കൈ കഴുകുന്നവരും വെള്ളമൊഴിച്ചുകൊടുക്കുന്നവരും

Posted on: December 28, 2013 6:00 am | Last updated: December 28, 2013 at 12:16 am

ക്രമസാമാധാനപാലനത്തില്‍ അനിതരസാധാരണ മികവ് – 2002ലെ വംശഹത്യ തടയുന്നതില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് സര്‍ക്കാര്‍ കാട്ടിയത് അതാണെന്ന് സി ബി ഐ മുന്‍ ഡയറക്ടര്‍ ആര്‍ കെ രാഘവന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിച്ച് കണ്ടെത്തി. ഈ മികവിനെ മറികടന്ന് അക്രമികള്‍ മുന്നേറിയപ്പോള്‍ പട്ടാളത്തെ വിളിക്കാന്‍ അത്യുത്സാഹം കാട്ടിയിരുന്നു നരേന്ദ്ര മോദി സര്‍ക്കാറെന്നും രാഘവന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തി. അക്രമികള്‍ക്ക് പ്രോത്സാഹനം നല്‍കി, കൊള്ളയും കൊലയും ബലാത്സംഗവും തുടരാന്‍ പാകത്തില്‍ പോലീസിനെ നിര്‍വീര്യമാക്കി നിര്‍ത്തി, ഇത്തരം കര്‍മങ്ങള്‍ ‘സ്തുത്യര്‍ഹ’മാം വിധം നിര്‍വഹിച്ചവര്‍ക്ക് ഒളിത്താവളം ഏര്‍പ്പെടുത്തി തുടങ്ങിയ പല വിധ ആരോപണങ്ങളിലൊന്നിന് പോലും അരക്കഴഞ്ച് തെളിവ് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പതിറ്റാണ്ട് പിന്നിട്ടതിനാല്‍ തെളിവ് കണ്ടെത്തുക ദുഷ്‌കരമാണെന്നും ആയതിനാല്‍ ആരോപണങ്ങള്‍ തള്ളി, മോദിയടക്കമുള്ളവരുടെ കൈകള്‍ ശുദ്ധമാണെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കുകയാണെന്നും രാഘവന്‍ കമ്മിറ്റി രേഖപ്പെടുത്തി നല്‍കി. ഇത് സര്‍വാത്മനാ സ്വീകരിച്ച അഹമ്മദാബാദിലെ മജിസ്‌ട്രേറ്റ് കോടതി, റിപ്പോര്‍ട്ട് പഠിക്കാന്‍ നിയോഗിക്കപ്പെട്ട അഭിഭാഷകന്‍ രാജു രാമചന്ദ്രന്റെ റിപ്പോര്‍ട്ട് തള്ളിക്കളയുകയും ചെയ്തു.
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ മോഡി ഇതോടെ, സംശുദ്ധ വ്യക്തിത്വമായി ജനങ്ങളെ അഭിമുഖീകരിക്കുമെന്ന് ബി ജെ പി പ്രഖ്യാപിച്ചു. കോടതി വിധി എതിരായിരുന്നുവെങ്കില്‍ വ്യക്തിശുദ്ധിയെ ബാധിക്കുമെന്ന തോന്നല്‍ ബി ജെ പിക്കുണ്ടായിരുന്നുവെന്ന് തോന്നും ഈ പ്രതികരണം കേട്ടാല്‍. അത്തരമൊരു ശങ്കയും ആ പാര്‍ട്ടിക്കുണ്ടായിരുന്നില്ല. 2002ല്‍ ഗുജറാത്തില്‍ നടത്തിയ, അധികാര സ്ഥാപനം ലക്ഷ്യമിട്ടുള്ള നരമേധം തീര്‍ത്തും അനിവാര്യവും നീതിയുക്തവുമായിരുന്നുവെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നയാളാണ് മോദി. അത്തരം പരീക്ഷണങ്ങള്‍ രാജ്യത്താകെ നടത്തിയാലേ വികസനം സാധ്യമാകൂ എന്ന് കരുതുകയും ചെയ്യുന്നു. തത്കാല ലാഭം ലാക്കാക്കി പ്രകടിപ്പിക്കുന്ന ന്യൂനപക്ഷസ്‌നേഹവും സര്‍വമതപ്രേമവുമൊക്കെ ബി ജെ പിക്ക് ഒറ്റക്ക് അധികാരത്തിലെത്താന്‍ കഴിയാതിരുന്നാല്‍ ഘടകകക്ഷികളെ ആകര്‍ഷിക്കുന്നതിനുള്ള തന്ത്രം മാത്രമാണ്. ഈ തന്ത്രത്തിനൊപ്പം നില്‍ക്കാനല്ലാതെ മറ്റൊന്നിനും വഴിയില്ലാത്ത ബി ജെ പിക്ക് കോടതി വിധി എതിരായാല്‍ അത് വ്യക്തിശുദ്ധിയെ ബാധിക്കുമെന്ന ശങ്ക ഉണ്ടാകാനേ സാധ്യതയില്ല.
ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട കേസുകളില്‍ നിഷ്പക്ഷമായ അന്വേഷണം നടക്കുന്നില്ലെന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് സി ബി ഐ മുന്‍ ഡയറക്ടര്‍ ആര്‍ കെ രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ സുപ്രീം കോടതി അന്വേഷണത്തിന് നിയോഗിച്ചത്. ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കുരുതിയില്‍ നരേന്ദ്ര മോഡിയുള്‍പ്പെടെ അറുപതിലധികം ഉന്നതരുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സാകിയ ജഫ്‌രി സമര്‍പ്പിച്ച ഹരജി കൂടി പരിഗണിച്ചായിരുന്നു ഉത്തരവ്. ഈ സംഘത്തിന്റെ അന്വേഷണം ചില ഫലങ്ങളെങ്കിലുമുണ്ടാക്കി. മോഡി സര്‍ക്കാറില്‍ അംഗമായിരുന്ന മായാ കൊദ്‌നാനിയും ബജ്‌രംഗ്ദള്‍ നേതാവ് ബാബു ബജ്‌രംഗിയുമൊക്കെ ശിക്ഷിക്കപ്പെട്ടത് ഈ അന്വേഷണത്തെത്തുടര്‍ന്നുള്ള വിചാരണയിലായിരുന്നു. പക്ഷേ, എങ്ങനെയാണ് വംശഹത്യ ആസൂത്രണം ചെയ്തത് എന്നോ അത് നടപ്പാക്കാന്‍ പോലീസിനെ ഏത് വിധത്തില്‍ നിര്‍വീര്യമാക്കിയെന്നോ രാഘവന്റെ നേതൃത്വത്തിലുള്ള സംഘം വേണ്ടത്ര അന്വേഷിച്ചില്ല. അന്വേഷിച്ചെങ്കില്‍ തന്നെ അത് സംബന്ധിച്ച മൊഴികള്‍ വേണ്ടവിധത്തില്‍ രേഖപ്പെടുത്തിയില്ല. അതുകൊണ്ടാണ്, രാഘവന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട അഭിഭാഷകന്‍ രാജു രാമചന്ദ്രന്‍, ഇരകളായവരുടെ മൊഴികള്‍ നേരിട്ട് രേഖപ്പെടുത്തുകയും അന്വേഷണ റിപ്പോര്‍ട്ടിലെ നിഗമനങ്ങള്‍ തള്ളിക്കളയേണ്ടതാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തത്.
