മൊറട്ടോറിയം പലിശക്ക് മാത്രമാക്കണമെന്ന് ബേങ്കുകള്‍

Posted on: December 24, 2013 12:06 am | Last updated: December 24, 2013 at 12:06 am

തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം പലിശക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന് സംസ്ഥാനതല ബേങ്കേഴ്‌സ് സമിതിയില്‍ ആവശ്യം. വിദ്യാഭ്യാസ വായ്പ പൂര്‍ണമായി എഴുതിത്തള്ളുമെന്നു വിശ്വസിച്ച് തിരിച്ചടവിന് കഴിവുള്ളവര്‍ പോലും അതിനു തയ്യാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഈ ആവശ്യം. അതേസമയം, വിദ്യാഭ്യാസ വായ്പയുടെ കാര്യത്തില്‍ ബേങ്കുകള്‍ സ്വീകരിക്കുന്ന നിലപാട് ശരിയല്ലെന്ന് യോഗത്തില്‍ പങ്കെടുത്ത ധനമന്ത്രി കെ എം മാണിയും പ്ലാനിംഗ് മന്ത്രി കെ സി ജോസഫും വ്യക്തമാക്കി.

മൊറട്ടോറിയത്തിന്റെ പരിധിയില്‍ ഉള്‍പ്പെടാത്തവരും വായ്പ തിരിച്ചടക്കാന്‍ തയ്യാറാകുന്നില്ലെന്നും ബേങ്ക് മേധാവികള്‍ പറഞ്ഞു. വിദ്യാഭ്യാസ വായ്പയുമായി ബന്ധപ്പെട്ട കിട്ടാക്കടത്തെത്തുടര്‍ന്ന് ഇടുക്കി ജില്ലയിലെ ദേശസാല്‍കൃത ബേങ്കുകളുടെ നഷ്ടം വര്‍ധിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ചാണ് മൊറട്ടോറിയം പരിമിതപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചത്.
2004 മുതല്‍ 2009 വരെയുള്ള കാലയളവില്‍ വിദ്യാഭ്യാസ വായ്പ എടുത്തവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണം. ജോലിയുള്ളവരും വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ കൂടുതലുള്ളവര്‍ പോലും തിരിച്ചടവിന് മുതിരുന്നില്ല. 2009 മാര്‍ച്ച് 31നു ശേഷം വായ്പ എടുത്തവരും വായ്പ എഴുതിത്തള്ളുമെന്ന പ്രചാരണത്തില്‍പ്പെട്ടു തിരിച്ചടക്കാന്‍ തയ്യാറാകുന്നില്ല. മൊറട്ടോറിയത്തിന്റെ പശ്ചാത്തലത്തില്‍ ജപ്തി നടപടികളും നടത്താന്‍ കഴിയുന്നില്ല.
വിദ്യാഭ്യാസ വായ്പയുടെ കാര്യത്തില്‍ 420 കോടി രൂപ ഇടുക്കി ജില്ലയിലെ ബേങ്കുകള്‍ക്ക് കിട്ടാക്കടമായുണ്ട്. 22 ശതമാനമായി കിട്ടാക്കടം വര്‍ധിച്ച സാഹചര്യത്തില്‍ ജില്ലയിലെ പല ദേശസാത്കൃത ബേങ്കുകളും നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും യോഗം ചൂണ്ടിക്കാട്ടി. എല്ലാ വിദ്യാഭ്യാസ വായ്പകളും എഴുതിത്തള്ളുമെന്നും തിരിച്ചടക്കേണ്ടതില്ലെന്നും വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ വായ്പക്ക് സംസ്ഥാനത്തെ പല ബേങ്കുകളും വ്യത്യസ്ത പലിശയാണ് ഈടാക്കുന്നതെന്ന് മന്ത്രി കെ എം മാണി കുറ്റപ്പെടുത്തി. അടിസ്ഥാന പലിശനിരക്കില്‍ വായ്പ നല്‍കണം. അര്‍ഹരായവര്‍ക്ക് വായ്പ നല്‍കുന്നതില്‍ വിമുഖത കാണിക്കുകയാണ്. 2004 മുതല്‍ 2009 വരെ വിദ്യാഭ്യാസ വായ്പയെടുത്തവര്‍ക്ക് പ്രഖ്യാപിച്ച പലിശ സബ്‌സിഡി തുക വിതരണം ചെയ്തുവരികയാണ്. വായ്പാ തിരിച്ചടവിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം നടപ്പാക്കുന്നതില്‍ ബേങ്കുകള്‍ വേണ്ടത്ര സഹകരിക്കുന്നില്ല. വ്യക്തി മരണപ്പെടുകയാണെങ്കില്‍ വായ്പ പൂര്‍ണമായും എഴുതിത്തള്ളണമെന്നും മാണി ആവശ്യപ്പെട്ടു.
ക്ഷീര മേഖലക്ക് നല്‍കുന്ന വായ്പ കാര്‍ഷിക വായ്പാ വിഭാഗത്തിലുള്‍പ്പെടുത്തണം. 2016 ഓടുകൂടി ക്ഷീര മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും കെ സി ജോസഫ് വ്യക്തമാക്കി. കാനറാ ബാങ്ക് എം ഡി ആര്‍ കെ ദുബൈ, വി സോമസുന്ദരം, ഡോ. ആശാ തോമസ്, കെ ആര്‍ ജ്യോതിലാല്‍, എ അജിത്കുമാര്‍, പി ബാലകിരണ്‍, പി ജി തോമസ് എന്നിവര്‍ പങ്കെടുത്തു.