Connect with us

Kerala

കെ എസ് ആര്‍ ടി സി കമ്പനിയാക്കാന്‍ നടപടി തുടങ്ങി

Published

|

Last Updated

തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയെ കമ്പനിവത്കരിക്കുന്നതിനുള്ള നീക്കം ആരംഭിച്ചു. അതിന്റെ ഭാഗമായി റിസര്‍ച്ച് കണ്‍സള്‍ട്ടന്റിനെ നിയമിച്ച് ഇന്നലെ വൈകിട്ട് ഉത്തരവ് പുറത്തിറക്കി. കെ എസ് ആര്‍ ടി സി കമ്പനിയാക്കി പുനഃസംഘടിപ്പിക്കണമെന്ന ആസൂത്രണ ബോര്‍ഡിന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കെ എസ് ആര്‍ ടി സിയെ ഇന്നത്തെ നിലയില്‍ മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്നും കോര്‍പറേഷനെ കമ്പനിയാക്കി മാറ്റി പുനഃസംഘടിപ്പിക്കണമെന്നും ആസൂത്രണ ബോര്‍ഡ് സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കണ്‍സള്‍ട്ടന്റിനെ നിയമിച്ചത്. പുനരുദ്ധാരണ പാക്കേജ് നടപ്പാക്കുന്നതിന് മാനേജിംഗ് ഡയറക്ടറെ സഹായിക്കുന്നതിനാണ് നിയമനം എന്നാണ് ഉത്തരവില്‍ പറയുന്നത്. കെ എസ് ആര്‍ ടി സിയിലെ ആസ്തി ബാധ്യതകള്‍ കണക്കാക്കി ആസൂത്രണ ബോര്‍ഡ് നിര്‍ദേശിച്ച നടപടികള്‍ കൈക്കൊള്ളുന്നതിന് ഈ മാസം ആറിന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് തീരുമാനപ്രകാരമാണ് ഈ നിയമനം.
കെ എസ് ആര്‍ ടി സിയെ കമ്പനിയാക്കുന്നുവെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നപ്പോള്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് അത് നിഷേധിച്ച് രംഗത്തത്തെിയിരുന്നു. എന്നാല്‍, മന്ത്രിയുടെ വാദം തെറ്റാണെന്ന് തെളിയിച്ചുള്ള നടപടികളുമായാണ് കെ എസ് ആര്‍ ടി സി മാനേജ്‌മെന്റ് മുന്നോട്ടു പോകുന്നതെന്നാണ് ഉത്തരവ് തെളിയിക്കുന്നത്. റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ആയി എക്‌സിക്യുട്ടീവ് ഡയറക്ടറെ നിയമിക്കാനുള്ള മുന്‍ തീരുമാനം വിവിധ ട്രേഡ് യൂനിയനുകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവെച്ചിരുന്നു. ട്രേഡ് യൂനിയനുകളുമായി ചര്‍ച്ച ചെയ്ത് തീരുമാനിച്ച കാര്യങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കവെയാണ് ഈ ഉത്തരവ്.

Latest