കൊണ്ടോട്ടി താലൂക്ക് യാഥാര്‍ഥ്യമായി; ഉദ്ഘാടനം ആഘോഷമാക്കി നാട്ടുകാര്‍

Posted on: December 24, 2013 8:38 am | Last updated: December 24, 2013 at 8:38 am

കൊണ്ടോട്ടി: കൊണ്ടോട്ടി മേഖലയിലെ ലക്ഷക്കണക്കിനു വരുന്ന ജനങ്ങളുടെ പതിറ്റാണ്ടുകള്‍ നീളുന്ന സ്വപ്‌നത്തിന് സാക്ഷാത്കാരമായി. കൊണ്ടോട്ടി താലൂക്ക് ആഘോഷത്തിമര്‍പ്പിനിടയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നാടിന് സമര്‍പ്പിച്ചു. കൊണ്ടോട്ടി വൈദ്യര്‍ അക്കാദമി മുറ്റത്ത് സജ്ജമാക്കിയ വിശാലമായ പന്തല്‍ നിറഞ്ഞു കവിഞ്ഞ് ദേശീയ പാതയും ആയിരങ്ങളെക്കൊണ്ട് തിങ്ങി നിറഞ്ഞു.
ആഘോഷത്തിന്റെ ഭാഗമായി കുറുപ്പത്ത് നിന്ന് ആരംഭിച്ച ഘോഷയാത്രക്ക് എം എല്‍ എ മാരായ കെ മുഹമ്മദുണ്ണി ഹാജി, കെ എന്‍ എ ഖാദര്‍, പി ഉബൈദുല്ല, എം ഉമ്മര്‍, എ ഡി എം മുരളീധരന്‍ ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ ജബ്ബാര്‍ ഹാജി, ത്രി തല പഞ്ചായത്ത് പ്രതിനിധികള്‍ നേതൃത്വം നല്‍കി. ഡല്‍ഹി, കര്‍ണാടക, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള എന്‍ സി സി കാഡറ്റുകള്‍ക്ക് പുറമെ എസ് പി സി, സ് കൗട്ട് ആന്‍ഡ് ഗൈഡ്, ജൂനിയര്‍ റെഡ് ക്രോസ് , വിവിധ സ് കൂളുകള്‍, ക്ലബ്ബുകള്‍ എന്നിവ അവതരിപ്പിച്ച കലാരൂപങ്ങള്‍ ഘോഷയാത്രക്ക് കൊഴുപ്പേകി.
ഘോഷയാത്ര കാണാന്‍ റോഡിനിരുവശവും കെട്ടിടങ്ങള്‍ക്ക് മുകളിലും ആബാലവൃദ്ധം ജനങ്ങള്‍ തടിച്ചു കൂടി. ഘോഷ യാത്ര ദേശീയ പാതയില്‍ മണിക്കൂറുകളോളം ഗതാഗത തടസമുണ്ടാക്കി. അതിനിടെ താലൂക്കിന് അഭിവാദ്യം അര്‍പ്പിച്ചും എന്നാല്‍ അഴിമതി ആരോപണ വിധേയനായ മുഖ്യമന്ത്രിയെ ഉദ്ഘാടനം ചെയ്യാന്‍ അനുവദിക്കില്ലെന്നും പ്രഖ്യാപിച്ച് എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ വേദിയിലേക്ക് കരിങ്കൊടിയുമേന്തി നടത്തിയ മാര്‍ച്ച് 17-ാം മൈലില്‍ പോലീസ് തടഞ്ഞു.
നിശ്ചിത സമയത്തിലും മൂന്ന് മണിക്കൂര്‍ വൈകി രാത്രി എട്ട് മണിക്കാണ് പരിപാടി ആരംഭിച്ചതെങ്കിലും നാട്ടുകാര്‍ പരിപാടി കഴിയും വരെ സദസില്‍ ക്ഷമയോടെ ഇരുന്നു. റവന്യു മന്ത്രി അടൂര്‍ പ്രകാശ് അധ്യക്ഷത വഹിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദ് മിനിസിവില്‍ സ്റ്റേഷന് തറക്കല്ലിട്ടു. എം എല്‍ എമാരായ കെ എന്‍ എ ഖാദര്‍, പി ഉബൈദുല്ല, അഡ്വ. എം ഉമര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ കുഞ്ഞു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ ജബ്ബാര്‍ ഹാജി, ഡി സി സി പ്രസിഡന്റ് ഇ മുഹമ്മദ്കുഞ്ഞി, സ്വാദിഖലി ശിഹാബ് തങ്ങള്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ഡെപ്യൂട്ടി കലക്ടര്‍ പി മുരളീധരന്‍, കെ മുഹമ്മദുണ്ണി ഹാജി എം എല്‍ എ, തഹസില്‍ദാര്‍ പി സയ്യിദ് അലി പ്രസംഗിച്ചു.