Connect with us

National

തിരഞ്ഞെടുപ്പില്‍ മോദി നിഷ്പ്രഭനായാല്‍ മുതലെടുക്കാന്‍ അഡ്വാനി പക്ഷം

Published

|

Last Updated

ന്യൂഡല്‍ഹി: ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ട നരേന്ദ്ര മോദിയുടെ പ്രകടനം മോശമായാല്‍ തത്സ്ഥാനം അലങ്കരിക്കാന്‍ എല്‍ കെ അഡ്വാനി തയ്യാറെടുക്കുന്നതായി സൂചന. ഗാന്ധിനഗറില്‍ നിന്ന് മത്സരിക്കുമെന്ന അഡ്വാനിയുടെ പ്രസ്താവന ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.
അടുത്ത് നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 272 സീറ്റുകളെങ്കിലും നേടണമെന്നാണ് ബി ജെ പിയുടെ ലക്ഷ്യം. എന്നാല്‍ മോദിയുടെ പ്രകടനം മോശമായാല്‍ സഖ്യ സാധ്യതകള്‍ കണക്കിലെടുത്ത് മറ്റ് പാര്‍ട്ടികള്‍ക്ക് കൂടുതല്‍ സ്വീകാര്യനായ അഡ്വാനിയെ രംഗത്തിറക്കുമെന്നാണ് കരുതുന്നത്. മോദിയോട് അടുത്ത കേന്ദ്രങ്ങള്‍ പോലും ബി ജെ പിയുടെ 272 സീറ്റെന്ന ലക്ഷ്യം നേടാന്‍ കഴിയില്ലെന്ന ആശങ്ക രേഖപ്പെടുത്തുന്നു. എന്നാല്‍ മോദിയെ കൂടാതെ മറ്റൊരു നേതാവിനെ സങ്കല്‍പ്പിക്കാന്‍ ഇപ്പോള്‍ സാഹചര്യമില്ലെന്ന നിലപാടാണ് ചില നേതാക്കള്‍ക്കുള്ളത്. മോദിയുടെ നേതൃത്വത്തില്‍ ബി ജെ പിയുടെ ലക്ഷ്യം പൂര്‍ത്തിയാക്കുമെന്ന് തന്നെയാണ് ഇവരുടെ വാദം. അഡ്വാനിയെ വീണ്ടും നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്നു എന്ന പ്രചാരണങ്ങള്‍ക്കിടെ, മോദിയെ പ്രധാനമന്ത്രിയാക്കുമെന്ന വാഗ്ദാനത്തില്‍ നിന്ന് പുറകോട്ട് പോകില്ലെന്ന് ബി ജെ പി ജനറല്‍ സെക്രട്ടറി പി മുരളീധര്‍ റാവു കോയമ്പത്തൂരില്‍ വ്യക്തമാക്കി. മോഡിക്ക് കീഴില്‍ മത്സരത്തിലേര്‍പ്പെട്ടതിന് ശേഷം മറ്റൊരു നേതാവിനെ തിരഞ്ഞെടുക്കുമെന്ന കാര്യത്തില്‍ ആര്‍ എസ് എസും വിരുദ്ധ നിലപാടിലാണ്. രാജസ്ഥാനിലും മധ്യപ്രദേശിലും അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി നേട്ടമുണ്ടാക്കിയത് മോദി പ്രഭാവത്തിലാണെന്നാണ് ആര്‍ എസ് എസ് കണക്കുകൂട്ടല്‍.

Latest