മലേഷ്യന്‍ മോഡല്‍ കക്കൂസ് മാലിന്യ സംസ്‌കരണം കേരളത്തിലും പരിഗണിക്കുന്നു

Posted on: December 24, 2013 12:31 am | Last updated: December 24, 2013 at 12:32 am

കണ്ണൂര്‍: മലേഷ്യന്‍ മാതൃകയില്‍ കേരളത്തിലും കക്കൂസ് മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നു. പി പി പി മാതൃകയില്‍ മലേഷ്യന്‍ സംസ്ഥാനമായ കോലാലംപൂരില്‍ നടപ്പാക്കിയ സെപ്‌റ്റേജേ ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ മാതൃകയിലാണ് പ്ലാന്റ് സ്ഥാപിക്കാന്‍ ആലോചിക്കുന്നത്.

കഴിഞ്ഞ 35 വര്‍ഷത്തിലേറെയായി കോലാലംപൂരില്‍ നടക്കുന്ന പ്ലാന്റ് കഴിഞ്ഞ ആഴ്ച ഇന്ത്യയില്‍ നിന്നുള്ള സംഘം സന്ദര്‍ശിച്ച് പഠനം നടത്തിയിരുന്നു. ലോക ബേങ്ക് നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഇന്ത്യയില്‍ നിന്ന് സംഘത്തെ അയച്ചത്. സംഘത്തില്‍ കേരളത്തില്‍ നിന്ന് കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ എ കെ പ്രേമജം, കണ്ണൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ റോഷ്‌നി ഖാലിദ്, കളമശ്ശേരി നഗരസഭാ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്‍, വാട്ടര്‍ അതോറിറ്റി ടെക്‌നിക്കല്‍ മെമ്പര്‍ ടി സി സുപ്രന്‍ തുടങ്ങിയവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. കേരളത്തിന് പുറത്ത് അഗര്‍ത്തല നഗരസഭാ ചെയര്‍മാന്‍ ഒഴിച്ച് പങ്കെടുത്ത മറ്റെല്ലാവരും ഉദ്യോഗസ്ഥരായിരുന്നു. 24 പേര്‍ അഞ്ച് ദിവസം കോലാലംപൂരില്‍ താമസിച്ച് സംഘം പ്ലാന്റിന്റെ വിജയ സാധ്യത മനസ്സിലാക്കി.
ഇന്ത്യയില്‍ ഇതെ രീതിയില്‍ പ്ലാന്റ് സ്ഥാപിക്കുകയാണെങ്കില്‍ ലോക ബേങ്കിന്റെ സഹായവുമുണ്ടാകും. കേരളത്തില്‍ നിന്ന് പങ്കെടുത്ത സംഘം അടുത്തമാസം ആദ്യത്തോടെ നഗരകാര്യ വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. ഇന്ത്യയിലാകെ ഇത്തരത്തിലുള്ള പദ്ധതി നടപ്പാക്കാനാണ് ആലോചിക്കുന്നതെന്നതിനാല്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ കൂടി അഭിപ്രായം അനുസരിച്ചായിരിക്കും കേരളത്തില്‍ പദ്ധതി നടപ്പാക്കുക. കേരളത്തില്‍ കക്കൂസ് മാലിന്യ സംസ്‌കരണം രൂക്ഷമായ പ്രശ്‌നമായി മാറിയ സാഹചര്യത്തില്‍ നൂതനമായ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യാ ഗവണ്‍മെന്റ് തന്നെ മലേഷ്യയിലെ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിനെക്കുറിച്ച് പഠിക്കാന്‍ തയാറായത്. രണ്ട് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും കക്കൂസ് മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടുവെങ്കിലും ഇക്കാര്യത്തില്‍ കാര്യമായ നടപടിയൊന്നുമുണ്ടായില്ല. കണ്ണൂര്‍ നഗരത്തില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനായി സ്ഥലം കണ്ടെത്തിയെങ്കിലും ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.
