Connect with us

Gulf

ഫസല്‍ തങ്ങളുടെ ദോഫാര്‍ ഭരണം: എഴുതപ്പെട്ട ചരിത്രം വായിക്കുന്നു

Published

|

Last Updated

മസ്‌കത്ത്: മമ്പുറം തങ്ങളുടെ മകനും മലബാറിലെ പ്രസിദ്ധനായ സാമ്രാജ്യത്വ വിരുദ്ധ സമരനായകനുമായിരുന്ന സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ അഞ്ചു വര്‍ഷം ദോഫാറില്‍ ഭരണം നടത്തിയതായി നേരത്തെ എഴുതപ്പെട്ട ചരിത്രം പുനര്‍വായനക്കു വിധേയമാകുന്നു. എന്നാല്‍ മലയാളിയുടെ ഭരണ സാരഥ്യം പുതുതായി കണ്ടെത്തിയെന്ന രീതിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചില മാധ്യമങ്ങളില്‍ വന്ന തെറ്റായ വാര്‍ത്തള്‍ ചരിത്രാന്വേഷകരില്‍ കൗതുകമുണ്ടാക്കി. രേഖപ്പെട്ട ചരിത്രങ്ങളിലുള്ള അജ്ഞതയായി ഇവ വിലയിരുത്തപ്പെടുന്നു. പുതിയ വിവരവും തെളിവുകളുമെന്ന രീതിയില്‍ വന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് ഫസല്‍ തങ്ങളെക്കുറിച്ച് പഠനം നടത്തിയ ചരിത്രകാരന്‍മാര്‍ പ്രതികരിച്ചു. അടുത്ത ദിവസം കോഴിക്കോട് നടക്കുന്ന കേരള ഹെറിറ്റേജ് കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കുന്നതിനായി മസ്‌കത്തില്‍ പ്രവര്‍ത്തിക്കുന്ന റഹ്മത്തുല്ല മഗ്‌രിബി തയാറാക്കിയ പ്രബന്ധമാണ് തെറ്റായ വ്യാഖ്യാനത്തിനു വിധേയമായത്.
ഇംഗ്ലീഷിലും അറബിയിലും പതിറ്റാണ്ടുകള്‍ക്കു മുമ്പ് പ്രസിദ്ധീകരിച്ച ചരിത്രങ്ങള്‍ക്കു പുറമെ മലയാളി ചരിത്രകാരന്‍മാരായ കെ കെ അബ്ദുല്‍ കരീം, ഡോ. കെ കെ അബ്ദുല്‍ സത്താര്‍, ഡോ. എം എച്ച് ഇല്യാസ് തുടങ്ങിയവര്‍ ഫസല്‍ തങ്ങളുടെ ദോഫാര്‍ ഭരണത്തെക്കുറിച്ച് അന്വേഷണം നടത്തി പുസ്തകവും പ്രബന്ധവും രചിച്ചിട്ടുണ്ട്. തിരൂരങ്ങാടി പി എസ് എം ഒ കോളജിലെ ചരിത്രാധ്യാപകനായ ഡോ. കെ കെ അബ്ദുല്‍ സത്താര്‍ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങളെക്കുറിച്ച് ഇംഗ്ലീഷില്‍ പുസ്തകമെഴുതി. “മാപ്പിള ലീഡര്‍ ഇന്‍ എക്‌സൈല്‍: എ പൊളിറ്റിക്കല്‍ ബയോഗ്രാഫി ഓഫ് സയ്യിദ് ഫസല്‍ തങ്ങള്‍” എന്ന കൃതി അതര്‍ ബുക്‌സ് ആണ് പ്രസിദ്ധപ്പെടുത്തിയത്. തന്റെ പിതാവ് കെ കെ മുഹമ്മദ് അബ്ദുല്‍ കരീം മലയാളത്തില്‍ രചിച്ച “മഹത്തായ മാപ്പിള പാരമ്പര്യം” എന്ന പുസ്തകത്തിലും ഈ വിവരം പറയുന്നുണ്ടെന്ന് ഡോ. സത്താര്‍ പറഞ്ഞു. ഏതാനും മാപ്പിളപ്പാട്ടുകളിലും ദോഫാര്‍ ഭരണ ചരിത്രം കടന്നു വന്നിട്ടുണ്ട്.
ഫസല്‍ തങ്ങളുടെ ജീവ ചരിത്രവും ഒമാനിലെ ഭരണവും നിരവധി അറബി ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ആനി കെ ബാംഗ് സൂഫികളെയും പണ്ഡിതന്‍മാരെയും കുറിച്ച് തയാറാക്കിയ ഗ്രന്ഥത്തിലാണ് ആദ്യമായി ഇംഗ്ലീഷില്‍ വിവരിക്കപ്പെടുന്നതെന്നും ഒമാനും മലബാറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠനം നടത്തിയ ജാമിഅ മില്ലിയ ഇസ്‌ലാമിയ്യ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. എം എച്ച് ഇല്യാസ് പറഞ്ഞു. ഫസല്‍ തങ്ങളുടെ ചരിത്രം സമഗ്രമായി തന്നെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. മലയാളികളാല്‍ തന്നെ ചരിത്രം രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതിനാല്‍ അറിയാത്ത ചരിത്രം എന്നു പറയാനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസസമയം, പുതുതായി