Connect with us

Kozhikode

മാനാഞ്ചിറയില്‍ ശുചീകരണ പ്ലാന്റ് സ്ഥാപിക്കാന്‍ അനുമതി

Published

|

Last Updated

കോഴിക്കോട്: മാനാഞ്ചിറയില്‍ ശുചീകരണ പ്ലാന്റ് സ്ഥാപിക്കാനുള്ള കരട് നിര്‍ദേശത്തിന് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി.
കുടിവെള്ള വിതരണ മേഖലയില്‍ സബ്‌മെയിന്‍ ഉള്ള സ്ഥലങ്ങളില്‍ പൊതുവാട്ടര്‍ ടാങ്കുകള്‍ സ്ഥാപിക്കുന്നതിനും വിതരണത്തിന് വാഹനം വാങ്ങുന്നതിനും കരടില്‍ നിര്‍ദേശമുണ്ട്. ഇവയുള്‍പ്പെടെ കോര്‍പറേഷന്റെ 2014-15, 2015-16 കരട് പദ്ധതി നിര്‍ദേശങ്ങള്‍ക്കാണ് ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ അംഗീകാരം ലഭിച്ചത്.
നീലച്ചിറ കുടിവെള്ള പദ്ധതി അഭിവൃദ്ധിപ്പെടുത്തല്‍, കുഴല്‍ക്കിണറുകള്‍ നവീകരിക്കല്‍ എന്നിവയും അംഗീകരിച്ച നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നു. പൊതുടാപ്പുകള്‍ സ്ഥാപിക്കുമ്പോള്‍ തീരദേശ മേഖലക്ക് മുന്‍ഗണന നല്‍കണമെന്ന് സി പി മുസാഫിര്‍ അഹമ്മദ് യോഗത്തില്‍ ആവശ്യപ്പെട്ടു. ദ്രവിച്ച പൈപ്പുകള്‍ മാറ്റണമെന്ന ആവശ്യവുമുയര്‍ന്നു. സബ് മെയിന്‍ ഏറ്റവും ആവശ്യമുള്ള വാര്‍ഡിന്റെ ലിസ്റ്റുകള്‍ കൗണ്‍സിലര്‍മാര്‍ നല്‍കാനും തീരുമാനമായി. സെന്‍ട്രല്‍ മാര്‍ക്കറ്റ് നവീകരണത്തിനും അംഗീകരമായി. ഇതിനൊപ്പം ഇടിയങ്ങര മത്സ്യമാര്‍ക്കറ്റ്, കോവൂരിലെ മാര്‍ക്കറ്റ്, നടുവട്ടം, ചക്കും കടവ് മാര്‍ക്കറ്റുകള്‍ നവീകരിക്കണമെന്നും ആവശ്യമുയര്‍ന്നു.
ഗാര്‍ഹിക ഉറവിട മാലിന്യ സംസ്‌ക്കരണ ബയോഗ്യാസ് പ്ലാന്റ്, കോതി അറവ്ശാല ചുറ്റുമതില്‍ നിര്‍മാണം. മാനാഞ്ചിറ മൈതാനം സംരക്ഷിക്കല്‍, അന്‍സാരി പാര്‍ക്ക് നവീകരണം, സാംസ്‌ക്കാരിക സ്ഥാപനങ്ങളുടെ നവീകരണം. ദാരിദ്യ ലഘൂകരണത്തില്‍ ഖരമാലിന്യ ശുചീകരണ അംഗങ്ങള്‍ക്ക് സുരക്ഷാ വസ്ത്രം വിതരണം എന്നിവയുടെ നിര്‍ദേശങ്ങളും അംഗീകരിച്ചു. മൃഗ സംരക്ഷണത്തില്‍ കുളമ്പ് രോഗത്തിനുള്ള മരുന്നുകള്‍ ഉള്‍പ്പെടുത്തണമെന്ന് കൗണ്‍സിലര്‍ ടി ഹസന്‍ ആവശ്യപ്പെട്ടു.
ക്ഷീര കര്‍ഷകര്‍ക്ക് കാലിത്തീറ്റ സബ്‌സിഡി, കോഴി, ആട്, പശു വളര്‍ത്തല്‍ പദ്ധതി എന്നിവയും നിര്‍ദേശങ്ങളില്‍ വിദ്യാഭ്യാസം, കായികം, യുവജന ക്ഷേമ വിഭാഗത്തില്‍ കളിസ്ഥല നിര്‍മാണത്തിനും കേരളോത്സവത്തിനും കൂടുതല്‍ തുക ഉള്‍പ്പെടുത്തണമെന്നും ആവശ്യമുയര്‍ന്നു. സ്ത്രീകളുടെയും കുട്ടികളുടെയും വികസനത്തില്‍ വനിതാ -ടാക്‌സി ഓട്ടോക്കായി നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി. അങ്കണ്‍വാടികളുടെ വാടക തുക വര്‍ധിപ്പിക്കാനും പുതിയ കെട്ടിടം, ചുറ്റുമതില്‍, കുടിവെള്ളം, വൈദ്യുതീകരണം, എന്നിവയും ഉള്‍പ്പെടുന്നു. സ്ട്രീറ്റ് ലൈറ്റിന് വേണ്ട ഫണ്ട് കണ്ടെത്തണമെന്നും ആവശ്യമുയര്‍ന്നു.
യോഗത്തില്‍ മേയര്‍ പ്രൊഫ. എ കെ പ്രേമജം അധ്യക്ഷത വഹിച്ചു. യോഗം അംഗീകരിച്ച കരട് നിര്‍ദേശങ്ങള്‍ ജനുവരി പത്തിനകം ചേരുന്ന വാര്‍ഡ് കണ്‍വെന്‍ഷനുകളില്‍ ചര്‍ച്ച ചെയ്യും. തുടര്‍ന്ന് ജനുവരി 22ന് ചേരുന്ന വികസന സെമിനാറില്‍ അവതരിപ്പിക്കും.

Latest