ക്ക് ഇന്ന് മുതല്‍ വില കുറയും

Posted on: January 1, 2014 12:00 am | Last updated: January 2, 2014 at 7:07 am

genric medicine

അബൂദാബി:വിവിധ രോഗങ്ങള്‍ക്കുള്ള 205 ഇനം മരുന്നുകള്‍ക്ക് രാജ്യത്ത് ഇന്ന് മുതല്‍ വില കുറയുമെന്ന് ആരോഗ്യ മന്ത്രാലയം. ചില മരുന്നുകള്‍ക്ക് നേരത്തെ ഉണ്ടായിരുന്നതിന്റെ 83 ശതമാനം വില കുറയുമെന്നും മന്ത്രാലയം ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഷുഗര്‍ സംബന്ധമായ രോഗങ്ങള്‍ക്കുള്ള 14 ഇനം മരുന്നുകളും വില കുറയുന്നവയില്‍പ്പെടും.
കുറഞ്ഞ നിരക്കില്‍ രോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കുക എന്ന മന്ത്രാലയത്തിന്റെ ലക്ഷ്യം നടപ്പാക്കുന്നതിന്റെ ഭാഗമാണ് ഈ നടപടിയെന്ന് ആരോഗ്യ മന്ത്രി അബ്ദുര്‍റഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഉവൈസ് വ്യക്തമാക്കി.
രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിവിധ ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപന പ്രതിനിധികളും മന്ത്രാലയ വക്താക്കളും നിരവധി തവണ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് മരുന്നുകള്‍ക്ക് വില കുറക്കാനുള്ള തീരുമാനമുണ്ടായതെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.
അയല്‍ രാജ്യങ്ങളില്‍ ഇത്തരം മരുന്നുകള്‍ക്ക് ഇടാക്കുന്ന വിലയുമായി രാജ്യത്തെ നിലവിലുള്ള വില താരതമ്യം ചെയ്യുമ്പോള്‍ ഉണ്ടായിരുന്ന വ്യത്യാസവും വില കുറക്കാന്‍ കാരണമായതായി ആരോഗ്യ മന്ത്രി പറഞ്ഞു. പുതുതായി പ്രഖ്യാപിച്ച വിലക്കുറവ് രോഗികള്‍ക്കുള്ള പുതുവര്‍ഷ സമ്മാനമാണെന്ന് മന്ത്രാലയം അറിയിച്ചു.