ഇടുക്കി ഡി സി സി പ്രസിഡന്റിനെതിരെ ഷോണ്‍ ജോര്‍ജിന്റെ വക്കീല്‍ നോട്ടീസ്

Posted on: December 26, 2013 8:04 pm | Last updated: December 26, 2013 at 8:04 pm

തൊടുപുഴ: തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനകള്‍ നടത്തിയതിന് യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ മകനുമായ ഷോണ്‍ ജോര്‍ജ് ഇടുക്കി ഡി സി സി പ്രസിഡന്റ് റോയ് കെ പൗലോസിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചു. ഒരാഴ്ചക്കുള്ളില്‍ തനിക്കെതിരെയുള്ള പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു.

പി സി ജോര്‍ജ് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും മകനെയും പറ്റി പറഞ്ഞതിന് മറുപടിയായാണ് റോയ് പൗലോസ് പ്രതികരിച്ചത്. ജോര്‍ജ് മറ്റുള്ളവരെ നന്നാക്കുന്നതിന് പകരം പിടിച്ചുപറിച്ചും പാറപൊട്ടിച്ചും നടക്കുന്ന മകനെ നേരെയാക്കുകയാണ് ആദ്യം വേണ്ടതെന്നാണ് റോയ് പൗലോസ് പറഞ്ഞത്. പി ടി തോമസ് ഇപ്പോള്‍ എം പിയായിട്ടുള്ള ഇടുക്കി മണ്ഡലം തട്ടിയെടുക്കാനുള്ള ശ്രമമാണ് റോയ് പൗലോസിന്റേതെന്ന് ഷോണ്‍ ജോര്‍ജ് പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.