Connect with us

Wayanad

ക്ഷേമബോര്‍ഡ് പ്രവാസികളുടെ അംഗത്വം റദ്ദ് ചെയ്യുന്നുവെന്ന്‌

Published

|

Last Updated

കല്‍പറ്റ: 2009ല്‍ രൂപീകരിച്ച കേരളാ പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡില്‍ നാല് വര്‍ഷം മുമ്പ് മുതല്‍ അംശാദായം അടച്ച് വരുന്ന അംഗങ്ങളുടെ അംഗത്വം റദ്ദ് ചെയ്യുന്നതായി പരാതി. പലരും ക്ഷേമനിധിയില്‍ അംഗമാവുമ്പോള്‍ 55 വയസ്സ് കഴിഞ്ഞുവെന്ന കാരണം പറഞ്ഞാണ് നാല് വര്‍ഷം കഴിഞ്ഞ ഇപ്പോള്‍ റദ്ദ് ചെയ്യാന്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. നൂറുക്കണക്കിന് പ്രവാസികളുടെ അംഗത്വം റദ്ദ് ചെയ്യുന്നതിന് പുറമെ ഇവര്‍ അടച്ച പണം തിരിച്ച് ലഭിക്കാനുള്ള സാധ്യതയും കുറവാണ്. 55 വയസ്സ് കഴിഞ്ഞതിനാല്‍ അംഗത്വം റദ്ദ് ചെയ്യുമെന്നും എന്തെങ്കിലും കാരണം ബോധിപ്പിക്കാനുണ്ടെങ്കില്‍ തിരുവനന്തപുരത്തുള്ള വെല്‍ഫെയര്‍ ബോര്‍ഡുമായി ബന്ധപ്പെടണമെന്ന് കാണിച്ചാണ് പ്രവാസികള്‍ക്ക് നോട്ടീസ് ലഭിച്ചു വരുന്നത്. 2009 മുതല്‍ എല്ലാ രേഖകളും സമര്‍പ്പിച്ചതിന് ശേഷമാണ് പ്രവാസികള്‍ക്ക് കേരളാ പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡില്‍ അംഗത്വം ലഭിച്ചത്. മുടങ്ങാതെ അംശാദായം അംഗങ്ങള്‍ അടക്കുകയും ചെയ്ത് വരുന്നുണ്ടായിരുന്നു. പ്രവാസി കേരളീയര്‍ പ്രതിമാസം 300രൂപ നിരക്കിലും മുന്‍ പ്രവാസി കേരളീയര്‍ പ്രതിമാസം 100 രൂപ നിരക്കിലുമാണ് അംശാദായം അടച്ചു വന്നിരുന്നത്. നാല് വര്‍ഷത്തിലേറെ അംശാദായം അടച്ചു വരുന്നവരുടെ അംഗത്വം വയസ്സിന്റെ പേര് പറഞ്ഞ് ഇപ്പോള്‍ റദ്ദ് ചെയ്യുന്നതിനെതിരെ നിരവധി പ്രവാസി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.
ഏഴായിരം രൂപയില്‍ അധികം അംശാദായം അടച്ച പ്രവാസികളുടെ വരെ അംഗത്വം റദ്ദ് ചെയ്യുമെന്ന് കാണിച്ച് നോട്ടീസ് ലഭിച്ചിട്ടുണ്ട്. 18 വയസ്സിനും 55 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് ക്ഷേമബോര്‍ഡില്‍ അംഗത്വം റദ്ദ് ചെയ്യുന്നതിനാല്‍ പെന്‍ഷന്‍ ലഭിക്കില്ല. ക്ഷേമബോര്‍ഡ് അംഗത്വം റദ്ദ് ചെയ്യുമെന്ന് കാണിച്ച് നോട്ടീസ് ലഭിച്ചതിനെതിരെ പ്രവാസിയായ അഞ്ച്കുന്നിലെ പടയന്‍ അബ്ദുര്‍റഹ്മാന്‍ പരാതി നല്‍കിയിട്ടുണ്ട്.

Latest