അനധികൃതമായി തങ്ങുന്നുവെന്ന് ആരോപിച്ച് 30 കുടുംബങ്ങള്‍ക്കെതിരെ കേസ്‌

Posted on: December 28, 2013 12:07 am | Last updated: December 28, 2013 at 12:07 am

മുസാഫര്‍നഗര്‍: മുസാഫര്‍നഗര്‍ കലാപത്തിന്റെ ഇരകളായി ക്യാമ്പില്‍ കഴിയുകയായിരുന്ന 30 കുടുംബങ്ങളെ അനധികൃതമായി കഴിയുന്നുവെന്ന് ആരോപിച്ച് പുറത്താക്കാന്‍ നടപടി തുടങ്ങി. മുസാഫര്‍നഗറിലെ സഞ്ജക് ഗ്രാമത്തിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന 30 കുടുംബങ്ങള്‍ക്കെതിരെയാണ് കേസെടുത്തത്. മുസാഫര്‍നഗറിലെ കിനോനി ഗ്രാമത്തില്‍ നിന്നുള്ളവരാണ് ഇവരെന്നും കലാപബാധിതരല്ലെന്നും സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് രജ്‌നികാന്ത് അറിയിച്ചു.
വര്‍ഗീയ കലാപത്തിലെ ഇരകളാണെന്നും ക്യാമ്പ് വിട്ട് പോകില്ലെന്നും ഈ കുടുംബങ്ങള്‍ തീര്‍ത്തുപറഞ്ഞതായി അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന കേസാണ് ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തത്.
അതേസമയം, മുസാഫര്‍നഗര്‍ കലാപത്തിന്റെ ആസൂത്രകരെ ഇതുവരെയും അറസ്റ്റ് ചെയ്യാത്തതില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ആശങ്ക പ്രകടിപ്പിച്ചു. കലാപബാധിതരില്‍ ആത്മവിശ്വാസം ജനിപ്പിക്കുന്നതിന് ഇത് അനിവാര്യമാണ്. 27 പേര്‍ക്കെതിരെ ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കുറ്റാരോപിതര്‍ നിയമത്തിന്റെ പിടിയിലാകാത്തതാണ് ഇരകളുടെ ഭയം വിട്ടുമാറാത്തതിന് പ്രധാന കാരണമെന്നും കമ്മീഷന്‍ അംഗം പ്രൊഫ. ഫരീദ അബ്ദുല്‍ ഖാന്‍ ചൂണ്ടിക്കാട്ടി.
ക്യാമ്പുകളിലെ സൗകര്യം അപര്യാപ്തമാണെന്നും സന്നദ്ധ സംഘടനകള്‍ ഇക്കാര്യത്തില്‍ സജീവമായി പ്രവര്‍ത്തിക്കണമെന്നും അവര്‍ നിര്‍ദേശിച്ചു. ക്യാമ്പില്‍ കഴിയുന്നവരെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കരുത്. ആത്മവിശ്വാസം ജനിക്കുന്നത് വരെ അവര്‍ ക്യാമ്പ് ഒഴിഞ്ഞുപോകില്ല. കുത്ബ, ബാസികാല, ഷാഹ്പൂര്‍, ലോയി എന്നിവിടങ്ങളിലെ ക്യാമ്പുകള്‍ ഫരീദ സന്ദര്‍ശിച്ചു. സെപ്തംബര്‍ ആദ്യ വാരമുണ്ടായ കലാപത്തില്‍ ആയിരക്കണക്കിന് പേരാണ് ഭവനരഹിതരായി ക്യാമ്പുകളില്‍ കഴിയുന്നത്.