Connect with us

Wayanad

ടൈറ്റാനിയവും സെന്‍ട്രല്‍ എക്‌സൈസും ഇന്ന് നേര്‍ക്കുനേര്‍

Published

|

Last Updated

മീനങ്ങാടി: സംസ്ഥാന ക്ലബ്ബ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗ്രൂപ്പ് ബിയിലെ രണ്ടാമത് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഞായറാഴ്ച രാത്രി ഏഴിന് തിരുവനന്തപുരം ടൈറ്റാനിയം കൊച്ചി സെന്‍ട്രല്‍ എക്‌സൈസിനെ നേരിടും. പ്രീ ക്വാര്‍ട്ടറില്‍ ബത്തേരി ഫ്രന്റ്‌ലൈനായിരുന്നു എക്‌സൈസിന്റെ എതിരാളി. മറുപടിയില്ലാത്ത മുന്നു ഗോളിനായിരുന്നു വിജയം. തൃശൂര്‍ ശ്രീ കേരളവര്‍മ കോളേജിനെ ഒന്നിനെതിരെ അഞ്ച് ഗോളിനു തുരത്തിയാണ് ടൈറ്റാനിയം ക്വാര്‍ട്ടറിലേക്കുള്ള വഴി തുറന്നത്.
സന്തോഷ്‌ട്രോഫി, കേരള അണ്ടര്‍-21, എം.ജി സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല താരങ്ങളടങ്ങുന്നതാണ് ടൈറ്റാനിയം നിര. സന്തോഷ്‌ട്രോഫി താരം ടി.ഉസ്മാനാണ് നായകന്‍. കേരളവര്‍മയുമായുള്ള കളിയിയില്‍ സ്‌ട്രൈക്കര്‍ ഉസ്മാന്‍, റൈറ്റ് മിഡ്ഫീല്‍ഡര്‍ സാബിത്, ഡിഫന്‍ഡര്‍ സയിര്‍ഷാ, സ്‌ട്രൈക്കര്‍ സമീര്‍ എന്നിവരാണ് ടൈറ്റാനിയത്തിനുവേണ്ടി സ്‌കോര്‍ ചെയ്തത്. സയിര്‍ഷാ രണ്ട് തവണ കേരളവര്‍മയുടെ വലയില്‍ പന്ത് എത്തിച്ചു. മത്സരത്തിന്റെ 16, 40, 77,83, 85 മിനിറ്റുകളിലായിരുന്നു ടൈറ്റാനിയത്തിന്റെ ഗോള്‍ നേട്ടം. മുപ്പത്തിയേഴാം മിനിറ്റില്‍ മൗസൂഫ് നൈസാനാണ് കേരളവര്‍മയുടെ ആശ്വാസഗോള്‍ നേടിയത്.
സ്‌കൈലൈന്‍(ഗോള്‍ കീപ്പര്‍), എബിന്‍ റോസ്, കൃഷ്ണദവ്, ഷാജി, അബ്ദുല്‍ഹമീദ്, രാഹുല്‍, സജിത് പൗലോസ്, അബ്ദുല്‍ റഹ്മാന്‍, ഫെര്‍ണാണ്ടസ്. അഫ്‌സല്‍, ഷബീര്‍, ലിനു, നജീബ്ഖാന്‍, ജോബി ജസ്റ്റിന്‍ എന്നിവരും അടങ്ങുന്നതാണ് ടൈറ്റാനിയം ടീം. മൂന്‍ ഇന്റര്‍നാഷണല്‍ താരങ്ങളായ ഗീവര്‍ഗീസും അബ്ദുല്‍ റഷീദുമാണ് യഥാക്രമം കോച്ചും മാനേജരും.
പ്രതിഭാസമ്പന്നമാണ് എക്‌സൈസ് താരനിരയും. സന്തോഷ്‌ട്രോഫി താരം വീനീത് ആന്റണിയാണ് നായകന്‍. എന്‍.എം.അനൂപ്, ബിജേഷ്‌ബെന്‍, ഡി.സജിന്‍, റമീസ്, എം.കെ.സുനില്‍, സുരേഷ്, മാത്യുസ് പൗലോസ്, മുനീര്‍, റോഷന്‍, പി.നൗഷാദ്, ഹാന്‍സന്‍ തുടങ്ങിയവര്‍ താരനിരയിലെ പ്രമുഖരാണ്. ഇതില്‍ ബിജേഷ്‌ബെന്‍ ടീമിന്റെ പരിശീലകനുമാണ്. പ്രീ ക്വാട്ടറില്‍ ബത്തേരി ഫ്രന്റ്‌ലൈനുമായുള്ള മത്സരത്തില്‍ റൈറ്റ് വിങ്ബാക്ക് മാത്യൂസ് പൗലോസ്, ഇന്‍സൈഡ് ഫോര്‍വേഡ് പി.നൗഷാദ്, ക്യാപ്റ്റന്‍ വിനീത് ആന്റണി എന്നിവരായിരുന്നു എക്‌സൈസിന്റെ ഗോള്‍വേട്ടക്കാര്‍.

Latest