ഹൈറേഞ്ച് സംരക്ഷണ സമിതിക്കെതിരെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍

Posted on: December 29, 2013 12:40 am | Last updated: December 29, 2013 at 12:46 am

തൊടുപുഴ: പെരിഞ്ചാംകുട്ടി പദ്ധതി പ്രദേശത്തെ പട്ടയ വിതരണം ഹൈറേഞ്ച് സംരക്ഷണ സമിതി തടാസ്സപ്പെടുത്തിയത് രാഷ്ട്രീയ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ ആരോപിച്ചു. ഒരു ദശാബ്ദത്തിലേറെയായി മേഖലയിലെ ജനങ്ങള്‍ നടത്തിയ സമരങ്ങള്‍ക്ക് ഫലം കണ്ട സാഹചര്യത്തില്‍ ഹൈറേഞ്ച് സംരക്ഷണ സമിതി നടത്തിയ നീക്കം അപലപനീയമാണ്. വാത്തിക്കുടി, കൊന്നത്തടി, നെടുങ്കണ്ടം, ഇരട്ടയാര്‍ പഞ്ചായത്തുകളില്‍പ്പെട്ട ഏഴായിരത്തോളം കര്‍ഷകരുടെ പ്രതീക്ഷയാണ് സമിതി അട്ടിമറിച്ചത്. 1999ല്‍ വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്ന എസ് ശര്‍മ പെരിഞ്ചാംകുട്ടി വൈദ്യുതി പദ്ധതി ഉപേക്ഷിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. 2000 മുതല്‍ പദ്ധതി പ്രദേശത്തെ ജനങ്ങള്‍ പട്ടയത്തിനായി കാത്തിരിക്കുന്നു.
ബഹുജന പ്രക്ഷോഭത്തെ തുടര്‍ന്ന് കഴിഞ്ഞ യു ഡിഎഫ് സര്‍ക്കാറിന്റെ കാലത്താണ് പട്ടയം നല്‍കുന്നതിനുള്ള പ്രാഥമീക നടപടി ആരംഭിച്ചത്. ഇതിനായി ബഥേലില്‍ സര്‍വ്വേ സൂപ്ര ണ്ട് ഓഫീസ് ആരംഭിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് വന്ന എല്‍ ഡി എഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ യാതോരുവിധ നടപടിയും സ്വീകരിച്ചില്ല. തുടര്‍ന്ന് പ്രദേശവാസികള്‍ നടത്തിയ നിരവധി സമരങ്ങളുടെ ഫലമായി ഇപ്പോഴത്തെ സര്‍ക്കാര്‍ പട്ടയം നല്‍കാന്‍ തയ്യാറാകുകയായിരുന്നു. 2005ലേയും 2009ലേയും നിയമങ്ങളില്‍ ഭേദഗതി വരുത്തി നാലേക്കര്‍ വരെ ഭൂമിക്കാണ് പട്ടയം നല്‍കാന്‍ തീരുമാനിച്ചത്. ഈ പട്ടയം തികച്ചും ഉപാധിരഹിതവും കൈമാറ്റം ചെയ്യാന്‍ സാധിക്കുന്നതുമാണ്.
എന്നാല്‍ രാഷ്ട്രീയ താത്പര്യത്തിന്റെ മറവില്‍ സര്‍ക്കാര്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തിയിട്ടില്ല എന്ന് തെറ്റിദ്ധരിപ്പിക്കുയാണ് സമിതി ചെയ്തത്. പെരിഞ്ചാംകുട്ടിയില്‍ ലഭിക്കുന്ന പട്ടയത്തെ ജില്ലയിലെ മുഴുവന്‍ ഭൂപ്രശ്‌നങ്ങളുമായി ബന്ധിപ്പിച്ച് അവതരിപ്പിക്കുകയായിരുന്നു സമിതി. കിട്ടാക്കനി എന്നു കരുതിയ പട്ടയം കൈയെത്തും ദൂരത്തെത്തിയപ്പോള്‍ ഹൈറേഞ്ച് സംരക്ഷണ സമിതി നടത്തിയ ഇടപെടല്‍ പെരിഞ്ചാംകുട്ടി നിവാസികളുടെ സ്വപ്‌നങ്ങള്‍ക്കാണ് വിലങ്ങുതടിയായതെന്ന് വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സാബു, നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ജോസഫ്, വാത്തിക്കുടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു കുമ്പിളുവേലി എന്നിവര്‍ ആരോപിച്ചു.