ഇരകളുടെ മൊഴികള്‍ മാത്രമാണോ രാഘവന്റെ നേതൃത്വത്തിലുള്ള സംഘം രേഖപ്പെടുത്താതിരുന്നത്? സബര്‍മതി എക്‌സ്പ്രസിന്റെ ആറാം നമ്പര്‍ ബോഗിക്ക് തീപ്പിടിച്ച് 58 പേര്‍ മരിച്ച സംഭവം നടന്ന ദിവസം വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ വെച്ച്, ഭൂരിപക്ഷ സമുദായത്തിന്റെ രോഷം ഒഴുകിപ്പോകാന്‍ അവസരമൊരുക്കണമെന്ന് മോദി ആവശ്യപ്പെട്ടതായി ഐ പി എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് പറഞ്ഞിരുന്നു. ഗോധ്രയിലേത് പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പാകത്തില്‍ ന്യൂനപക്ഷങ്ങളെ ഒരു പാഠം പഠിപ്പിക്കണമെന്നും മോദി പറഞ്ഞതായി ഭട്ടിന്റെ സത്യവാങ്മൂലത്തിലുണ്ട്. ഇത്രയുമൊക്കെ പറഞ്ഞ ഉദ്യോഗസ്ഥന്റെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ടെന്ന് രാഘവന്റെ നേതൃത്വത്തുള്ള സംഘത്തിന് തോന്നിയില്ല. മൊഴി രേഖപ്പെടുത്തിയാലല്ലേ, മൊഴിയില്‍ പറയുന്ന കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ടതുള്ളൂ.
കൊടും കുരുതികള്‍ നടക്കുമ്പോള്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും മോദി അടക്കം ഭരണാധികാരികളുമൊക്കെ നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങളുടെ രേഖകള്‍ ശേഖരിച്ച് സി ഡിയിലാക്കി സൂക്ഷിച്ചിരുന്നു മറ്റൊരു ഐ പി എസ് ഉദ്യോഗസ്ഥന്‍. ഈ സി ഡിയുടെ അസ്സല്‍ നഷ്ടപ്പെട്ടതിന്റെ പേരില്‍ അന്വേഷണം നേരിടുന്നുണ്ട് ഇതേ ഉദ്യോഗസ്ഥന്‍. പൊതുസമൂഹത്തിന്റെ മുന്നിലുള്ള ഈ വിവരങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ മെനക്കെട്ടതേയില്ല രാഘവന്‍ കമ്മിറ്റി. വംശഹത്യ നടക്കുമ്പോള്‍ മോദി മന്ത്രിസഭയിലെ (അന്നത്തെ) രണ്ട് അംഗങ്ങള്‍ പോലീസ് കണ്‍ട്രോള്‍ റൂമുകളിലേക്ക് എത്തിയത് എന്തിനെന്ന് പരിശോധിച്ചില്ല, പരമോന്നത കോടതി നിയോഗിച്ച അന്വേഷണ സംഘം. കണ്‍ട്രോള്‍ റൂമിലിരുന്ന് ഇവര്‍ നല്‍കിയ നിര്‍ദേശങ്ങളെന്തൊക്കെ എന്ന് കണ്ടെത്താന്‍ ശ്രമിച്ചതുമില്ല. പോലീസ് ഉദ്യോഗസ്ഥരുടെയും വാഹനങ്ങളുടെയും സഞ്ചാര രീതി രേഖപ്പെടുത്തിയ രജിസ്റ്ററുകള്‍ നശിപ്പിച്ചത് എന്തിനെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ രാഘവന്റെ നേതൃത്വത്തിലുള്ള സംഘം ശ്രമിച്ചതായി അറിവില്ല. ആ ദിവസങ്ങളില്‍ കണ്‍ട്രോള്‍ റൂമുകളിലേക്ക് വന്നതും അവിടെ നിന്ന് പുറത്തേക്ക് പോയതുമായ വയര്‍ലെസ്സ് സന്ദേശങ്ങള്‍ രേഖപ്പെടുത്തിയ രജിസ്റ്ററുകള്‍ നശിപ്പിച്ചത് എന്തിനാണെന്ന ചോദ്യത്തിനും ഉത്തരമില്ല. ഇതൊന്നുമില്ലാതെ, ക്രമസമാധാനപാലനത്തില്‍ മോദി സര്‍ക്കാര്‍ അനിതര സാധാരണ മികവ് കാട്ടിയെന്ന് രാഘവന്‍ സംഘം രേഖപ്പെടുത്തിയത് എങ്ങനെ?
