ഈജിപ്തില്‍ അല്‍ജസീറയുടെ നാല് പത്രപ്രവര്‍ത്തകര്‍ അറസ്റ്റില്‍

Posted on: December 31, 2013 6:00 am | Last updated: December 30, 2013 at 11:41 pm

PATHRAMകൈറോ: നിരോധിത സംഘടനയായ ബ്രദര്‍ഹുഡ് നേതാക്കളുമായി അനധികൃതമായി ചര്‍ച്ച നടത്തിയ അല്‍ജസീറയുടെ പത്രപ്രവര്‍ത്തകരെ ഈജിപ്ത് പോലീസ് അറസ്റ്റ് ചെയ്തു. അല്‍ ജസീറയുടെ കൈറോ ബ്യൂറോ ചീഫ് മുഹമ്മദ് ഫാദില്‍ ഫഹ്മി, ലേഖകനായ പീറ്റര്‍ ഗ്രെസ്റ്റെ, ബാഹെര്‍ മുഹമ്മദ്, കാമറാമാന്‍ മുഹമ്മദ് ഫൗസി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തതെന്ന് അല്‍ജസീറ വക്താക്കള്‍ അറിയിച്ചു.
എന്നാല്‍, നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച അല്‍ജസീറയുടെ രണ്ട് പത്രപ്രവര്‍ത്തകരെയും ഒരു ആസ്ട്രിയന്‍ പത്രപ്രവര്‍ത്തകനെയും ഒരു ബ്രദര്‍ഹുഡ് പ്രവര്‍ത്തകനെയുമാണ് അറസ്റ്റ് ചെയ്തതെന്ന് ആഭ്യന്തര മന്ത്രലായം അറിയിച്ചു. നിരോധിത സംഘടനയായും പിന്നീട് ഭീകര സംഘടനയായും പ്രഖ്യാപിച്ച ബ്രദര്‍ഹുഡിന്റെ നേതാക്കളുമായി ബന്ധപ്പെട്ടതിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും ഈജിപ്ത് സര്‍ക്കാര്‍ വക്താക്കള്‍ അറിയിച്ചു.
കൈറോയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍വെച്ച് ഇവര്‍ ബ്രദര്‍ഹുഡ് നേതാക്കളുമായി സംശയാസ്പദമായ സാഹചര്യത്തില്‍ കൂടിക്കാഴ്ച നടത്തിയതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഹോട്ടലില്‍ നിന്ന് പത്രപ്രവര്‍ത്തകരുടെ വീഡിയോ ടാപ്പുകളും മറ്റും പിടിച്ചെടുത്തിട്ടുണ്ട്. ദേശീയ സുരക്ഷാ സംവിധാനം തകര്‍ക്കാനുള്ള ശ്രമമാണ് ഇവര്‍ നടത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ആരോപിച്ചു.
രാജ്യത്ത് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരായ ബ്രദര്‍ഹുഡും പോലീസും തമ്മില്‍ കനത്ത ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെയാണ് പത്രപ്രവര്‍ത്തകരുടെ അറസ്റ്റ്. ബ്രദര്‍ഹുഡിന് അനുകൂല സമീപനങ്ങള്‍ സ്വീകരിക്കുന്നുവെന്നാരോപിച്ച് അല്‍ജസീറയുടെ ഓഫീസുകളിലും മറ്റും അന്വേഷണ ഉദ്യോഗസ്ഥര്‍ റെയ്ഡുകള്‍ നടത്തിയിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് അല്‍ജസീറയുടെ തന്നെ രണ്ട് പത്രപ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബ്രദര്‍ഹുഡ് ബന്ധത്തിന്റെ പേരില്‍ അബ്ദുല്ലാ അല്‍ ശാമി, കാമറാമാന്‍ മുഹമ്മദ് ബദ്ര്‍ എന്നിവരായിരുന്നു അറസ്റ്റിലായിരുന്നത്.
അറസ്റ്റിലായ പത്രപ്രവര്‍ത്തകരടങ്ങിയ സംഘത്തെ ചോദ്യം ചെയ്തുവരികയാണെന്നാണ് ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ടുകള്‍. പത്രപ്രവര്‍ത്തകരെ ഉടന്‍ വിട്ടയക്കണമെന്നാവശ്യപ്പെട്ട് അല്‍ജസീറ മേധാവികള്‍ ഈജിപ്ത് സര്‍ക്കാറുമായി ബന്ധപ്പെട്ടുവരികയാണ്.