‘വീട്ടുമുറ്റത്തൊരു അരുമക്കോഴി’: പദ്ധതിക്ക് തുടക്കമായി

Posted on: December 21, 2013 7:59 am | Last updated: December 21, 2013 at 7:59 am

കാളികാവ്: സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് സ്‌കൂള്‍ കുട്ടികള്‍ക്കായി നടപ്പിലാക്കുന്ന വീട്ടുമുറ്റത്തൊരു അരുമക്കോഴി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ചോക്കാട് ജി യു പി എസ് സ്‌കൂളില്‍ നടന്നു.
സംസ്ഥാനത്തെ 5-ാം തരം മുതല്‍ 9-ാം തരം വരേയുളള കുട്ടികള്‍ക്കാണ് സൗജന്യമായി കോഴി വിതരണം ചെയ്യുന്നത്. റൂറല്‍ ബാക്യാഡ് പൗള്‍ട്രി പ്രോഗ്രാം 2013-14 ഭാഗമായി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 60 സ്‌കൂളുകളിലെ നൂറ് വീതം കുട്ടികള്‍ക്കാണ് കോഴി വിതരണം ചെയ്യുന്നത്.
ഒരു കുട്ടിക്ക് അഞ്ച് കോഴികളേയും കോഴിത്തീറ്റയുമാണ് നല്‍കുന്നത്. ജില്ലാപഞ്ചായത്ത് അംഗം പി ഖാലിദ് മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ചോക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആനിക്കോട്ടില്‍ ഉണ്ണികൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. ചോക്കാട് മൃഗ ഡോക്ടര്‍ കെ പി അന്‍വര്‍ സ്വാഗതം പറഞ്ഞു. ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ ഡോക്ടര്‍ പി എന്‍ ശശിധരന്‍ പദ്ധതി വിശദീകരിച്ചു.
പഞ്ചായത്ത് വൈസ്പ്രസിഡന്റ് അന്നമ്മാ മാത്യൂ, പ്രധാനാധ്യാപകനായ ബാല ഗോവിന്ദന്‍, പി ടി എ പ്രസിഡന്റ് കെ ടി മുജീബ്, എന്‍ കബീര്‍ മാസ്റ്റര്‍ സംസാരിച്ചു.