ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

Posted on: December 25, 2013 12:37 am | Last updated: December 24, 2013 at 11:38 pm

കല്‍പറ്റ: വിവാഹ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. ലോറി ഡ്രൈവര്‍ നെന്മേനി മലങ്കര പുത്തന്‍പുരക്കല്‍ ജോര്‍ജിന്റെ മകന്‍ മനു (24), ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ മേപ്പാടി താഴെ അരപ്പറ്റ ചേനാട്ടുകുഴിയില്‍ യൂസുഫിന്റെ മകന്‍ ഷാഹില്‍ (33) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ ആറോടെ ദേശീയപാത 212ല്‍ കൊളവയല്‍ പാലത്തിന് സമീപമായിരുന്നു അപകടം. പത്തനംതിട്ടയില്‍ വിവാഹ നിശ്ചയത്തിന് പോയി തിരിച്ചുവരികയായിരുന്ന പുല്‍പ്പള്ളി പെരിക്കല്ലൂര്‍ സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി.
പെരിക്കല്ലൂര്‍ സ്വദേശി വല്ലത്ത് ജോര്‍ജിന്റെ മകന്‍ അരുണിന്റെ വിവാഹ നിശ്ചയത്തിനായി ശനിയാഴ്ചയാണ് പെരിക്കല്ലൂരില്‍ നിന്നുള്ള സംഘം പത്തനംതിട്ടയിലേക്ക് പോയത്. അമ്പതോളം പേര്‍ ബസിലുണ്ടായിരുന്നു. ഇവരില്‍ പകുതിയോളം സ്ത്രീകളാണ്. ബസിലുണ്ടായിരുന്ന 28 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അടുത്ത ഞായറാഴ്ചയായിരുന്നു വിവാഹം നടത്താന്‍ തീരുമാനിച്ചത്.
മിനിയാണ് മരിച്ച മനുവിന്റെ മാതാവ്. സഹോദരി: അനു. സുനൈനയാണ് മരിച്ച ഷാഹിലിന്റെ ഭാര്യ. മക്കള്‍: ഷന ഫാത്വിമ, മുഹമ്മദ് ഷാലു. മുഹമ്മദ് ഷിഫാന്‍. മാതാവ് കദിയ. സഹോദരങ്ങള്‍: ഷൈജല്‍, സജ്‌ന.