സംസ്ഥാനത്തെ പല സ്ഥലങ്ങളിലും ഇതെ അനുഭവം തന്നെയാണുണ്ടായത്. കോലാലംപൂരില്‍ രണ്ട് എക്കര്‍ സ്ഥലത്താണ് പി പി പി മാതൃകയില്‍ പ്രാന്റ് പ്രവര്‍ത്തിക്കുന്നത്. രണ്ട് വര്‍ഷത്തിലൊരിക്കലാണ് കക്കൂസ് മാലിന്യം നീക്കം ചെയ്യുന്നത്. ഇതിനായി വീട്ടുടമസ്ഥന്‍ 3000ത്തോളം രൂപ അടക്കണം. കക്കൂസ് ടാങ്കില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യം ടാങ്കറില്‍ കയറ്റി പ്ലാന്റില്‍ എത്തിച്ച് ശുദ്ധീകരിക്കുന്നതാണ് രീതി.
പ്ലാന്റില്‍ വെച്ച് കക്കൂസ് മാലിന്യത്തില്‍ നിന്ന് മാലിന്യവും വെള്ളവും വേര്‍തിരിക്കും. വെള്ളം ശുദ്ധീകരിച്ച് പ്ലാന്റ് പ്രവര്‍ത്തിക്കുന്ന സ്ഥലത്തെ കൃഷിക്ക് വേണ്ടി ഉപയോഗിക്കും. മാലിന്യത്തില്‍ നിന്ന് വളം നിര്‍മിക്കും. പ്ലാന്റ് പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് വലിയ റബര്‍ തോട്ടവും പനത്തോട്ടവുമുണ്ട്. വളവും വെള്ളവും ഇതിനായാണ് ഉപയോഗിക്കുന്നത്. അഴുക്കുചാല്‍ ശൃംഖല വഴിയുള്ള മാലിന്യ സംസ്‌കരണം വാരാണസി നാഗരസഭയില്‍ ഉള്‍പ്പടെ നടപ്പാക്കിയത് വേണ്ടത്ര വിജയം കണ്ടിട്ടില്ല. ഓരോ വീട്ടിലെയും കക്കൂസ് മാലിന്യം മറ്റ് മലിനജലം എന്നിവ സെപ്റ്റിക് ടാങ്കില്‍ നിന്നും വലിയ പൈപ്പ് വഴി അകലെയുള്ള സംസ്‌കരണ കേന്ദ്രത്തില്‍ എത്തിക്കുകയാണ് ഈ രീതി. ഉയര്‍ന്ന ജല വിതാനമുള്ള നഗരങ്ങളില്‍ ഇത്തരം പദ്ധതികള്‍ പ്രായോഗികമല്ലന്നാണ് പഠനത്തില്‍ വ്യക്തമായത്.
ടാങ്കര്‍ ഘടിപ്പിച്ച വാഹനം വീടുകളിലെത്തി സെപ്റ്റിക് ടാങ്കില്‍ നിന്ന് പൈപ്പ് വഴി മാലിന്യം ശേഖരിച്ച് പ്ലാന്റിലെത്തിക്കുന്നതാണ് മലേഷ്യന്‍ രീതി. ഒരു കോടിയിലേറെ രൂപ ചെലവ് വേണ്ടിവരും ഇത്തരം പ്ലാന്റ് സ്ഥാപിക്കുന്നതിന്. പ്ലാന്റിലോ പരിസരത്തോ ദുര്‍ഗന്ധമൊന്നുമുണ്ടാകില്ലെന്ന് കോലാലംപൂരിലെ പ്ലാന്റ് സന്ദര്‍ശിച്ച കണ്ണൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ റോഷ്‌നി ഖാലിദ് പറയുന്നു. കൂടുതല്‍ സ്ഥലം ഉള്ള തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് പ്ലാന്റിനോടനുബന്ധിച്ച് വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ച് ഗ്രീന്‍ബല്‍റ്റ് സ്ഥാപിക്കാം. ഫഌറ്റുകളും വില്ലകളും വര്‍ധിച്ച് വരുന്നതോടെ കേരളത്തില്‍ അടിയന്തരമായി കക്കൂസ് മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത സര്‍ക്കാര്‍ ഗൗരവത്തിലെടുത്തിട്ടുണ്ട്. വലിയ മുതല്‍ മുടക്കില്ലാതെ നടപ്പാക്കാമെന്നതാണ് മലേഷ്യന്‍ മാതൃക സ്ഥാപിച്ചാലുള്ള നേട്ടം.

ALSO READ  കൊവിഡ് വ്യാപനം: ഇന്ത്യക്കാരനായ ഹോട്ടലുടമക്ക് തടവ് ശിക്ഷ വിധിച്ച് മലേഷ്യ