Connect with us

Articles

കേരള തീരത്തെ അപ്രത്യക്ഷമാക്കുന്ന കരിമണല്‍ ഖനനം

Published

|

Last Updated

കരിമണല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക മണ്ഡലത്തിന് വന്‍ മുതല്‍ക്കൂട്ടാണ്. രാജ്യ പുരോഗതിക്കു വേണ്ടി പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്യുന്നത് തെറ്റായി ഒരു രാഷ്ട്രവും കാണുന്നില്ല. കേരളത്തെ സംബന്ധിച്ചിടത്തോളം നീണ്ടകര മുതല്‍ കായംകുളംപൊഴി വഴി തൃക്കുന്നപ്പുഴ, ആറാട്ടുപുഴ വരെയുള്ള ആലപ്പുഴ ജില്ലയിലെ (തോട്ടപ്പള്ളി വരെ) തീരപ്രദേശം ഉള്‍പ്പെടെയുള്ള കരിമണല്‍ തീരം വന്‍ വരുമാന സ്രോതസ്സാണ്. ധാതു സമ്പന്നത പണമായി മാറ്റുകയെന്നത് ഏതൊരു സര്‍ക്കാറും ചെയ്യുന്ന നടപടിയാണ്. ഷാംബര്‍ഗ് എന്ന ജര്‍മന്‍കാരനാണ് ആദ്യമായി കേരളത്തിലെ കരിമണലില്‍ ഇല്‍മനേറ്റിന്റെയും മോണോസൈറ്റിന്റെയും സാന്നിധ്യം കണ്ടെത്തിയത്. ബ്രിട്ടീഷ് സര്‍ക്കാറിന്റെ കാലത്തു തന്നെ ജര്‍മന്‍കാര്‍ കരിമണല്‍ കടത്ത് തുടങ്ങിയതാണ്. സ്വാതന്ത്ര്യാനന്തരം കേരള സര്‍ക്കാറിന്റെ ഉടമസ്ഥതയില്‍ കേരള മിനറല്‍ ആന്‍ഡ് മെറ്റല്‍ ലിമിറ്റഡും (കെ എം എം എല്‍), കേരള, കേന്ദ്ര സര്‍ക്കാറുകളുടെ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ റെയര്‍ എര്‍ത്ത് ലിമിറ്റഡും കരിമണല്‍ ഖനനം ആരംഭിച്ചു. കഴിഞ്ഞ 80 ലേറെ വര്‍ഷമായി കേരളതീരത്തെ കരിമണല്‍ ഖനനം കേരളത്തിന്റെ ഭൂവിസ്തൃതിക്ക് വരുത്തിയ നഷ്ടം ഇന്നുവരെ അവലോകനം ചെയ്യപ്പെട്ടിട്ടില്ല എന്നതാണ് വാസ്തവം. ഏതൊരു രാജ്യത്തും പ്രകൃതിവിഭവങ്ങള്‍ ഉപയോഗിച്ച് രാജ്യസമ്പത്ത് വര്‍ധിപ്പിക്കാനുള്ള നടപടിക്രമങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍, കേരളത്തില്‍ നടന്ന കരിമണല്‍ ഖനനത്തിന് മാത്രം അതുണ്ടായില്ല. തത്ഫലമായി കേരളത്തിന്റെ ഭൂവിസ്തീര്‍ണത്തില്‍ നൂറിലധികം ചതുരശ്ര കിലോമീറ്റര്‍ കടലെടുത്തു പോയ അനുഭവമാണ് നമുക്കുള്ളത്. ചവറ മുതല്‍ തോട്ടപ്പള്ളി വരെയുള്ള ഉദ്ദേശം 50 കി . മീറ്റര്‍ കടല്‍തീരം ഖനനം മൂലം കടലാക്രമണത്തിന്റെ പിടിയിലാണ്. കേരളതീരത്തെ സുനാമിയാക്രമണത്തില്‍ ഇരുനൂറോളം ആളുകള്‍ കൊല്ലപ്പെട്ട തീരങ്ങളാണിവ.
