Connect with us

Kerala

ലാന്‍ഡ് അസൈന്‍മെന്റ് ആക്ട് ഭേദഗതികള്‍ റദ്ദാക്കി: പട്ടയഭൂമി ഇനി വില്‍ക്കാം

Published

|

Last Updated

തിരുവനന്തപുരം: ഉപാധിരഹിത പട്ടയം നല്‍കുന്നതിനായി ലാന്‍ഡ് അസൈന്‍മെന്റ് ആക്ടില്‍ വരുത്തിയ ഭേദഗതി റദ്ദാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 25 വര്‍ഷത്തേക്കുള്ള വില്‍പ്പനാവകാശ നിരോധവും പരമാവധി ഒരു ഏക്കര്‍ ഭൂമിക്ക് മാത്രമേ പട്ടയം നല്‍കൂവെന്ന നിബന്ധനയുമാണ് എടുത്ത് കളഞ്ഞത്. 1977ന് മുമ്പ് കുടിയേറി വീട് വെച്ച് താമസിക്കുന്നവര്‍ക്കാണ് വില്‍പ്പനാവകാശം ലഭിക്കുക. ഉപാധിരഹിത പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച കാര്യം സിറാജ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

1964ലെ കേരള ലാന്‍ഡ് റവന്യൂ റൂള്‍സിലെ റൂള്‍ അഞ്ച്- എ, റൂള്‍ എട്ട്-1 എന്നീ ഭേദഗതികളാണ് റദ്ദാക്കിയത്. ഇതോടെ പട്ടയം നല്‍കുന്ന ഭൂമിയുടെ പരിധി ഒരേക്കറില്‍ നിന്ന് നാല് ഏക്കറായി ഉയരും. 25 വര്‍ഷത്തേക്ക് ഭൂമി വില്‍ക്കാന്‍ പാടില്ലെന്ന വ്യവസ്ഥയിലും ഭേദഗതി വരുത്തി. ഭൂമിയില്‍ വീട് സ്ഥിതിചെയ്യുന്നുണ്ടെങ്കില്‍ കൈമാറ്റാനുമതിയാകാം. ഇടുക്കിയില്‍ 28ന് നടക്കുന്ന ഒന്നാം ഘട്ട പട്ടയ വിതരണം മുതല്‍ ഇത് നിലവില്‍ വരുമെന്ന് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച വിവര പൊതുജന സമ്പര്‍ക്ക മന്ത്രി കെ സി ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 1964ലെ ഭൂമി പതിക്കല്‍ നിയമത്തില്‍ 2005ലും 2009ലും വരുത്തിയ രണ്ട് നിയന്ത്രണങ്ങളാണ് അസാധുവാക്കിയത്. 1977 ജനുവരി ഒന്നിന് മുമ്പ് കൈവശമുള്ളതും നിലവില്‍ കൃഷിഭൂമിയായി പരിവര്‍ത്തനം ചെയ്തതുമായ ഭൂമിക്കാണ് ഉപാധിരഹിത പട്ടയം നല്‍കുക. പട്ടയം നല്‍കേണ്ട ഭൂമിയെ സംബന്ധിച്ച് താലൂക്ക് തഹസില്‍ദാര്‍ ഓഫീസുകള്‍ പരിശോധന നടത്തിയിട്ടുണ്ട്.
മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്റെ കാലാവധി ഒരുവര്‍ഷം കൂടി നീട്ടാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. മത്സ്യത്തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസമാകുന്ന തീരുമാനമാണിത്. കടമെടുത്തിരിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു വര്‍ഷം കൂടി മൊറട്ടോറിയം ലഭ്യമാകും.
കൊച്ചി സഹകരണ മെഡിക്കല്‍ കോളജ് ഏറ്റെടുക്കന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഡോ. ജുനൈദ് റഹ്മാനെ സ്‌പെഷ്യല്‍ ഓഫീസറായി യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്.

---- facebook comment plugin here -----

Latest