രാഷ്ട്രപതിയായിരുന്ന കെ ആര്‍ നാരായണനും പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പയിയും തമ്മില്‍ 2002 ഫെബ്രുവരിയിലെ ആദ്യ ദിനങ്ങളില്‍ നടന്ന ആശയവിനിമയം, വിവരാവകാശ നിയമപ്രകാരം പരസ്യപ്പെടുത്താനാകില്ലെന്ന് രാഷ്ട്രപതിയുടെ ഓഫീസ് ഏതാനും വര്‍ഷം മുമ്പ് അറിയിച്ചിരുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ പരസ്യപ്പെടുത്താനാകില്ലെന്ന ന്യായമാണ് അന്ന് രാഷ്ട്രപതിയുടെ ഓഫീസ് നിരത്തിയത്. ഈ നടപടിക്രമത്തിന് മുമ്പ് തന്നെ, രാഷ്ട്രപതിയും പ്രധാനമന്ത്രിയും തമ്മില്‍ നടന്ന ആശയവിനിമയത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതു മധ്യത്തിലെത്തിയിരുന്നു. ഗുജറാത്തില്‍ കൂട്ടക്കുരുതി തുടരുകയും അത് നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ അവിടേക്ക് പട്ടാളത്തെ നിയോഗിക്കാന്‍ വൈകുന്നത് എന്തുകൊണ്ടെന്ന ചോദ്യമുന്നയിച്ച് രാഷ്ട്രപതിയായിരുന്ന കെ ആര്‍ നാരായണന്‍ പ്രധാനമന്ത്രിയായിരുന്ന എ ബി വാജ്പയിക്ക് കത്തയച്ചിരുന്നു. സംസ്ഥാനം ആവശ്യപ്പെടാതെ പട്ടാളത്തെ നിയോഗിക്കാനാകില്ലെന്നായിരുന്നു രാഷ്ട്രതന്ത്രജ്ഞനായി അറിയപ്പെട്ട വാജ്പയി നല്‍കിയ മറുപടി. അക്രമങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഗുജറാത്തിലേക്ക് പട്ടാളത്തെ നിയോഗിക്കാന്‍ വൈകരുതെന്ന് കാണിച്ച് രാഷ്ട്രപതിയായിരുന്ന കെ ആര്‍ നാരായണന്‍ വീണ്ടും കത്ത് നല്‍കി. അതിനു ശേഷമാണ് അവിടേക്ക് സൈന്യത്തെ നിയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായതെന്ന് നാരായണന്റെ ആത്മകഥയില്‍ പറഞ്ഞിട്ടുണ്ട്.
രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ പൊതുസമൂഹത്തോട് പങ്ക് വെക്കാതിരിക്കുന്നത് മനസ്സിലാക്കാം. പക്ഷേ, സുപ്രീം കോടതി നിയോഗിച്ച അന്വേഷണ ഏജന്‍സിക്ക് ഈ വിവരങ്ങള്‍ ശേഖരിക്കുന്നതിന് തടസ്സമൊന്നുമില്ല. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കുകയാണെങ്കില്‍ വിവരശേഖരണത്തിന് പരിമിതികളൊന്നുമില്ലെന്ന് കല്‍ക്കരി അഴിമതിക്കേസ് പരിഗണിക്കവെ പരമോന്നത കോടതി ഉത്തരവിട്ടത് അടുത്തിടെയാണ്. കല്‍ക്കരി അഴിമതിയില്‍ സര്‍ക്കാര്‍ ഖജനാവിന് നഷ്ടമായത് രണ്ട് ലക്ഷം കോടി രൂപയാണെങ്കില്‍, ഗുജറാത്തിലെ നരമേധം നഷ്ടപ്പെടുത്തിയത് രണ്ടായിരത്തിലേറെ ജീവനുകളാണ് (ഔദ്യോഗിക കണക്കനുസരിച്ച് ആയിരത്തി ഇരുന്നൂറ് മാത്രം), അതിലിരട്ടിയോളം കുടുംബങ്ങളുടെ വീടുകളും സ്വത്തുക്കളുമാണ്, അതിലുമേറെ രാജ്യത്തെ ഒരു വലിയ ജനവിഭാഗത്തിന് സ്വന്തം മണ്ണിനു മേലുണ്ടായിരുന്ന വിശ്വാസമാണ്, ജനങ്ങള്‍ക്കിടയിലുള്ള സ്വാസ്ഥ്യമാണ്. ഇത്രയും വലിയൊരു കേസില്‍ അന്വേഷണ ഏജന്‍സി കൃത്യമായ വിവരങ്ങള്‍ ശേഖരിക്കുന്നുവെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം പരമോന്നത നീതിപീഠത്തിനുണ്ടായിരുന്നു. അതവര്‍ പാലിച്ചിരുന്നുവെങ്കില്‍ ക്രമസമാധാനപാലനത്തില്‍ അനിതരസാധാരണ മികവ്, സൈന്യത്തെ വിളിക്കാന്‍ അത്യുത്സാഹം കാട്ടി മുതലായ പരാമര്‍ശങ്ങളുള്ള രാഘവന്‍ സംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് വിചാരണക്കോടതിയുടെ പരിഗണനക്ക് വിടില്ലായിരുന്നു.
രാഘവന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പരമോന്നത കോടതിക്ക് അത്രത്തോളം തൃപ്തിയില്ലായിരുന്നുവെന്നതിന് തെളിവാണ് പ്രഗത്ഭ അഭിഭാഷകന്‍ രാജു രാമചന്ദ്രനെ റിപ്പോര്‍ട്ട് പഠിക്കാനായി നിയോഗിച്ചത്. വെറുതെയങ്ങ് നിയോഗിക്കുകയല്ല സുപ്രീം കോടതി ചെയ്തത്. ഇരകളെ നേരില്‍ക്കണ്ട് മൊഴി രേഖപ്പെടുത്താന്‍ അധികാരമുണ്ടായിരിക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അതനുസരിച്ചാണ് റിപ്പോര്‍ട്ട് പഠിക്കുകയും ഇരകളെ നേരില്‍ക്കണ്ട് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്ത് രാജു രാമചന്ദ്രന്‍ അവലോകന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അന്വേഷണ റിപ്പോര്‍ട്ടിലെ വീഴ്ചകള്‍ രാജു രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടിയിരുന്നു. സഞ്ജീവ് ഭട്ടിന്റെ മൊഴി രേഖപ്പെടുത്താന്‍ വിസമ്മതിച്ചത് അതില്‍ പ്രത്യേകം എടുത്തുപറഞ്ഞു. ഈ രണ്ട് റിപ്പോര്‍ട്ടും പരിഗണിച്ച സുപ്രീം കോടതി, തീരുമാനമെടുക്കാന്‍ വിചാരണക്കോടതിയെ ചുമതലപ്പെടുത്തുകയായിരുന്നു. തീരുമാനമെടുക്കും മുമ്പ് ഹരജിക്കാരിയായ സാകിയ ജഫ്‌രിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ കേള്‍ക്കണമെന്നും പറഞ്ഞു. അതനുസരിച്ചുള്ള തീര്‍പ്പാക്കലാണ് ഇപ്പോള്‍ നടന്നത്.
