കൗമാര കലാമേളക്ക് മുണ്ടേരി ഒരുങ്ങി

Posted on: December 31, 2013 1:57 pm | Last updated: December 31, 2013 at 1:57 pm

കല്‍പറ്റ: മുപ്പത്തിനാലാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജനുവരി രണ്ടുമുതല്‍ നാലുവരെ മുണ്ടേരിയിലെ കല്‍പറ്റ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് കലോത്സവം നടക്കുകയെന്ന് സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കലോത്സവത്തിലെ സ്‌റ്റേജിതര മത്സരങ്ങള്‍ ഇന്നാരംഭിക്കും. ജനുവരി രണ്ടിന് രാവിലെ ഒമ്പതിന് വിദ്യാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ നടക്കും. ഒമ്പതരയ്ക്ക് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍ ഐ തങ്കമണി പതാക ഉയര്‍ത്തുന്നതോടെ സ്‌റ്റേജ് ഇനങ്ങള്‍ ആരംഭിക്കും. രാവിലെ പത്തിന് കല്‍പറ്റ ലളിത് മഹല്‍ ഓഡിറ്റോറിയത്തില്‍ നിന്ന് സാംസ്‌കാരിക ഘോഷയാത്ര സംഘടിപ്പിക്കും. സാംസ്‌കാരിക നയാകര്‍, ജനപ്രതിനിധികള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ ഘോഷയാത്രയില്‍ അണിചേരും. ഘോഷയാത്ര മേളനഗരിയിലെത്തുമ്പോള്‍ 34ാം കലോത്സവത്തിന്റെ വിളംബരം കുറിച്ച് 34 അംഗ ഗായക സംഘത്തിന്റെ അവതരണ ഗാനത്തോടെ ഉദ്ഘാടന ചടങ്ങ് ആരംഭിക്കും. എം വി ശ്രേയംസ് കുമാര്‍ എംഎല്‍എ മേള ഉദ്ഘാടനം ചെയ്യും. നാലിന് വൈകുന്നേരം നാലിന് നടക്കുന്ന സമാപന സമ്മേളനം എം ഐ ഷാനവാസ് എംപി ഉദ്ഘാടനം ചെയ്യും.
മൂന്ന് സബ് ജില്ലകളില്‍ നിന്നായി മൂവായിരത്തോളം കലാപ്രതിഭകളാണ് 320 ഇനങ്ങളിലായി മത്സരിക്കുക. പത്ത് വേദികളാണ് മത്സരങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. രാത്രി എട്ടിന് മത്സരങ്ങള്‍ അവസാനിക്കുന്ന രീതിയിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. മത്സരങ്ങള്‍ അവസാനിച്ച് അധികം വൈകാതെ വിജയികളുടെ വിവരങ്ങള്‍ ലഭ്യമാകുന്ന രീതിയില്‍ ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. വിധി പ്രഖ്യാപനം വരുമ്പോള്‍ തന്നെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിക്കുന്ന ഡിസ്‌പ്ലേ ബോര്‍ഡില്‍ ഫലം ലഭ്യമാകും. മേളനഗരിയുടെ 500 മീറ്റര്‍ പരിധിയില്‍ വൈഫൈ സൗകര്യത്തോടെ ഫലമറിയാനുള്ള സംവിധാനവുമുണ്ട്.
മേളയിലെ വിജയികള്‍ക്കുള്ള വ്യക്തിഗത ട്രോഫികള്‍ ഒരുക്കിയിട്ടുണ്ട്. ആയിരം വ്യക്തിഗത ട്രോഫികള്‍ ഒരു വ്യക്തി സ്‌പോണ്‍സര്‍ ചെയ്തിട്ടുണ്ട്. ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യാന്‍ മേളനഗരിയില്‍ പ്രത്യേക കൗണ്ടര്‍ ഒരുക്കിയിട്ടുണ്ട്.
ദിവസവും പതിനായിരത്തോളം പേര്‍ക്ക് ഭക്ഷണം നല്‍കാനുള്ള ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്.
പ്രഭാതഭക്ഷണം, ഇടവേളകളില്‍ ലഘുഭക്ഷണം, ഉച്ചഭക്ഷണം, രാത്രി ഭക്ഷണം എന്നിവ നല്‍കും. രജിസ്‌ട്രേഷന്‍ സമയത്തുതന്നെ ഭക്ഷണ കൂപ്പണ്‍ നല്‍കാനും ബുഫേ സമ്പ്രദായത്തില്‍ വിവിധ കൗണ്ടറുകളിലായി ഭക്ഷണ വിതരണം നടത്താനും സംവിധാനമൊരുക്കും.
ആനപ്പാലം മുതല്‍ മുണ്ടേരി വരെ അലങ്കരിക്കും. സ്റ്റുഡന്റ് പോലീസ് കേഡറ്റ്, സ്‌കൗട്ട് ഉള്‍പ്പെടെ ഇരുനൂറോളം വോളണ്ടിയര്‍മാരുടെ സേവനമുണ്ടാകും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രഥമശുശ്രൂഷാ സംഘവും കുടിവെള്ള വിതരണവും ഉണ്ടാകും.
മന്ത്രി പി കെ ജയലക്ഷ്മി, എം പി, എം എല്‍ എമാര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ രക്ഷാധികാരികളും നഗരസഭാ ചെയര്‍മാന്‍ പി പി ആലി ചെയര്‍മാനുമായ 501 അംഗ സംഘാടകസമിതിയാണ് മേളയുടെ നടത്തിപ്പിന്റെ ചുമതല വഹിക്കുന്നത്. സ്വാഗതസംഘം ചെയര്‍മാന്‍ പി പിആലി, ഡിഡിഇ എന്‍ ഐ തങ്കമണി, ജനറല്‍ ജോയിന്റ് കണ്‍വീനര്‍ എം ആര്‍ രാമചന്ദ്രന്‍, പബ്ലിസിറ്റി കണ്‍വീനര്‍ വി. ദിനേശ് കുമാര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.