വിധിക്ക് മുമ്പില്‍ പകച്ച് ഒരമ്മയും മകനും

Posted on: December 23, 2013 8:35 am | Last updated: December 23, 2013 at 8:35 am

P1040626Kottakkal News Phoot (7)കോട്ടക്കല്‍: വിട്ടൊഴിയാത്ത ദുരന്ത വിധിയില്‍ ഭാവി ജീവിതത്തിന് മുമ്പില്‍ ചോദ്യ ചിഹ്നമായി ഇവിടെ ഇതാ ഒരമ്മയും മകനും. കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി ഇവര്‍ ഇവിടെ ജീവിക്കുന്നത് ജീവിതം സായാം സന്ധ്യയിലെത്തിയ ഒരമ്മയുടെ കാരുണ്യത്തിലും. കോഡൂര്‍ മങ്ങാട്ടുപുലം ഹരിജന്‍ കോളനിയിലെ ശ്രീദേവി എന്ന യുവതിക്കും പത്ത് വയസ്സുള്ള ഇവരുടെ മകന്നും ഇവരുടെ പ്രാഥമിക കാര്യങ്ങള്‍ക്ക് പോലും കൂട്ടായി 65 പിന്നിട്ട ചക്കി എന്ന മുത്തശ്ശിയുമാണ് സമൂഹത്തിന്റെ മുമ്പില്‍ സാന്ത്വനത്തിന്റെ കൈത്താങ്ങിനായി യാചിച്ച് ജീവിക്കുന്നത്.
പതിനൊന്ന് വര്‍ഷം മുമ്പ് വെള്ളം കോരുന്നതിനിടെ കാല്‍തെന്നി കിണറ്റല്‍ വീണാണ് ശ്രീദേവിക്ക് പരുക്കേല്‍ക്കുന്നത്. ഒന്നര മാസം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ നല്‍കിയെങ്കിലും ശരീരം തളര്‍ന്നു. അന്ന് നാല് മാസം ഗര്‍ഭിണിയായിരുന്നു ഇവര്‍. പിന്നീട് മലപ്പുറം താലൂക്കാശുപത്രിയിലായി ചികിത്സ. ചെലവ് താങ്ങാനാകാതെ വീട്ടിലേക്ക് തിരിച്ചു. ഇതിനിടയില്‍ സനേഷിന് ജന്മം നല്‍കി. കുട്ടിക്ക് 40ദിവസം പ്രായമായ സമയം ഇവരുടെ തണലായിരുന്ന ഭര്‍ത്താവ് അറ്റാക്ക് മൂലം മരണപ്പെട്ടു. ഇദ്ദേഹത്തിന്ന് ബന്ധുക്കളില്ലാത്തിനെ തുടര്‍ന്ന് അമ്മ ചക്കി മകളെയും മകനെയും സ്വന്തം വീട്ടിലേക്ക് കൊണ്ട് വന്നു. ജന്മത്തില്‍ തന്നെ ചലന ശേഷി നഷ്ടമായ ഇവരുടെ മകന്‍ സനേഷിനും ശ്രീദേവിക്കും കൂട്ടിലിരിക്കലായി ചക്കിയുടെ തൊഴില്‍. അടുപ്പിച്ചിട്ട കട്ടിലില്‍ മൂന്ന് പേരും മുഖത്തോട് മുഖം നോക്കി കഴിഞ്ഞ 11വര്‍
ഷമായി ജീവിക്കുകയാണ്. അടുക്കളയില്‍ ഒരുക്കി വെച്ച ഭക്ഷണം എടുക്കണമെങ്കിലും കട്ടിലിനടിയിലെ വെള്ള പാത്രം കിട്ടണമെങ്കിലും ഇരു പേര്‍ക്കും ഈ വൃദ്ധയുടെ സഹായം വേണം. പണമില്ലാത്തതിനാല്‍ ചികിത്സ ലഭിക്കാതിരുന്നത് കൊണ്ട് പിറന്ന കുഞ്ഞിന് സംസാരിക്കാനൊ ചലിക്കാനൊ കഴിയാതെയായി. ആകെ ഉണ്ടായിരുന്ന മൂന്ന് സെന്റില്‍ കോഡൂര്‍ പഞ്ചായത്ത് നിര്‍മിച്ചു നല്‍കിയ വീട്ടിലാണ് ഈ മൂന്ന് പേര്‍.
ശരീരമാസകലം തളര്‍ന്ന് കിടക്കുമ്പോഴും സ്‌കൂളില്‍ പോലും ചേര്‍ക്കാന്‍ കഴിയാതെ പോയ തന്റെ കുഞ്ഞിന്റെ കാര്യത്തിലാണ് ഈ അമ്മയുടെ ദുഖം. ഇവരുടെ അവസ്ഥ കോട്ടറിഞ്ഞ് കഴിഞ്ഞ മാസം വീട്ടിലെത്തിയ പ്രദേശത്തെ ചേതന എന്ന ട്രസ്റ്റ് പ്രവര്‍ത്തകരുടെ കാരുണ്യത്തില്‍ ആര്യവൈദ്യ ശാലയിലെത്തിച്ച് ചികിത്സിച്ചതിനെ തുടര്‍ന്ന് കുട്ടി സംസാരിക്കാനും യുവതിക്ക് ശരീരം അല്‍പ്പമെങ്കിലും ചലിപ്പിക്കാനും ആയിട്ടുണ്ട്. അലോപതി ചികിത്സ കിട്ടിയാല്‍ ഇരു പേരെയും രക്ഷിക്കാമെന്നാണ് പ്രതീക്ഷ. പക്ഷേ, നിത്യ ജീവിതത്തിന്ന് പോലും വകയില്ലാത്ത ഇവര്‍ സമൂഹത്തിന്റെ കാരുണ്യമാണ് തേടുന്നത്. അതൊടൊപ്പം ഭാവി ജീവിത്തിലേക്കുള്ള കൈത്താങ്ങും
. 65 പിന്നിട്ട അമ്മയുടെ കാലം കഴിഞ്ഞാല്‍ പിന്നീടാര് എന്ന ചോദ്യത്തിന് ഉത്തരം കൂടി തേടുകയാണ് ഈ അമ്മയും മകനും.