സുപ്രീം കോടതി നിയോഗിച്ച അന്വേഷണ സംഘം, സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണം അതില്‍ എന്തെങ്കിലും പാളിച്ചയുണ്ടായെന്ന് തോന്നിയാല്‍ വിചാരണയിലൂടെ ന്യായാന്യായങ്ങള്‍ തീരുമാനിക്കാന്‍ വിട്ടുകൊടുക്കുകയാണോ വേണ്ടത്? അതോ പാളിച്ചകള്‍ ചൂണ്ടിക്കാട്ടി, തിരുത്തിയ ശേഷം വിചാരണക്ക് വിടുകയോ? നീതി നടപ്പാക്കുക എന്നത് മാത്രമല്ല, ഇന്ത്യാ മഹാരാജ്യത്തിന്റെ നീതിന്യായ സംവിധാനത്തിന്റെ ചുമതല, നീതി നടപ്പായെന്ന് ബോധ്യപ്പെടുത്തുക എന്നത് കൂടിയാണ്. ഗുജറാത്ത് വംശഹത്യയുടെ കാര്യത്തില്‍ നീതി പൂര്‍ണമായും നിഷേധിക്കപ്പെട്ടില്ല എന്ന് ഉറപ്പാക്കുക മാത്രമാണ് പരമോന്നത നീതിപീഠം ചെയ്തത്. വംശഹത്യയുടെ ആസൂത്രകര്‍ ശിക്ഷിക്കപ്പെടാതിരിക്കെ, നീതി നടപ്പായെന്ന ബോധ്യം രാജ്യത്ത് സൃഷ്ടിക്കപ്പെടില്ലെന്ന് ഉറപ്പ്.
60ലധികം പേര്‍ കൂട്ടക്കുരുതി ചെയ്യപ്പെടുകയും നിരവധി സ്ത്രീകള്‍ കൂട്ടബലാത്സംഗത്തിന് ഇരയാകുകയും ചെയ്ത അഹമ്മദാബാദ് നഗരത്തിലെ ഗുല്‍ബര്‍ഗ് സൊസൈറ്റി ഒരുവട്ടം കണ്ടവര്‍ക്കൊക്കെ ഒരുകാര്യം വ്യക്തമാകും. സൊസൈറ്റിയിലെ എല്ലാ വീടുകളും അഗ്നിക്കിരയാക്കാന്‍ വേണ്ട സമയം അക്രമികള്‍ക്ക് അവിടെ അനുവദിക്കപ്പെട്ടുവെന്നത്. കോണ്‍ഗ്രസ് നേതാവായിരുന്ന ഐസാന്‍ ജഫ്‌രിയുടെ ഫോണ്‍ സന്ദേശം സ്വീകരിച്ച നരേന്ദ്ര മോദിയോ അഹമ്മദാബാദ് സിറ്റി പോലീസ് കമ്മീഷണറായിരുന്ന പി സി പാണ്ഡെയോ ‘ക്രമസമാധാനപാലനത്തില്‍ മികവ്’ കാട്ടിയിരുന്നുവെങ്കില്‍ ഇത്രയും വലിയ കുരുതി നടക്കില്ലായിരുന്നു. രോഷം ഒഴുകിപ്പോകാന്‍ നല്‍കിയ അനുമതിയാണ് അവിടെ നടപ്പായത് എന്ന് വ്യക്തം. നരോദയിലും നരോദ പാട്യയിലുമൊക്കെ നടന്നത് അത് തന്നെയായിരുന്നു. ഇവിടങ്ങളിലൊക്കെ ഉദ്യോഗസ്ഥര്‍ കൃത്യനിര്‍വഹണത്തില്‍ അലംഭാവം കാട്ടിയെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ആ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ മാത്രം ശിപാര്‍ശ ചെയ്ത് കൈകഴുകുകയാണ് ആര്‍ കെ രാഘവന്റെ നേതൃത്വത്തിലുള്ള സംഘം ചെയ്തത് എന്നത് കൂടി ഓര്‍മയില്‍വെച്ച് വേണം നീതിയും ന്യായവും വ്യവച്ഛേദിക്കാന്‍.

ALSO READ  ആത്മഹത്യാ മുനമ്പിലാണ് കര്‍ഷകര്‍