കരിമണല്‍ ഖനനത്തിനു മുമ്പ് കടല്‍ത്തീരം സുരക്ഷിതമായും ശാസ്ത്രീയമായും പുളിമുട്ടുകളോടെ കരിങ്കല്‍ ഭിത്തി കെട്ടി വേണമായിരുന്നു ഖനനം തുടങ്ങാന്‍. എന്നാല്‍, സ്വാതന്ത്ര്യത്തിനു മുമ്പും അതിനു ശേഷവും നടന്ന കരിമണല്‍ ഖനനം തീരസുരക്ഷ ഉറപ്പാക്കാതെയാണ് ഈ കാലമത്രയും നടന്നത്. കണ്ടല്‍ക്കാടുകള്‍, കാറ്റാടി മരങ്ങള്‍, കൈതക്കൂട്ടങ്ങള്‍, കള്ളിമുള്‍ച്ചെടികള്‍, വള്ളിപ്പടര്‍പ്പുകള്‍ എന്നിവ കൊണ്ടും കടല്‍ത്തീരത്ത് ജൈവകവചം തീര്‍ക്കാമായിരുന്നു. മണല്‍ച്ചാക്കുകള്‍ അടക്കിവെച്ചും കോണ്‍ക്രീറ്റ് ഉപയോഗിച്ച് മണല്‍ക്കെണികള്‍ നിര്‍മിച്ചും കരിങ്കല്‍ നിറച്ച് വലിയ കൂടുകള്‍ ബ്ലോക്കുകളായി കടല്‍ത്തീരത്ത് അടുക്കിവെച്ചും കടല്‍ത്തീരം സംരക്ഷിക്കാമായിരുന്നു. എന്നാല്‍, കെ എം എം എല്ലും ഐ ആര്‍ ഇയും കരിമണല്‍ ഖനനം നടത്തിയത് യാതൊരു തരം തീര സംരക്ഷണവും നടത്താതെയാണ്. കരിമണല്‍ വേര്‍തിരിച്ച് കിട്ടുന്ന വെള്ളമണല്‍ പോലും തീര സംരക്ഷണത്തിന് ഉപയോഗിച്ചില്ല. അതിന്റെ പ്രത്യാഘാതമായി പാടശേഖരങ്ങള്‍ക്ക് നാശം സംഭവിച്ചിരിക്കുന്നു. പൊന്‍മന, വെള്ളനാംതുരുത്ത് തുടങ്ങിയ ഗ്രാമങ്ങള്‍ ഇന്നില്ല. വര്‍ഷത്തില്‍ മൂന്ന് പൂല്‍ കൃഷി ചെയ്തിരുന്ന പനക്കടപ്പാടം, മുക്കുമ്പുഴപ്പാടം, പൊന്‍മനപ്പാടം എന്നീ പേരുകേട്ട പാടശേഖരങ്ങള്‍ സംസ്ഥാനത്ത് മുടങ്ങാതെ കൃഷി നടന്നിരുന്നവയാണ്. ഇന്നിവ ഓര്‍മ മാത്രമാണ്. ഖനനം നശിപ്പിച്ച രണ്ട് സ്‌കൂളുകളിലും 1500 ലധികം കുട്ടികള്‍ വീതം പഠിച്ചിരുന്നതാണ്. ഈ പ്രദേശത്തെ ഇന്നത്തെ മത്സ്യത്തൊഴിലാളികള്‍ മിക്കവാറും പഠിച്ചത് ഈ സ്‌കൂളുകളിലായിരുന്നു. ഈ പ്രദേശത്തെ ഖനനം കാരണം കടലെടുത്തതു മൂലം റവന്യൂ വകുപ്പ് ഈ പ്രദേശത്തെ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കാര്‍ഷിക മേഖലക്കും കരമടക്കേണ്ട എന്ന് രേഖപ്പെടുത്തി 1990ല്‍ ഉത്തരവിറക്കിയിരുന്നു എന്ന് നാട്ടുകാര്‍ ഓര്‍ക്കുന്നു. കൊല്ലം ജില്ലയിലെ ആലപ്പാട്ട് അടക്കം 23 കിലോമീറ്റര്‍ പ്രദേശവും അലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പ്രദേശത്തെ 17 കിലോമീറ്റര്‍ കടല്‍ത്തീര പ്രദേശവുമാണ് അതിദാരുണമായി കരിമണല്‍ ഖനനത്തിന്റെ വ്യാപ്തി മൂലം നശിച്ചില്ലാതായിരിക്കുന്നത്. ഖനനം മൂലം പ്രദേശവാസികള്‍ അനുഭവിക്കുന്ന മലിനീകരണ പ്രശ്‌നങ്ങള്‍ക്ക് പുറമെയാണിത്.
ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പ്രദേശങ്ങള്‍ ഇന്നും ജനനിബിഡമായ പ്രദേശങ്ങളാണ്. അവിടെ ഒരു വശം (പടിഞ്ഞാറ്) കടലും കിഴക്ക് കായംകുളം കായലുമാണ്. കടലിനും കായലിനുമിടയിലെ കരയുടെ വീതി 40 മീറ്റര്‍ മുതല്‍ 300 മീറ്റര്‍ വരെയാണ്. കായംകുളം കായല്‍ സമുദ്രനിരപ്പിന് താഴെയുള്ള കുട്ടനാടുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ കരിമണല്‍ ഖനനം സംസ്ഥാനത്തിന്റെ നെല്ലറയെ തകര്‍ത്തില്ലാതാക്കും. തൃക്കുന്നപ്പുഴ- ആറാട്ടുപുഴ കടലോരങ്ങളും ശരിയായ ഭിത്തിയുടെ അഭാവത്തില്‍ നാട്ടുകാരെ ഭയവിഹ്വലരാക്കുന്നു. പ്രത്യേകിച്ച് സുനാമിയുടെ പശ്ചാത്തലത്തില്‍. കഴിഞ്ഞ സുനാമിയില്‍ ഒട്ടേറെ പേര്‍ മരിച്ച ഈ പ്രദേശത്ത് സുനാമിയുടെ പേരില്‍ നടത്തുന്ന കടല്‍ഭിത്തി നിര്‍മാണം തികച്ചും അശാസ്ത്രീയമാണ്. ശരിയായ പുലിമുട്ടുകളുടെ അഭാവം ഭിത്തിയെ ദുര്‍ബലമാക്കുന്നു. സ്വകാര്യ മേഖലയില്‍ കരിമണല്‍ ഖനനം ലഭിക്കാന്‍ നടത്തുന്ന കുപ്രചാരണങ്ങളില്‍ മുഖ്യ കഥാപാത്രങ്ങള്‍ തൃക്കുന്നപ്പുഴ- ആറാട്ടുപുഴ പ്രദേശത്തുകാരാണ്. 50,000 കോടി രൂപയുടെ കരിമണല്‍ കള്ളക്കടത്ത് നടത്തിയെന്ന ദുഷ്പ്രചാരണമാണ് ഈ പ്രദേശത്തെ പാവപ്പെട്ട ഒരു ജനതയെ ലക്ഷ്യമാക്കി തൊടുത്തുവിടുന്നത്. ക്യാന്‍സര്‍ പടര്‍ന്നുപിടിക്കുന്നു, ചാക്കുകളില്‍ കരിമണല്‍ ശേഖരിച്ച് രാത്രികാലങ്ങളില്‍ തമിഴ്‌നാട്ടിലേക്ക് കടത്തുന്നു തുടങ്ങിയ കുപ്രചാരണങ്ങള്‍ നാട്ടുകാരെ കള്ളന്മാരാക്കി ചിത്രീകരിച്ച് പുറത്തുവരുന്ന മാധ്യമ ദൃശ്യങ്ങള്‍ നിരവധി തവണ കടല്‍ക്ഷോഭങ്ങള്‍ക്കും ഒരിക്കല്‍ സുനാമിക്കും വിധേയരായ പ്രദേശ വാസികളെ ഏറെ വേദനിപ്പിക്കുന്നു. മാധ്യമങ്ങള്‍ മനസ്സിലാക്കാതെ പോകുന്ന മറ്റൊരു കാര്യം; തൃക്കുന്നപ്പുഴ – ആറാട്ടുപുഴ- വല്യഅഴീക്കല്‍വരെയുള്ള 20 കിലോമീറ്റര്‍ കടല്‍ത്തീര പ്രദേശങ്ങള്‍ എറണാകുളത്തെ ഒരു സ്വകാര്യ കമ്പനി ഉടമയും തമിഴ്‌നാട്ടിലെ കരിമണല്‍ ലോബിയും വാങ്ങിക്കൂട്ടിയിരിക്കുന്നു. വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുന്ന കേസാണിത്.
