Connect with us

Malappuram

പുറത്താക്കപ്പെട്ട വ്യക്തിക്ക് മെമ്പര്‍ഷിപ്പ്: തിരൂരങ്ങാടിയില്‍ ലീഗില്‍ ഭിന്നത

Published

|

Last Updated

തിരൂരങ്ങാടി: പുറത്താക്കപ്പെട്ട വ്യക്തിക്ക് പ്രാദേശിക ഘടകങ്ങള്‍ അറിയാതെ ജില്ലാകമ്മിറ്റി മെമ്പര്‍ഷിപ്പ് നല്‍കിയതിനെതിരെ തിരൂരങ്ങാടിയില്‍ മുസ്‌ലിം ലീഗില്‍ ഭിന്നത. ഇതേതുടര്‍ന്ന് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കുന്ന പരിപാടിയില്‍നിന്ന് ഒരുവിഭാഗം പ്രവര്‍ത്തകര്‍വിട്ടുനിന്നു.
പഞ്ചായത്ത് യൂത്ത് ലീഗ് മുന്‍പ്രസിഡന്റ് മുന്‍മന്ത്രി കുട്ടി അഹ്മദ്കുട്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫുമായിരുന്ന വ്യക്തിക്കാണ് പാര്‍ട്ടി ജില്ലാ കമ്മിറ്റി മെമ്പര്‍ഷിപ്പ് നല്‍കിയത്.പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ വര്‍ഷങ്ങള്‍ക്കുമുമ്പാണ് ഇദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചത്. എന്നാല്‍ തിരൂരങ്ങാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് പദവി മാറ്റത്തിന് ഒരു വിഭാഗം ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്ന് നിബന്ധന വെക്കുകയായിരുന്നു. ഈനിബന്ധന ജില്ലാനേതൃത്വം അംഗീകരിക്കാന്‍ തയ്യാറായതിനെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചത്. എന്നാല്‍ ഇയാളെ തിരിച്ചെടുക്കുന്നതില്‍ വാര്‍ഡ്, പഞ്ചായത്ത്, മണ്ഡലം കമ്മിറ്റികള്‍ക്ക് എതിര്‍പ്പായിരുന്നു.
എതിര്‍പ്പ് വിലവെക്കാതെ മലപ്പുറം ഓഫീസില്‍ വെച്ച് മെമ്പര്‍ഷിപ്പ് നല്‍കിയെന്നാണ് മറുവിഭാഗം പറയുന്നത്. പ്രാദേശിക നേതാക്കളില്‍ ചിലര്‍ക്കൊപ്പംപോയാണ് ഇയാള്‍ മെമ്പര്‍ഷിപ്പ് സ്വീകരിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് ഇന്നലെ തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പങ്കെടുത്ത ദുബൈ കെ എം സി സി വാട്ടര്‍ഫില്‍റ്റര്‍ വിതരണചടങ്ങില്‍ നിന്ന് ഒരുവിഭാഗം വിട്ടുനിന്നത്. ഈവിഭാഗം തങ്ങളുടെ എതിര്‍പ്പ് കുഞ്ഞാലിക്കുട്ടിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം മമ്പുറം ആസാദ് നഗറിലെ മുസ്‌ലിം ലീഗ് ഓഫീസ് ഉദ്ഘാടനത്തിന് കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കള്‍ എത്താതിരുന്നതും കടുത്ത ഭിന്നതയെ തുടര്‍ന്നാണ്. പഞ്ചായത്ത് കമ്മിറ്റിപോലും അറിയാതെ ആസാദ് നഗറില്‍ ഒരുവിഭാഗം പാര്‍ട്ടി ഓഫീസ് ഒരുക്കുകയും മന്ത്രി കുഞ്ഞാലിക്കുട്ടി, സ്വാദിഖലി ശിഹാബ് തങ്ങള്‍ അടക്കമുള്ളവരെ പരിപാടിയിലേക്ക് ക്ഷണിക്കുകയും അവര്‍ പങ്കെടുക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ സ്വാദിഖലി ശിഹാബ് തങ്ങള്‍ ഓഫീസ് ഉദ്ഘാടനത്തിന് സ്ഥലത്തെത്തിയെങ്കിലും ഉദ്ഘാടനം ചെയ്യാതെ തിരിച്ച് പോകുകയായിരുന്നു. മന്ത്രി കുഞ്ഞാലിക്കുട്ടി വന്നതുമില്ല. ഈപ്രശ്‌നവും പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്.