സൈനിക അട്ടിമറി: ദക്ഷിണ സുഡാന് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളുടെ പിന്തുണ

Posted on: December 28, 2013 12:53 am | Last updated: December 27, 2013 at 11:53 pm

ജുബ: നിലവിലെ സാഹചര്യത്തില്‍ ദക്ഷിണ സുഡാനില്‍ ഭരണമാറ്റത്തെ അനുകൂലിക്കാന്‍ കഴിയില്ലെന്നും സൈനിക അട്ടിമറി നടത്താനുള്ള ശ്രമം അവസാനിപ്പിക്കണമെന്നും കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളുടെ നേതാക്കള്‍ വ്യക്തമാക്കി. വംശീയ കലാപം രൂക്ഷമായ ദക്ഷിണ സുഡാനില്‍ അനുരഞ്ജന ചര്‍ച്ചക്ക് മധ്യസ്ഥത വഹിക്കാനെത്തിയ നേതാക്കളാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരാഴ്ചക്കിടെ ആയിരക്കണക്കിന് പേരുടെ വധത്തിനിടയാക്കിയ ആക്രമണത്തിന് പിന്നില്‍ സൈനിക അട്ടിമറി ശ്രമങ്ങളാണെന്ന് നേതാക്കള്‍ വിലയിരുത്തി. ദക്ഷിണ സുഡാന്‍ തലസ്ഥാനമായ ജുബയിലെത്തിയ എത്യോപ്യന്‍ പ്രധാനമന്ത്രി ഹൈലേമറിയം ദെസ്സാലെന്‍ഗ്, കെനിയന്‍ പ്രസിഡന്റ് ഉഹുറു കെന്‍യാത്ത എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ദക്ഷിണ സുഡാന്‍ പ്രസിഡന്റ് സല്‍വാ കീറുമായി മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച നടത്തിയതായി ദേശീയ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ജനാധിപത്യ മാര്‍ഗത്തിലൂടെ അധികാരത്തിലേറിയ സല്‍വയെ പുറത്താക്കണമെന്ന വാദം അംഗീകരിക്കാനാകില്ലെന്നും ഈ ആവശ്യം ഉന്നയിച്ച് നടക്കുന്ന ആക്രമണങ്ങളും പ്രക്ഷോഭങ്ങളും ഉടന്‍ അവാസനിപ്പിക്കണമെന്നും ഉഹുറു കെന്‍യാത്ത വ്യക്തമാക്കി. സൈനിക അട്ടിമറിക്ക് ശ്രമിക്കുന്ന മുന്‍ വൈസ് പ്രസിഡന്റ് റീക്ക് മച്ചര്‍ ചര്‍ച്ചക്ക് സന്നദ്ധനാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ, ദക്ഷിണ സുഡാനിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ വേണ്ടി യു എന്നും ചൈനയും പ്രതിനിധികളെ അയച്ചു. ദക്ഷിണ സുഡാന്റെ പ്രധാന എണ്ണ ഉപഭോക്താവാണ് ചൈന. സര്‍ക്കാറിനെതിരെ ആയുധമെടുത്ത സൈന്യം ആക്രമണം തുടരുകയാണെങ്കില്‍ ദക്ഷിണ സുഡാന് ആഫ്രിക്കന്‍ രാജ്യങ്ങളുടെയും ചൈനയുടെയും പിന്തുണയുണ്ടാകുമെന്നാണ് സൂചന.
പുറത്താക്കപ്പെട്ട മുന്‍ വൈസ് പ്രസിഡന്റ് റീക് മച്ചറിന്റെ നേതൃത്വത്തില്‍ സൈനിക അട്ടിമറിക്കുള്ള ശ്രമം നടന്നതോടെയാണ് രാജ്യത്ത് ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടത്.