ജനങ്ങളെ ശത്രുപക്ഷത്ത് നിര്‍ത്തി പശ്ചിമഘട്ടം സംരക്ഷിക്കുന്നതിനെ എതിര്‍ക്കും: പിണറായി

Posted on: December 28, 2013 8:00 pm | Last updated: December 29, 2013 at 12:51 am

പാലാ: ജനങ്ങളെ ശത്രുപക്ഷത്ത് നിര്‍ത്തി പശ്ചിമഘട്ടം സംരക്ഷിക്കുന്നതിന് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള ഏത് നീക്കത്തെയും തടയുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പാലായില്‍ റബര്‍ കര്‍ഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എന്‍ ജി ഒകള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് അതേപടി പകര്‍ത്തിക്കൊണ്ടാണ് മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇതില്‍ വന്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ ഇത് നടപ്പാക്കുന്നതിനെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വേണ്ടിയാണ് കസ്തൂരി രംഗനെ ചുമതലപ്പെടുത്തിയത്. ജനങ്ങള്‍ക്ക് ഉണ്ടാകാകുന്ന ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികളുമായോ, ജനപ്രതിനിധികളുമായോ ചര്‍ച്ച ചെയ്യാതെ ജനങ്ങളെ വഞ്ചിക്കുന്ന നിലപാടാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സ്വീകരിക്കുന്നത്. പശ്ചിമഘട്ട മേഖലയിലെ മൃഗങ്ങളെ സംരക്ഷിക്കുന്ന താത്പര്യം പോലും മനുഷ്യരെ സംരക്ഷിക്കുന്ന കാര്യത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയവര്‍ കാണിച്ചില്ല. റബ്ബര്‍ വിലയിടിവ് സംബന്ധിച്ച് ഇടതുപക്ഷ കര്‍ഷക സംഘടനകള്‍ മുമ്പുതന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നതായി പിണറായി പറഞ്ഞു. സി പി എം ജില്ലാ സെക്രട്ടറി കെ ജെ തോമസ് അധ്യക്ഷത വഹിച്ചു.

ALSO READ  'തോൽക്കുന്നതു വരെ പഠിപ്പിക്കണം'; അധ്യാപക ശ്രേഷ്ഠരെ ഓർത്ത് മുഖ്യമന്ത്രി