Connect with us

Malappuram

മണല്‍ തൊഴിലാളികളുടെ ഗുണ്ടാ വിളയാട്ടം

Published

|

Last Updated

മലപ്പുറം: മണല്‍വാരല്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയന്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ മണല്‍ തൊഴിലാളികളുടെ ഗുണ്ടാ വിളയാട്ടം. നഗരമധ്യത്തില്‍ മൂന്ന് മണിക്കൂറോളം സമരക്കാരും പോലീസും തമ്മില്‍ തെരുവ് യുദ്ധം തന്നെ അരങ്ങേറി. ഡി വൈ എസ് പി ഉള്‍പ്പെടെ 14 പൊലീസുകാര്‍ക്ക് കല്ലേറില്‍ പരുക്കേറ്റു. 64 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പോലീസിന് നേരെ കല്ലെറിഞ്ഞതോടെയാണ് സമരം അക്രമാസകത്മായത്. കൈയില്‍ കിട്ടിയതെല്ലാം പോലീസുകാര്‍ക്ക് നേരെ എറിഞ്ഞതോടെ പോലീസ് ലാത്തിവീശുകയായിരുന്നു. കല്ലുകളും കസേരകളും വടികളും വലിച്ചെറിഞ്ഞാണ് സമരക്കാര്‍ പോലീസിനെ നേരിട്ടത്. ജില്ലയിലെ മണല്‍വാരല്‍ നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇന്നലെ രാവിലെ വിവിധ തൊഴിലാളി യൂനിയനുകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി മലപ്പുറം കലക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തിയത്. സി ഐ ടി യു, എ ഐ ടി യു സി, ഐ എന്‍ ടി യു സി, എസ് ടി യു, ബി എം എസ് തുടങ്ങിയ സംഘടനകളാണ് സമരത്തില്‍ പങ്കെടുത്തത്. രാവിലെ 10.30ഓടെ സിവില്‍സ്റ്റേഷന് മുന്നില്‍ സ്ഥാപിച്ച പന്തലില്‍ ധര്‍ണ ആരംഭിക്കുകയും യൂനിയന്‍ നേതാക്കള്‍ പങ്കെടുക്കാനെത്തുകയും ചെയ്തിരുന്നു. എന്നാല്‍ പ്രസംഗം കേള്‍ക്കാനും ധര്‍ണയില്‍ പങ്കെടുക്കാനും താത്പര്യമില്ലാത്ത ഒരു വിഭാഗം തൊഴിലാളികള്‍ സിവില്‍ സ്റ്റേഷന്‍ ഗേറ്റിന് മുന്നിലെത്തി മുദ്രാവാക്യം വിളിക്കുകയായിരുന്നു. സ്വാഗത പ്രസംഗം നടക്കുമ്പോഴും രണ്ടിടങ്ങളിലായി തൊഴിലാളികള്‍ സംഗമിച്ച് മുദ്രാവാക്യം വിളികളും പ്രകടനവും അരങ്ങേറികൊണ്ടിരുന്നു. നേതാക്കള്‍ പലതവണ ആവശ്യപ്പെട്ടിട്ടും മുദ്രാവാക്യം വിളി അവസാനിപ്പിക്കാന്‍ തയ്യാറാകാതിരുന്ന തൊഴിലാളികള്‍ സമരപന്തലിലെത്തി നേതാക്കള്‍ക്ക് നേരെ തിരിയുകയും ചെയ്തു. സ്വാഗത പ്രസംഗത്തിന് ശേഷം 11 മണിയോടെ സി പി എം നേതാവ് ടി കെ ഹംസയെ ഉദ്ഘാടനത്തിന് ക്ഷണിച്ചെങ്കിലും തൊഴിലാളികളില്‍ ചിലര്‍ അദ്ദേഹത്തെ പ്രസംഗിക്കാന്‍ അനുവദിച്ചില്ല. പ്രശ്‌നം രൂക്ഷമാകുമെന്ന് കണ്ടതോടെ സമരം പിരിച്ച് വിട്ടതായി അറിയിക്കുകയായിരുന്നു. ഇതോടെ നേതാക്കളെല്ലാം ഉടന്‍ സ്ഥലം വിട്ടു. പിന്നീട് സമരം പ്രവര്‍ത്തകര്‍ ഏറ്റെടുക്കുകയായിരുന്നു. സിവില്‍ സ്റ്റേഷനകത്തേക്കുളള എല്ലാ വഴികളും ഉപരോധിച്ച സമരക്കാര്‍ ഇതുവഴിയുള്ള ഗതാഗതവും സ്തംഭിപ്പിച്ചു. റോഡില്‍ മരക്കഷ്ണമിട്ടാണ് ഗതാഗതം തടഞ്ഞത്. വിവിധ ആവശ്യങ്ങള്‍ക്കായി കലക്ടറേറ്റിലെത്തിയവര്‍ സമരം കണ്ട് അമ്പരന്നു. ഇവരെ അകത്തേക്ക് കടക്കാന്‍ സമരക്കാര്‍ തടയുകയും ചെയ്തു. തികഞ്ഞ സംയമനം പാലിച്ച പോലീസിന് നേരെ കല്ലേറ് തുടങ്ങിയതോടെയാണ് പോലീസ് ലാത്തി വീശിയത്.
മലപ്പുറം എസ് ഐ അബ്ദുല്‍ മജീദിന്റെ നേതൃത്വത്തിലുള്ള ഏതാനും പോലീസുകാര്‍ മാത്രമാണ് തുടക്കത്തില്‍ സ്ഥലത്തുണ്ടായിരുന്നത്. അക്രമം ശക്തമാകുമെന്ന് കണ്ടതോടെ മലപ്പുറം ഡി വൈ എസ് പി അഭിലാഷ്, കൊണ്ടോട്ടി സി ഐ പ്രേംജിത്ത് എന്നിവരും മലപ്പുറം എ ആര്‍ ക്യാമ്പിലെ പോലീസ് സംഘവും സ്ഥലത്തെത്തിയാണ് സമരക്കാരെ നേരിട്ടത്. കല്ലേറില്‍ മലപ്പുറം ഡി വൈ എസ് പി അഭിലാഷ്, മലപ്പുറം എസ് ഐ അബ്ദുല്‍ മജീദ്, അഡീഷനല്‍ എസ് ഐമാരായ ത്രിലോകനാഥന്‍, ശശികുമാര്‍, ജോണ്‍സണ്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ കൃഷ്ണദാസ്, വിശ്വംഭരന്‍ എന്നിവര്‍ക്ക് പരുക്കേറ്റു. കാലിനും കൈക്കുകമാണ് പരുക്കേറ്റത്. കല്ലേറില്‍ രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. സിവില്‍സ്റ്റേഷന് മുന്നില്‍ പാര്‍ക്ക്‌ചെയ്തിരുന്ന രണ്ട് കാറുകളുടെ മുന്‍വശത്തെ ചില്ലും സിവില്‍ സ്റ്റേഷനകത്തെ കുടുംബശ്രീ ഓഫീസിന്റെ ജനല്‍ ചില്ലുകളും കല്ലേറില്‍ തകര്‍ന്നു. മലപ്പുറം കോടതിയിലേക്ക് വന്ന അരിമ്പ്ര വേളൂര്‍പറമ്പില്‍ അലി, ആര്‍ ടി ഓഫീസിലേക്ക് വന്ന മഞ്ചേരി വീമ്പൂര്‍ സ്വദേശി ശബീര്‍ എന്നിവരുടെ വാഹനങ്ങളുടെ ചില്ലുകളാണ് പൊട്ടിയത്. ഒരു മണിയോടെയാണ് സമരക്കാരെ പൂര്‍ണമായും ടൗണില്‍ നിന്ന് മാറ്റാനായത്. തൊഴിലാളികളില്‍ ചിലര്‍ മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു.
ഹരിത ട്രൈബ്യൂണലിന്റെ തീരുമാനം വരാതെ മണല്‍ മേഖലയില്‍ പുതിയ നടപടി അസാധ്യമെന്ന് കലക്ടര്‍ കെ ബിജു അറിയിച്ചു.