ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി കേക്ക് വിപണി ഒരുങ്ങി

Posted on: December 22, 2013 12:57 pm | Last updated: December 22, 2013 at 12:57 pm

കോഴിക്കോട്: ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നിറം പകരാനായി കേക്ക് വിപണി ഒരുങ്ങി. അതിന്റെ ആദ്യപടിയായി കോഴിക്കോടന്‍സ് ബേക്കറിയുടെ കേക്ക് കാര്‍ണിവല്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ ആരംഭിച്ചു. ബാര്‍ബി പാവകളുടെയും സ്‌പൈഡര്‍മാനിന്റെയും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെയും രൂപത്തിലുള്ള കേക്കുകളെല്ലാം മേളയിലുണ്ട്. ഇന്ത്യയുടെ അഭിമാനമായ മംഗള്‍യാന്റെ ഭീമന്‍ മാതൃകയാണ് ഇത്തവണ കാര്‍ണിവലിലെ പ്രധാന ആകര്‍ഷണം.
സമൂഹത്തില്‍ നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളും ചലനങ്ങളും കേക്ക് നിര്‍മാണത്തില്‍ പ്രതിഫലിപ്പിച്ചുകൊണ്ടാണ് കാര്‍ണിവല്‍ ഒരുക്കിയിരിക്കുന്നത്. 150 കിലോഗ്രാം തൂക്കം വരുന്ന മംഗള്‍യാന്‍ കേക്ക് കോഴിക്കോടന്‍ ബേക്കറിയിലെ ആറ് ജീവനക്കാര്‍ ഒന്നര ദിവസം കൊണ്ട് നിര്‍മിച്ചതാണ്. ഹാര്‍ഡ്, ബട്ടര്‍ ഐസിംഗ് ഉപയോഗിച്ച് നിര്‍മിച്ച് ഈ കേക്ക് പുതുവത്സര ദിനം വരെ സൂക്ഷിക്കുമെന്ന് കോഴിക്കോടന്‍സ് ബേക്കറി പ്രൊപ്രൈറ്റര്‍ ജാഫര്‍ പറഞ്ഞു.
ലൈവ് കേക്ക് നിര്‍മാണവും കേക്ക് കാര്‍ണിവലിന്റെ ഭാഗമായി നടക്കുന്നുണ്ട്. ഇഷ്ടമുള്ള രൂപത്തില്‍ തത്സമയം കേക്കുകള്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഇവിടെ ലഭിക്കുന്നത്. വിദേശനിലവാരത്തിലുള്ള കേക്കുകളും പ്രമേഹ രോഗികള്‍ക്കായി ഷുഗര്‍ ഫ്രീ കേക്കുകളും വെജ് കേക്കുകളും ഫ്രഷ് ക്രീം കേക്കുകളും കാര്‍ണിവലില്‍ ലഭ്യമാണ്. കേക്ക് കിലോഗ്രാമിന് 130 രൂപ മുതല്‍ 750 രൂപ വരെയാണ് കാര്‍ണിവലില്‍ വില. ബാര്‍ബി പാവകളുടെ രൂപത്തിലുള്ള സുന്ദരന്‍ കേക്കിന് അഞ്ഞൂറ് രൂപയും സച്ചിന് അഭിനന്ദനം അര്‍പ്പിക്കുന്ന കേക്കിന് 700 രൂപയുമാണ് വില. ഫൂട്‌ബോള്‍ ഗ്രൗണ്ട്, സാന്താക്രോസ്, താജ്മഹല്‍ തുടങ്ങിയ രൂപങ്ങളിലുള്ള കേക്കുകളും ഇവിടെയുണ്ട്.
കോഴിക്കോട് മെഡിക്കല്‍ കോളജ് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ക്ലിനിക്കിലെ ഡോ സുരേഷ് കുമാര്‍ കേക്ക് കാര്‍ണിവല്‍ ഉദ്ഘാടനം ചെയ്തു. കാര്‍ണിവലില്‍ നിന്ന് ലഭിക്കുന്ന ലാഭവിഹിതം പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ക്ലിനിക്കിന് കൈമാറുമെന്ന് ജാഫര്‍ പറഞ്ഞു. കാര്‍ണിവര്‍ പുതുവര്‍ഷം വരെ തുടരും.