കേരള നിയമസഭ രാജ്യത്തിന് മാതൃകയല്ല: ആന്റണി

Posted on: December 31, 2013 12:24 am | Last updated: December 30, 2013 at 11:25 pm

തിരുവനന്തപുരം: ഒരുകാലത്ത് രാജ്യത്തിനാകെ മാതൃകയായിരുന്ന കേരള നിയമസഭക്ക് ഇപ്പോള്‍ ആ പാരമ്പര്യം അവകാശപ്പെടാന്‍ അര്‍ഹതയില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി. സജീവമായ ചര്‍ച്ചകളില്ലാതെ സുപ്രധാന ബില്ലുകള്‍ കേരള നിയമസഭയില്‍ പാസാക്കുകയാണ്. പണ്ട് നിയമസഭയുടെ കാഴ്ചപ്പാട് കാലത്തിനേക്കാള്‍ മുന്നിലായിരുന്നു. സഭയുടെ പ്രവര്‍ത്തനം രാജ്യത്തിന് തന്നെ മാതൃകയുമായിരുന്നു. ചര്‍ച്ചകളില്ലാതെ ബില്ലുകള്‍ പാസാക്കുന്നത് തലമുറകളോട് ചെയ്യുന്ന അനീതിയാണെന്നും എ കെ ആന്റണി പറഞ്ഞു. കേരളനിയമസഭയുടെ ശതോത്തര രജതജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വേണ്ടത്ര അവധാനതയില്ലാതെ പാസാക്കുന്ന ബില്ലുകളില്‍ കടന്നുകൂടുന്ന അപാകങ്ങള്‍ ഭാവിയില്‍ പൊതുജനങ്ങള്‍ അനുഭവിക്കേണ്ടിവരും. ഇതിന്റെ ഉത്തരവാദിത്വം ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ ഏറ്റെടുക്കണം. കേരള നിയമസഭ പഴയ പെരുമയിലേക്ക് മടങ്ങണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. പുരോഗമനപരമായ നിയമ നിര്‍മാണങ്ങളാണ് കേരള നിയമ നിര്‍മാണസഭയുടെ പ്രത്യേകത. ഇന്ത്യക്ക് മാതൃകയായ ചര്‍ച്ചകളാണ് ഒരുകാലത്ത് കേരള നിയമസഭയില്‍ നടന്നുവന്നത്.
സാമൂഹിക മാറ്റത്തിനു കാരണമായ ഒട്ടനവധി ബില്ലുകള്‍ നീണ്ട ചര്‍ച്ചകളിലൂടെയാണ് കേരള നിയമസഭ പാസാക്കിയത്. ഒരു ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ചിലപ്പോള്‍ ദിവസങ്ങളും ആഴ്ചകളും വരെ നീളാറുണ്ട്. ഓരോ ബില്ലുകളും സഭയുടെ വിവിധ തലങ്ങളില്‍ ചര്‍ച്ച ചെയ്ത ശേഷമാണ് അന്നൊക്കെ നിയമമാക്കിയത്. അങ്ങനെയുള്ള സഭ ഈ വര്‍ഷം 37 ദിവസം മാത്രമാണ് സമ്മേളിച്ചത്. ഇതെന്തുകൊണ്ടാണെന്ന് ഭരണമുന്നണിയും പ്രതിപക്ഷനേതാക്കളും സ്പീക്കറും കൂട്ടായി ആലോചിച്ച് കണ്ടെത്തണമെന്നും ആന്റണി ആവശ്യപ്പെട്ടു.
ഇന്ത്യയും കേരളവും മാറുന്നത് അനുസരിച്ച് കേരള മോഡല്‍ പരിഷ്‌കരിക്കപ്പെടണം. ചെറുപ്പക്കാര്‍, സാധാരണക്കാര്‍ എന്നിവരുടെ സ്വപ്‌നങ്ങളും ലക്ഷ്യങ്ങളും മാറിയ സാഹചര്യമാണിപ്പോള്‍. ആ ലക്ഷ്യം നേടിയെടുക്കാന്‍ യുവാക്കള്‍ക്ക് തൊഴിലുണ്ടാകുകയും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിക്കുകയും വേണം. വികസനം സ്വകാര്യമേഖലയില്‍ മാത്രം പോര. പൊതുമേഖലയും കാലത്തിന് അനുസരിച്ച് വികസിക്കണം. വികസനത്തിന്റെ ഗുണഫലങ്ങള്‍ എല്ലാവരിലുമെത്തുന്നതരത്തില്‍ വികസന സമത്വമുണ്ടാകണം. ഈ പശ്ചാത്തലത്തില്‍ ചിന്തിക്കുമ്പോള്‍ രണ്ടാം കേരളാ മോഡലിന് സമയമായെന്ന് വ്യക്തമാകുമെന്നും ആന്റണി പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അധ്യക്ഷത വഹിച്ചു. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ മുഖ്യപ്രഭാഷണം നടത്തി. സ്പീക്കര്‍ ജി കാര്‍ത്തികേയന്‍, മന്ത്രിമാരായ കുഞ്ഞാലിക്കുട്ടി, കെ എം മാണി, ഷിബു ബേബി ജോണ്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്‍, എം എല്‍ എമാരായ ഇ ചന്ദ്രശേഖരന്‍, മാത്യു ടി തോമസ്, എ എ അസീസ്, എ കെ ശശീന്ദ്രന്‍, നിയമസഭാ സെക്രട്ടറി പി ഡി ശാരംഗധരന്‍ സംസാരിച്ചു. 25 വര്‍ഷം പൂര്‍ത്തിയാക്കിയ നിയമസഭാ സാമാജികരെയും ദീര്‍ഘകാലം നിയമസഭാനടപടികള്‍ റിപോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരെയും ചടങ്ങില്‍ ആദരിച്ചു.