നിയമസഭാ ശതോത്തര രജത ജൂബിലി ആഘോഷ സമാപനം 30ന്‌

Posted on: December 28, 2013 12:50 am | Last updated: December 29, 2013 at 9:51 am

തിരുവനന്തപുരം: നിയമസഭയുടെ ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ സമാപനം ഈ മാസം 30 ന് നിയമസഭാ മെമ്പേഴ്‌സ് ലോഞ്ചില്‍ കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ മുഖ്യപ്രഭാഷണം നടത്തും. നിയമസഭയിലെ കക്ഷിനേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, സി ദിവാകരന്‍, കെ എം മാണി, മാത്യു ടി തോമസ്, എം വി ശ്രേയാംസ്‌കുമാര്‍, എ എ അസീസ്, തോമസ് ചാണ്ടി, തൊഴില്‍ മന്ത്രി ഷിബു ബേബിജോണ്‍, മന്ത്രി അനൂപ് ജേക്കബ്, കെ ബി ഗണേഷ്‌കുമാര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്‍ ആശംസകള്‍ അര്‍പ്പിക്കും.
നിയമസഭയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ പത്ത് നിയമസഭാ സമാജികരെയും ദീര്‍ഘകാലം നിയമസഭാ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്ത 33 മാധ്യമപ്രവര്‍ത്തകരെയും ആദരിക്കും.
കെ എം മാണി, ഉമ്മന്‍ ചാണ്ടി, സി എഫ് തോമസ്, പി ജെ ജോസഫ്, കെ സി ജോസഫ്, ആര്യാടന്‍ മുഹമ്മദ്, തേറമ്പില്‍ രാമകൃഷ്ണന്‍, വി എസ് അച്യുതാനന്ദന്‍, പി കെ കുഞ്ഞാലിക്കുട്ടി, ജി കാര്‍ത്തികേയന്‍ എന്നിവരെയാണ് ആദരിക്കുക.
കേരളപ്പിറവിക്കു മുമ്പുള്ള സഭകളിലും അംഗമായിരുന്ന കെ ആര്‍ ഗൗരിയമ്മ, ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍, എ സി ചാക്കോ എന്നിവരെ അവരുടെ വസതികളിലെത്തി ആദരിച്ചിരുന്നു. അവരില്‍ ഉള്‍പ്പെട്ട പി വിശ്വംഭരനെ ഈ യോഗത്തില്‍ ആദരിക്കും. 2012 ആഗസ്റ്റ് 23ന് മഹാരാഷ്ട്ര ഗവര്‍ണര്‍ കെ ശങ്കരനാരായണനാണ് ശതോത്തര രജത ജൂബിലി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തത്.