Connect with us

Ongoing News

പാറക്കളം വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് ജനുവരി 28 ന്

Published

|

Last Updated

പാലക്കാട്: പെരുമാട്ടി ഗ്രാമപഞ്ചായത്തിലെ പാറക്കളം വാര്‍ഡില്‍ ജനുവരി 28 ന് ഉപതെരഞ്ഞെടുപ്പ് നടത്തുമെന്ന് ജില്ല കലക്ടര്‍ കെ. രാമചന്ദ്രന്‍ അറിയിച്ചു. ഡിസംബര്‍ 31 ന് ഇലക്ഷന്‍ വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിര്‍ദ്ദേശപത്രിക ജനുവരി ഏഴ് വരെ സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന ജനുവരി എട്ടിന് നടത്തും. പത്രിക പിന്‍വലിക്കാനുളള അവസാന തീയതി ജനുവരി 10 ആയിരിക്കും.
ഇലക്ഷന്‍ പെരുമാറ്റച്ചട്ടങ്ങള്‍ സംബന്ധിച്ച് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ.വി. വാസുദേവന്‍ വിശദീകരിച്ചു. ജനുവരി 28 ന് രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് വോട്ടെടുപ്പ് നടത്തുക. പാറക്കളം ജി എം എല്‍ പി സ്‌കൂളിലെ തെക്കേ കെട്ടിടത്തിന്റെ പടിഞ്ഞാറേ ഭാഗത്തെ ക്ലാസ്‌റൂമാണ് പോളിങ് ബൂത്ത്. വോട്ടെണ്ണല്‍ ജനുവരി 29 ന് രാവിലെ എട്ട് മുതല്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. തെരഞ്ഞെടുപ്പ് പ്രക്രിയ ഫെബ്രുവരി 12 നകം പൂര്‍ത്തീകരിക്കും. തെരഞ്ഞെടുപ്പ് ചെലവിനത്തില്‍ സ്ഥാനാര്‍ത്ഥിക്ക് 10,000 രൂപ വരെ വിനിയോഗിക്കാം. ഇത് സംബന്ധിച്ച കണക്ക് ഫെബ്രുവരി 28നകം ബന്ധപ്പെട്ട ഉദ്യോഗസ്ഥന് സമര്‍പ്പിക്കണം. പാറക്കളം വാര്‍ഡില്‍ നിലവിലുണ്ടായിരുന്ന മെമ്പര്‍ ജലജക്ക് ജോലി ലഭിച്ചതിനാല്‍ രാജി വെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. 1350 വോട്ടര്‍മാരാണ് മണ്ഡലത്തിലുളളത്. ഇതില്‍ 665 വനിതാ വോട്ടര്‍മാരാണ്.