മെസിയെ സിറ്റിയിലേക്ക് ക്ഷണിച്ച് യായ ടുറെയും അഗ്യെറോയും

Posted on: December 25, 2013 7:31 am | Last updated: December 25, 2013 at 7:38 am

messiലണ്ടന്‍: ബാഴ്‌സലോണയുടെ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയോട് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ചേരാന്‍ മുന്‍ സഹതാരം യായ ടുറെ. അര്‍ജന്റീന ദേശീയ ടീമിലെ സഹതാരം സെര്‍ജിയോ അഗ്യെറോയും മെസിയെ സിറ്റിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അടുത്തിടെ മെസിക്കെതിരെ ബാഴ്‌സ വൈസ് പ്രസിഡന്റ് മോശം പ്രസ്താവനകള്‍ നടത്തിയിരുന്നു. മെസിക്ക് കരാര്‍ പുതുക്കി നല്‍കേണ്ടതില്ലായിരുന്നുവെന്നായിരുന്നു ഒരു കമെന്റ്. ഇതിന് മെസി പ്രതികരിക്കുകയും ചെയ്തു. മാഞ്ചസ്റ്റര്‍ സിറ്റി ക്ലബ്ബിലെ ജീവിതത്തെ കുറിച്ച് മെസി ചോദിച്ചറിയാറുണ്ടെന്ന് മറ്റൊരു താരം പാബ്ലോ സബലെറ്റ പറയുന്നു. ബാഴ്‌സലോണ വിടാന്‍ മെസി ഒരുങ്ങുന്നതിന്റെ സൂചനയായാണ് സബലെറ്റ ഇതവതരിപ്പിച്ചിരിക്കുന്നത്.
മെസിയെ പോലോരു നക്ഷത്ര താരത്തെ സ്വന്തമാക്കാനുള്ള ആസ്തിയുള്ള യൂറോപ്യന്‍ ക്ലബ്ബുകളിലൊന്നാണ് സിറ്റി. 150 ദശലക്ഷം പൗണ്ടിന്റെ കരാറിന് ഇംഗ്ലീഷ് ടീം ഒരുക്കമാണെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ബാഴ്‌സലോണ ക്ലബ്ബ് വിടുന്നതിനെ കുറിച്ച് മെസി എവിടെയും പറഞ്ഞിട്ടില്ല. പരുക്ക് മാറിയതിന് ശേഷം പരിശീലനം നടത്തുകയാണ് മെസി. ജനുവരിയില്‍ ബാഴ്‌സലോണക്കൊപ്പം ചേരും.

ALSO READ  മെസി ബാഴ്‌സ വിടുന്നു; ക്ലബ്ബ് മാനേജ്മെന്റിന്റെ അടിയന്തര യോഗം