ആറാട്ടുപുഴ വില്ലേജില്‍ ആറാട്ടുപുഴ പഞ്ചായത്തിലെ സര്‍വേ നമ്പര്‍ 1091/347/4430 രേഖയിലെ സ്ഥലമായ രുദ്രന്‍തുരുത്ത് അപ്രത്യക്ഷമായിരിക്കുന്നു. ഉദ്ദേശം അഞ്ചര ഏക്കര്‍ വരുന്ന ഈ സ്ഥലം ഏതാനും വര്‍ഷങ്ങള്‍ മുമ്പു വരെ പൂര്‍ണമായും നിലനിന്നിരുന്നതാണ്. അഴീക്കല്‍ ഭാഗത്തു നിന്നും വെറും നൂറ് മീറ്റര്‍ മാത്രം അകലെ കായലില്‍ ഉണ്ടായിരുന്ന രുദ്രന്‍തുരുത്ത് സമീപകാലത്ത് നടന്ന കരിമണല്‍ ഖനനം മൂലമാണ് എന്നന്നേക്കുമായി അപ്രത്യക്ഷമായത്. രുദ്രന്‍തുരുത്തിന്റെ അവകാശികള്‍ ഇന്നും, ഇല്ലാതായ ഈ കരഭാഗത്തിന്റെ കരം അടക്കുന്നുണ്ടെന്നത് വാസ്തവമാണ്. രുദ്രന്‍തുരുത്തില്‍ ഒന്നര വര്‍ഷം മുമ്പുവരെ ഒരാള്‍ പൊക്കത്തില്‍ കരിമണല്‍ ശേഖരം ഉണ്ടായിരുന്നു. തുരുത്തിന്റെ ചുറ്റിനുമുണ്ടായിരുന്ന കണ്ടല്‍ക്കാട് ആദ്യം അപ്രത്യക്ഷമായിരുന്നു. ഒരു കാലത്ത് രുദ്രന്‍തുരുത്തില്‍ ആയുര്‍വേദ ഔഷധച്ചെടികള്‍, പച്ചക്കറികള്‍, തണ്ണിമത്തന്‍ തുടങ്ങിയവയുടെ കൃഷിയും ഉണ്ടായിരുന്നതായി നാട്ടുകാര്‍ ഓര്‍മിക്കുന്നു. അധികൃതമായാണോ അനധികൃതമായാണോ രുദ്രന്‍തുരുത്തില്‍ കരിമണല്‍ ഖനനം നടന്നിരുന്നതെന്ന്, കരയില്‍ നിന്നും അകലെ വെള്ളത്തിലായിരുന്നതുകൊണ്ട്, തുരുത്തിലെ കാര്യങ്ങള്‍ ജനങ്ങള്‍ക്ക് അറിയില്ലായിരുന്നു. സുനാമിയില്‍ 142 പേര്‍ മരിച്ച ആലപ്പാട്ടെ 3000 ത്തിലധികം മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ജീവസന്ധാരണത്തിനുള്ള മാര്‍ഗത്തിനുമേല്‍ കരിനിഴല്‍ പരന്നിരിക്കുന്നു. വല്യഅഴീക്കല്‍ പൊഴിയില്‍ മണ്ണടിയുന്നത് തടയാന്‍ മണ്ണ് മാറ്റാനുള്ള അധികാരം ഇന്ത്യന്‍ റെയര്‍ എര്‍ത്തിനാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍, ഐ ആര്‍ ഇ ഈ അനുവാദം ദുരുപയോഗം ചെയ്ത് കൂടുതല്‍ കരിമണല്‍ വാരി സ്വകാര്യ മേഖലക്ക് നല്‍കുന്നതായി ജനങ്ങള്‍ ആണയിടുന്നു. കഴിഞ്ഞ സുനാമിയില്‍ വല്യഅഴീക്കല്‍- പെരുമ്പള്ളി ഭാഗത്ത് മാത്രം 27 പേര്‍ മരിച്ചിരുന്നു. ഇന്ന് ഇവിടെ ഏകദേശം 30,000 പേരെങ്കിലും കരിമണല്‍ ഖനനം മൂലം ദുരിതമനുഭവിക്കുന്നുണ്ട്. 