യൂണിഫോം വിതരണം ബഹിഷ്‌കരിക്കും: ഹെഡ്മാസ്റ്റേഴ്‌സ് ഫോറം

Posted on: December 21, 2013 8:01 am | Last updated: December 21, 2013 at 8:01 am

അരീക്കോട്: സൗജന്യ യൂണിഫോം വിതരണം ബഹിഷ്‌കരിക്കുമെന്ന് ഹെഡ്മാസ്റ്റേഴ്‌സ് ഫോറം. യൂണിഫോം വിതരണത്തിനായി സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ അപ്രായോഗികമായതിനാല്‍ യൂണിഫോം വിതരണ നടപടിക്രമങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് അരീക്കോട് ഉപജില്ലാ ഹെഡ്മാസ്റ്റേഴ്‌സ് ഫോറം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഒരു ജോഡി യൂണിഫോമിന് 200 മുതല്‍ 300 രൂപവരെ തയ്യല്‍ കൂലിയുള്ളപ്പോള്‍ രണ്ടു ജോഡി യൂണിഫോമിനുള്ള തുണിയും തയ്യല്‍ക്കൂലിയും ഉള്‍പ്പെടെ 400 രൂപ മാത്രമാണ് സര്‍ക്കാര്‍ അനുവദിക്കുന്നത്.
ഏഴാം ക്ലാസ് വരെയുള്ള ആണ്‍കുട്ടികള്‍ക്ക് നിക്കര്‍ ആണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. നിക്കറിന് പകരം പാന്റ്‌സ് നല്‍കുന്നതിനുള്ള അധിക ചെലവ് വഹിക്കാന്‍ പിടി എകള്‍ക്ക് സാമ്പത്തിക ബാധ്യത വരുത്തിവെയ്ക്കും. എട്ടാം ക്ലാസിലെ പെണ്‍കുട്ടികള്‍ക്ക് ദുപ്പട്ടയ്ക്ക് നിര്‍ദ്ദേശിച്ച അളവ് കുറവാണ്.
100% പോളിയെസ്റ്റര്‍ തുണി കേരളത്തിലെ കാലാവസ്ഥക്ക് അനുയോജ്യമല്ല. സര്‍ക്കാര്‍ നിര്‍ദേശിച്ച വിതരണക്കാര്‍ നല്‍കുന്ന പാറ്റേണുകള്‍ പരിമിതമാണ്.
നിലവില്‍ ഓരോ സ്‌കൂളുകള്‍ക്കും വ്യത്യസ്ത പാറ്റേണുകളാണുള്ളത്. പരിമിതമായ പാറ്റേണുകളില്‍ മാത്രം യൂണിഫോം നല്‍കുന്നത് പൊതുവിദ്യാലയങ്ങളെ അനാകര്‍ഷകമാക്കും ഇപ്പോള്‍ നിര്‍ദേശിക്കപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി യൂണിഫോം വിതരണം ചെയ്യുമ്പോഴേക്കും അധ്യായന വര്‍ഷം അവസാനിക്കുമെന്നും ഹെഡ്മാസ്റ്റേഴ്‌സ് ഫോറം അഭിപ്രായപ്പെട്ടു.
ഉപജില്ലാ എച്ച് എം ഫോറം സെക്രട്ടറി എം സി ജോസ് അധ്യക്ഷത വഹിച്ചു. കെ പി തോമസ്, എന്‍ മോഹന്‍ദാസ്, ഖാലീദ് പി, കെ എന്‍ രാമകൃഷ്ണന്‍, കെ രത്‌നാകരന്‍ പ്രസംഗിച്ചു.