കണ്ടെത്തുന്ന ചരിത്രം എന്ന് തന്റെ പ്രബന്ധത്തെ വിശേഷിപ്പിക്കുന്നില്ലെന്ന് എഴുത്തുകാരന്‍ റഹ്മത്തുല്ല മഗ്‌രിബി പ്രതികരിച്ചു. താന്‍ നടത്തിയത് ചരിത്ര രചനയല്ല, എഴുതപ്പെട്ട ചരിത്രങ്ങളില്‍നിന്നും ഫസല്‍ പൂക്കോയ തങ്ങള്‍ ദോഫാറില്‍ നടത്തിയ ഭരണ പരിഷ്‌കാരങ്ങള്‍ സമാഹരിച്ച് പ്രബന്ധം തയാറാക്കുകയായിരുന്നു. സകാത്ത് പിരിച്ചെടുക്കുക, സ്ത്രീകള്‍ മുഖത്ത് ഛായം തേച്ചും മറ്റും നടക്കുന്നത് നിരോധിക്കുക പോലുള്ള ഇടപെടലുകള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. അവ സഊദിയിലെ കിംഗ് ഫഹദ് യൂനിവേഴ്‌സിറ്റിയില്‍ സമര്‍പ്പിക്കപ്പെട്ടതുള്‍പെടെയുള്ള അറബ് ചരിത്ര ഗ്രന്ഥങ്ങളില്‍നിന്നുമാണ് കണ്ടെത്തിയത്. ഡോ. എം എച്ച് ഇല്യാസ് ഉള്‍പെടെയുള്ളവരുടെ പഠനങ്ങള്‍ പരിശോധിച്ചും കടപ്പാട് ചേര്‍ത്തുമാണ് പ്രബന്ധം തയാറാക്കിയിരിക്കുന്നത്. ചരിത്രത്തില്‍ പുതിയതല്ലെങ്കിലും മലയാളികള്‍ക്ക് “ദോഫാര്‍ ഭരണത്തിലെ മലയാളി” പുതുമയുള്ളതാണെന്നു കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, മലയാളത്തില്‍ തന്നെ ഈ വിവരം നേരത്തെ രചിക്കപ്പെട്ടിട്ടുണ്ടെന്നാണ് ഡോ. കെ കെ അബ്ദുല്‍ സത്താറിന്റെ വിശദീകരണം. ഡോ. എം എച്ച് ഇല്യാസും ഇതു ശരിവെക്കുന്നു. നേരത്തെ എഴുത്തപ്പെട്ട ചരിത്രങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ സമാഹരിച്ച് അവതരിപ്പിക്കുന്നതിന് ഗവേഷണം എന്നു പറയാനാകില്ലെന്ന് ഡോ. സത്താര്‍ പറഞ്ഞു. റഹ്മത്തുല്ല മഗ്‌രിബി നടത്തുന്ന അന്വേഷണങ്ങള്‍ സ്വാഗതാര്‍ഹമാണെന്നും കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ അദ്ദേഹം നടത്തുന്ന പരിശ്രമം അറിയാമെന്നും ഡോ. ഇല്യാസ് പറഞ്ഞു. ഈ രംഗത്തേക്കു കടന്നു വരുന്ന ചെറുപ്പക്കാര്‍ പ്രോത്സാഹിപ്പിക്കപ്പെടണമെന്നും എന്നാല്‍ അത് തെറ്റായ വിവരണങ്ങളോടെയാകരുതെന്ന് ഡോ. സത്താര്‍ ചൂണ്ടിക്കാട്ടി.
സയ്യിദ് ഫസല്‍ പൂക്കോയ തങ്ങളുടെ ദോഫാര്‍ ഭരണ ചരിത്രം പുതിയതല്ലെന്ന് ഡോ. എം എച്ച് ഇല്യാസ് സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്‌സിറ്റിയില്‍ സമര്‍പ്പിച്ച പ്രബന്ധം തന്നെ തെളിയിക്കുന്നതായി ടൈംസ് ഓഫ് ഒമാന്‍ ലേഖകന്‍ റെജിമോന്‍ കെ പറഞ്ഞു. ഈ പ്രബന്ധം യൂനിവേഴ്‌സിറ്റിയുടെ സൈറ്റില്‍ നിന്നും പൊതുജനങ്ങള്‍ക്കു ലഭ്യമാണ്. അദ്ദേഹത്തിന്റെ ജീവചരിത്രം വിശദമായി ഇതില്‍ പറയുന്നു. അവ വായനക്കെടുക്കുന്നതിനും പഠിക്കുന്നതിനും തയാറാകുന്നു എന്ന രീതിയില്‍ മാത്രമാണ് റഹ്മത്തുല്ല മഗ്‌രബിയുടെ സന്നദ്ധതയെ കാണുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മമ്പുറം തങ്ങളും മകന്‍ ഫസല്‍ പൂക്കോയ തങ്ങളുമെല്ലാം അടങ്ങുന്ന സുന്നി പണ്ഡിതന്മാരുടെ സേവനങ്ങളെ മറച്ചു പിടിച്ചുകൊണ്ടുള്ള കേരള മുസ്‌ലിം നവോത്ഥാന ചരിത്ര വിശകലനം സജീവ ചര്‍ച്ചയായി നിലനില്‍ക്കേ, കേരള ജമാഅത്തെ ഇസ്‌ലാമിയുടെ മുഖ്യ പങ്കാളിത്തത്തോടെ നടക്കുന്ന ഹെറിറ്റേജ് കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കാനുള്ള പ്രബന്ധം മലയാളികള്‍ക്ക് അറിയാത്ത ചരിത്രമെന്ന രീതിയില്‍ അവതരിപ്പിക്കാന്‍ ജമാഅത്ത് മാധ്യമങ്ങള്‍ കാണിച്ച ഉത്സാഹമാണ് ഇവിടെ ദുരുപദിഷ്ടമായി വിലയിരുത്തപ്പെടുന്നത്.