1909ലാണ് ഷാംബര്‍ഗ് എന്ന ജര്‍മന്‍ സായ്പ് ആദ്യമായി കേരളതീരത്ത് വെള്ളനാംതുരുത്തില്‍ മോണോസൈറ്റിന്റെയും ഇല്‍മനേറ്റിന്റെ സാന്നിധ്യം മനസ്സിലാക്കിയത്. പിന്നീട് 1911ല്‍ ബ്രിട്ടീഷ് സര്‍ക്കാറിന്റെ അനുവാദത്തോടെ ജര്‍മന്‍കാര്‍ കരിമണല്‍ കടത്താന്‍ തുടങ്ങി. തുടര്‍ന്ന് ബ്രിട്ടീഷുകാര്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി ജര്‍മന്‍ സായ്പിനെ നാടു കടത്തിയെന്നാണ് പ്രചരിച്ചിട്ടുള്ളത്. കരിമണല്‍ കടത്ത് ബ്രിട്ടീഷുകാര്‍ ഏറ്റെടുത്തു.
ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചതിനു ശേഷം കേരള സര്‍ക്കാറിന്റെ ഉടമസ്ഥതയില്‍ കേരള മിനറല്‍ ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡും കേന്ദ്ര, കേരള സര്‍ക്കാര്‍ സംരംഭമായ ഇന്ത്യന്‍ റെയര്‍ എര്‍ത്തും കരിമണല്‍ ഖനനം ആരംഭിച്ചു. മൂല്യവര്‍ധിത ഉത്പന്നങ്ങളായ ടൈറ്റാനിയം പോലുള്ള വസ്തുക്കള്‍ കരിമണലില്‍ നിന്നും ഉണ്ടാക്കാതെ, കരിമണലെടുത്ത് സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുന്നു എന്നതാണ് ചവറ മുതല്‍ തോട്ടപ്പള്ളി വരെയുള്ള ജനങ്ങളുടെ പരാതി. പ്രാദേശിക സമൂഹത്തിന് മലിനീകരണവും കടലാക്രമണവും നല്‍കി, കേരള തീരം കടലിന് വിട്ടു നല്‍കി ഇനിയും എത്രകാലം ഖനനം നടത്താനാകും? ധാതുസമ്പന്നമായ തീരദേശം നാടിന്റെ വികസനത്തിന് ഉപയോഗപ്രദമാകുന്നുണ്ടോ? ഖനനം മൂലം ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് ഈ കമ്പനികള്‍ എന്ത് പരിപാലനമാണ് നല്‍കുന്നത്? പരിസ്ഥിതി പ്രത്യാഘാത പഠനം നടത്താതെ ഇനിയും കരിമണല്‍ ഖനനം തുടരുന്നത് നാടിന് ആപത്താണ്. ഇപ്പോള്‍ ചവറ ഭാഗത്തെ 17 കിലോമീറ്റര്‍ കടല്‍ത്തീരത്തില്‍ ഏഴ് കിലോമീറ്റര്‍ കടലിനടുത്തായുണ്ടായിരുന്ന ഭൂമിയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. തീരപ്രദേശത്തെ ആഴക്കടല്‍ ഖനനവും കടല്‍ജലം ശുദ്ധീകരിക്കലും നിര്‍ത്തിവെക്കണം. മത്സ്യത്തൊഴിലാളികളുടെ ജീവസന്ധാരണത്തിനുള്ള വഴികള്‍ അടച്ചുകൊണ്ടുള്ള കരിമണല്‍ ഖനനത്തിന് യാതൊരു ന്യായീകരണവുമില്ല.

jcheenikkal@gmail.com

Latest