മെല്‍വിന്‍ പാദുവയടക്കം പതിമൂന്ന് ശിക്ഷാ തടവുകാരെ വിട്ടയച്ചു

Posted on: December 21, 2013 7:52 am | Last updated: December 21, 2013 at 7:52 am

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പതിമൂന്ന് ശിക്ഷാ തടവുകാരെ വിട്ടയച്ചു. ജയില്‍ ഉപദേശക സമിതി ശിപാര്‍ശ ചെയ്ത തടവുകാരെയാണ് വിട്ടയച്ചത്. ഇതില്‍ ഏഴ് പേര്‍ കൊലക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചു വന്നവരാണ്. ഇരുപത് പേരെ വിട്ടയക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ഇവരില്‍ ഒരാള്‍ പരോളിലാണ്. മറ്റൊരാള്‍ ശിക്ഷാ കാലാവധി കഴിഞ്ഞ് ഈയിടെ പുറത്തിറങ്ങി. അഞ്ച് പേര്‍ പിഴയടക്കാനാകാതെ ജയിലില്‍ത്തന്നെ കഴിയുകയാണ്. ഇന്നലെ വൈകിട്ടാണ് തടവുകാരെ വിട്ടയക്കാനുള്ള ഉത്തരവ് സെന്‍ട്രല്‍ ജയിലില്‍ ലഭിച്ചത്.
ഇന്നലെ വിട്ടയച്ചവരില്‍ ഭരണങ്ങാനം സ്വദേശി ബാലന്‍, മെല്‍വിന്‍ പാദുവ (എറണാകുളം), ചാത്തനാരി ശിവന്‍ (കൊയിലാണ്ടി) മണി എന്ന സുരന്‍ (തൃശൂര്‍), കുഞ്ഞപ്പന്‍ (കൂരാച്ചുണ്ട്, കോഴിക്കോട്), ജോസഫ് സോജന്‍ (വൈറ്റില), പെന്‍സില്‍ റാവു (തമിഴ്‌നാട്) എന്നിവരാണ് കൊലപാതക കുറ്റത്തിന് ജീവപര്യന്തം ശിക്ഷയനുഭവിച്ചുവന്നത്. കടുങ്ങന്‍, മുരളീധരന്‍ (മലപ്പുറം), സാജിദ് (കണ്ണൂര്‍), വിക്രം (ഒറീസ), സുരേഷ് (കൊടുവള്ളി), മുരളി (തമിഴ്‌നാട്) എന്നിവര്‍ കൊലപാതക ശ്രമം, നരഹത്യ എന്നീ കേസുകളിലാണ് ശിക്ഷിക്കപ്പെട്ടത്.
ഭരണങ്ങാനം സ്വദേശി ബാലനാണ് ഏറ്റവും കൂടുതല്‍ കാലം ശിക്ഷയനുഭവിച്ചത്. 21 വര്‍ഷമാണ് ഇയാള്‍ വിവിധ ജയിലുകളില്‍ കഴിഞ്ഞത്. ട്രെയിനില്‍ വച്ച് യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷയനുഭവിച്ച മെല്‍വിന്‍ പാദുവ പതിനാറ് വര്‍ഷം ജയിലില്‍ കിടന്ന് ശിക്ഷാ കാലാവധിയില്‍ രണ്ടാം സ്ഥാനത്താണ്.