ദേവയാനിയെ അറസ്റ്റ് ചെയ്തത് പൂര്‍ണ നയതന്ത്ര പരിരക്ഷയുള്ളപ്പോള്‍

Posted on: December 27, 2013 12:35 am | Last updated: December 27, 2013 at 12:35 am

devyaniവാഷിംഗ്ടണ്‍/ന്യൂഡല്‍ഹി: ദേവയാനി ഖോബ്രഗഡെ വിഷയത്തില്‍ ഇന്ത്യന്‍ നിലപാടിന് ശക്തി പകരുന്ന വസ്തുതകള്‍ പുറത്തു വന്നു. ദേവയാനിയെ അമേരിക്ക അറസ്റ്റ് ചെയ്യുമ്പോള്‍ തന്നെ അവര്‍ക്ക് പൂര്‍ണ നയതന്ത്ര പരിരക്ഷ ഉണ്ടായിരുന്നുവെന്നാണ് തെളിയുന്നത്. ന്യൂയോര്‍ക്കിലെ ഡെപ്യൂട്ടി കോണ്‍സല്‍ ജനറലായി നിയമിതയായ ദേവയാനിക്ക് ഈ വര്‍ഷം ആഗസ്റ്റ് 26ന് യു എന്നിലെ ഇന്ത്യന്‍ സ്ഥിരം ദൗത്യത്തിന്റെ ഉപദേശക പദവി നല്‍കിയിരുന്നുവെന്നാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
ഈ പദവി ഡിസംബര്‍ 31 വരെ നിലനില്‍ക്കും. ഈ പദവിയിലിരിക്കുന്ന ഒരാള്‍ക്ക് പൂര്‍ണ നയതന്ത്ര പരിരക്ഷക്ക് അര്‍ഹതയുണ്ട്. ഇതുപ്രകാരം, ഈ മാസം പന്ത്രണ്ടിന് ദേവയാനി അറസ്റ്റിലാകുമ്പോള്‍ അവര്‍ക്ക് അറസ്റ്റില്‍ നിന്ന് പരിരക്ഷയുണ്ടായിരുന്നുവെന്ന് വ്യക്തമാകുന്നു. ദേവയാനിയുടെ അറസ്റ്റിലൂടെ അമേരിക്ക കടുത്ത ചട്ട ലംഘനമാണ് നടത്തിയതെന്ന ഇന്ത്യന്‍ വാദത്തെ ഈ വസ്തുത ബലപ്പെടുത്തുന്നു.
യു എന്നിന്റെ പ്രത്യേകാധികാരവും പരിരക്ഷയും സംബന്ധിച്ച രേഖയിലെ ആര്‍ട്ടിക്കിള്‍ നാല് സെക്ഷന്‍ പതിനൊന്ന് എ പ്രകാരം നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് അറസ്റ്റില്‍ നിന്നും തടവില്‍ വെക്കലില്‍ നിന്നും വ്യക്തിപരമായ വസ്തുക്കള്‍ പിടിച്ചെടുക്കലില്‍ നിന്നും പരിരക്ഷ നല്‍കുന്നുണ്ട്. ഈ ആര്‍ട്ടിക്കിളിന്റെ പരിധിയില്‍ ഡെലഗേറ്റുകളും ഡെപ്യൂട്ടി ഡെലഗേറ്റുകളും ഉപദേശകരും സാങ്കേതിക വിദഗ്ധരുമെല്ലാം ഉള്‍പ്പെടും. ആയക്ക് കുറഞ്ഞ കൂലി നല്‍കാന്‍ വിസാ രേഖകളില്‍ കൃത്രിമം കാണിച്ചുവെന്നാരോപിച്ച് നയതന്ത്ര പ്രതിനിധി ദേവയാനിയെ അറസ്റ്റ് ചെയ്തതിലും ദേഹപരിശോധനക്ക് വിധേയയാക്കിയതിലും ചരിത്രത്തിലെ ഏറ്റവും ശക്തമായ പ്രതികരണമാണ് ഇന്ത്യ നടത്തിയിരുന്നത്. ന്യൂഡല്‍ഹിയിലെ അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥര്‍ക്കുള്ള മുഴുവന്‍ ആനുകൂല്യങ്ങളും പിന്‍വലിക്കുകയും തിരിച്ചറിയല്‍ കാര്‍ഡുകള്‍ തിരിച്ചു വാങ്ങുകയും ചെയ്തിട്ടും ദേവയാനിക്കെതിരായ കേസ് പിന്‍വലിക്കാന്‍ അമേരിക്ക തയ്യാറായിട്ടില്ല.
ദേവയാനിക്ക് പൂര്‍ണ നയതന്ത്ര സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി യു എന്നിലെ ഇന്ത്യയുടെ സ്ഥിരം സമിതിയിലെ കോണ്‍സുലര്‍ ആയി അവരെ ഉയര്‍ത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന് കത്ത് നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതേത്തുടര്‍ന്ന്, കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ദേവയാനിക്ക് യു എസ് ഇളവ് നല്‍കിയിരുന്നു.