ആന്ധ്ര വിഭജിക്കരുതെന്ന് മന്ത്രിമാര്‍ രാഷ്ട്രപതിയോട്

Posted on: December 24, 2013 12:21 am | Last updated: December 24, 2013 at 12:21 am

ഹൈദരാബാദ്: ആന്ധ്രപ്രദേശ് സംസ്ഥാനം രണ്ടായി വിഭജിക്കരുതെന്ന് ആന്ധ്രപ്രദേശില്‍ നിന്നുള്ള മന്ത്രിമാര്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയോട് ആവശ്യപ്പെട്ടു. അനന്തപൂരില്‍ രാഷ്ട്രപതി പങ്കെടുത്ത പരിപാടിയിലാണ് മന്ത്രിമാര്‍ ഈ ആവശ്യം മുന്നോട്ട് വെച്ചത്.
സംസ്ഥാനത്തെ രണ്ടായി മുറിക്കാതെ ഭൂരിപക്ഷം വരുന്ന തെലുങ്ക് ജനതയുടെ വികാരം മാനിക്കണമെന്ന് പ്രാഥമിക വിദ്യാഭ്യാസ മന്ത്രി എസ് ശൈലജനാഥ് രാഷ്ട്രപതിയോട് അഭ്യര്‍ഥിച്ചു. താങ്കളാണ് തെലുങ്കു ജനതയുടെ പ്രതീക്ഷയെന്നും ആഹ്ലാദാരവങ്ങള്‍ക്കിടയില്‍ മന്ത്രി പ്രണാബ് മുഖര്‍ജിയോട് പറഞ്ഞു. മുന്‍ പ്രസിഡന്റ് നീലം സഞ്ജീവ റെഡ്ഢിയുടെ നൂറാം ജന്മദിന പരിപാടികള്‍ക്കെത്തിയതായിരുന്നും രാഷ്ട്രപതി. ഇതുസബന്ധമായി മന്ത്രി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തുകയും മെമ്മോറാണ്ടം സമര്‍പ്പിക്കുകയും ചെയ്തു. സീമാന്ധ്രയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് കൂടിയാണ് ശൈലജനാഥ്. തെലങ്കാനാ രൂപവത്കരണ ബില്‍ തള്ളണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
വിഭജനത്തെ എതിര്‍ത്ത് പ്രണാബ് മുഖര്‍ജിയെ നേരില്‍ കണ്ട് മെമ്മോറാണ്ടം നല്‍കാനെത്തിയ എസ് കെ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെ പോലീസ് തടഞ്ഞുവെച്ചു. മറ്റു വിദ്യാര്‍ഥി സംഘടനകളും വിവിധ പ്രതിഷേധ പരിപാടികള്‍ തയ്യാറാക്കിയിരുന്നു. ഇതിന്റെ മുന്നോടിയായി പോലീസ് വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരുന്നത്. ആന്ധ്രപ്രദേശ് വിഭജനത്തിനെതിരെ പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകര്‍ ഹൈദരാബാദില്‍ പ്രണാബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് റവന്യൂ മന്ത്രി രഘുവീര റെഡ്ഢി പറഞ്ഞു. അതേസമയം, കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എന്‍ കിരണ്‍ കുമാര്‍ റെഡ്ഢി രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയെ കണ്ടിരുന്നുവെന്ന വാര്‍ത്തകള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിഷേധിച്ചു. ജനുവരി മൂന്നിന് വിഭജനം സംബന്ധിച്ച ബില്‍ ചര്‍ച്ച ചെയ്യും.