യുവജനങ്ങളുടെ ജീവിതപ്രതീക്ഷകള്‍ സര്‍ക്കാര്‍ തകര്‍ത്തു: വി ശിവദാസന്‍

Posted on: December 24, 2013 8:43 am | Last updated: December 24, 2013 at 8:43 am

കല്‍പറ്റ: കേന്ദ്ര സംസഥാന സര്‍ക്കാരുകള്‍ വന്‍തോതില്‍ തൊഴിലവസരങ്ങള്‍ വെട്ടിക്കുറക്കുകയാണെന്ന് എസ്എഫ്‌ഐ പ്രസിഡന്റ് ഡോ. വി ശിവദാസന്‍ പറഞ്ഞു.
ഡിവൈഎഫ്‌ഐയുടെ കലക്ടറേറ്റ് വളയല്‍ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശിവദാസന്‍. യുവജനങ്ങളുടെ പ്രതീക്ഷയും ജീവിതവും തകര്‍ക്കുകയാണ് സര്‍ക്കാരുകള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
റെയില്‍വേയില്‍ മാത്രം ഒരുഘട്ടത്തില്‍ 17 ലക്ഷം തൊഴിലാളികളുണ്ടായിരുന്നു. ഇപ്പോള്‍ പുതുതായി ഒട്ടേറെ ടെയിനുകള്‍ ഓടുന്നു, പുതിയ സംവിധാനങ്ങള്‍ നിലവില്‍ വരുന്നു. ഇവിടെയൊക്കെ ഒട്ടേറെ തൊഴില്‍ സാധ്യതകളാണ് നിലനില്‍ക്കുന്നത്. എന്നിട്ടും ഇപ്പോള്‍ പത്തര ലക്ഷം തൊഴിലാളികള്‍ മാത്രമാണുള്ളത്.
ഒട്ടേറെ തസ്തികകള്‍ ഇല്ലാതാക്കി. ഇത് റെയിവേയുടെ മാത്രം പ്രശ്‌നമല്ല മറ്റ് പല മേഖലകളിലും തൊഴിലവസരങ്ങള്‍ കുറയുകയാണ്. രാജ്യം വളരുമ്പോള്‍ അതിനനുസൃതമായ തൊഴിലവസരം സൃഷ്ടിക്കപ്പെടുന്നില്ല.
കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണങ്ങളില്‍ ഏറെ വേദന അനുഭവിക്കുന്നത് യുവജനങ്ങളാണ്. വിദ്യാഭ്യാസമേഖലയിലും ആരോഗ്യ, യുവജനക്ഷേമ രംഗത്തും പണം ആവശ്യപ്പെടുമ്പോള്‍ കൈമലര്‍ത്തുന്ന കേന്ദ്രസര്‍ക്കാര്‍ അഴിമതി നടത്തുന്നവര്‍ക്കായി പണം വാരിക്കോരി നല്‍കുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസ്, ടുജി സ്‌പെകട്രം, കല്‍ക്കരി കുംഭകോണം തുടങ്ങിയ ഒട്ടേറെ അഴിമതികളിലൂടെ തെളിയുന്നത് സര്‍ക്കാരിന്റെ യുവജനവിരുദ്ധ നിലപാടുകളാണ്. വയനാട്ടില്‍ ആദിവാസികുട്ടികളില്‍ പോഷകാഹാരകുറവിനെ തുടര്‍ന്ന് അതീവ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് യുനെസ്‌കോ റിപ്പോര്‍ട്ടുള്ളപ്പോഴാണ് മറുഭാഗത്ത് അരിയും ഭക്ഷ്യസാധനങ്ങളും കത്തിച്ച് നശിപ്പിക്കുന്നത്- ശിവദാസന്‍ പറഞ്ഞു.