Connect with us

Kerala

ദേശാഭിമാനിയുടെ ഭൂമി വില്‍പ്പന വിവാദമാകുന്നു

Published

|

Last Updated

തിരുവനന്തപുരം: സി പി എം മുഖപത്രമായ ദേശാഭിമാനിയുടെ പഴയ ആസ്ഥാന മന്ദിരവും ഭൂമിയും വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന് വിറ്റത് വിവാദമാകുന്നു. തിരുവനന്തപുരത്തിന്റെ നഗര ഹൃദയത്തിലെ മാഞ്ഞാലിക്കുളം റോഡില്‍ ദേശാഭിമാനിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന 32.5 സെന്റ് സ്ഥലവും ബഹുനില കെട്ടിടവും കഴിഞ്ഞ വര്‍ഷം ജൂലൈ 17നാണ് വി എം രാധാകൃഷ്ണന് വിറ്റത്.

കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്യാപിറ്റല്‍ സിറ്റി ഹോട്ടല്‍സ് ആന്‍ഡ് ഡെവലപ്പേഴ്‌സ് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ ഡാനിഷ് ചാക്കോ എന്നയാളാണ് വി എം രാധാകൃഷ്ണനു വേണ്ടി ബിനാമി പേരില്‍ ഭൂമി വാങ്ങിയതെന്നാണ് രേഖകള്‍.

വിപണിയില്‍ സെന്റിന് അമ്പത് ലക്ഷത്തോളം വിലവരുന്ന ഭൂമി 3.30 കോടി രൂപക്കാണ് ദേശാഭിമാനി വിറ്റത്. ദേശാഭിമാനി ജനറല്‍ മാനേജര്‍ ഇ പി ജയരാജനും ഡാനിഷ് ചാക്കോയും കോട്ടയ്ക്കകം സബ് രജിസ്ട്രാര്‍ ഓഫീസിലാണ് പ്രമാണം രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, ഭൂമി കച്ചവടത്തിന് തൊട്ടുമുമ്പു വരെ വി എം രാധാകൃഷ്ണനായിരുന്നു കമ്പനിയുടെ എം ഡി അദ്ദേഹത്തിന്റെ മകന്‍ നിതിന്‍ രാധാകൃഷ്ണന്‍ കമ്പനി ഡയറക്ടറും. ജൂലൈ ആറിനാണ് രാധാകൃഷ്ണന്‍ ഡയറക്ടര്‍ സ്ഥാനം രാജിവെക്കുന്നത്.

ജൂലൈ 17ന് കമ്പനി നല്‍കിയ രേഖയില്‍ കമ്പനി എം ഡി ഡാനിഷ് കെ ചാക്കോയാണ്. അന്നേ ദിവസം തന്നെയാണ് ദേശാഭിമാനി ഭൂമിയിടപാടും നടക്കുന്നത്. ഭൂമി രജിസ്റ്റര്‍ ചെയ്ത് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ കമ്പനിയുടെ എം ഡി സ്ഥാനത്തേക്ക് ചാക്ക് രാധാകൃഷ്ണന്‍ തിരിച്ചെത്തിയതായും രജിസ്ട്രാര്‍ക്ക് നല്‍കിയ ഫോറം 32ല്‍ കമ്പനി വ്യക്തമാക്കുന്നു.

Latest