ആം ആദ്മിയെ ‘ഭരണക്കെണിയില്‍’ വീഴ്ത്താന്‍ ബി ജെ പി- കോണ്‍ഗ്രസ് തന്ത്രം

Posted on: December 20, 2013 12:44 am | Last updated: December 20, 2013 at 12:44 am

anna hasareന്യൂഡല്‍ഹി: സര്‍ക്കാര്‍ രൂപവത്കരണത്തിന് ജനകീയ അഭിപ്രായം തേടാന്‍ തീരുമാനിച്ച ആം ആദ്മി പാര്‍ട്ടിക്ക് മേല്‍ സമ്മര്‍ദം ശക്തമാക്കി ബി ജെ പിയും കോണ്‍ഗ്രസും. സര്‍ക്കാര്‍ രൂപവത്കരണത്തിന് പിന്തുണ അറിയിച്ച് സന്ദേശമയക്കാന്‍ തങ്ങളുടെ പ്രവര്‍ത്തകരോടും അനുഭാവികളോടും ഇരു പാര്‍ട്ടികളും ആവശ്യപ്പെട്ടിരിക്കുകയാണ്. കോണ്‍ഗ്രസ് പുറത്ത് നിന്ന് പിന്തുണക്കുന്ന സര്‍ക്കാറിന് അനുകൂലമായി പ്രതികരിക്കാന്‍ പ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ച പാര്‍ട്ടികള്‍ പരമാവധി പേര്‍ക്ക് എക്‌സിറ്റ് പോള്‍ ഫോമുകള്‍ എത്തിച്ചു കൊടുക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഞായറാഴ്ച വൈകുന്നേരം വരെയാണ് അഭിപ്രായം രേഖപ്പെടുത്താന്‍ സമയം നല്‍കിയിരിക്കുന്നത്. 23ന് തിങ്കളാഴ്ച ഫലം പ്രഖ്യാപിക്കും. സര്‍ക്കാര്‍ രൂപവത്കരിക്കണമെന്നാണ് സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും രേഖപ്പെടുത്തുന്നതെങ്കില്‍ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ആം ആദ്മി പാര്‍ട്ടി നിര്‍ബന്ധിതരാകും.
തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് മുന്നില്‍ വെച്ച ഭാരിച്ച വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ ഭരണത്തിലേറിയാല്‍ എ എ പിക്ക് സാധിക്കില്ലെന്ന് ബി ജെ പിയും കോണ്‍ഗ്രസും വിലയിരുത്തുന്നു. അങ്ങനെ വിശ്വാസ്യത നഷ്ടപ്പെട്ട എ എ പി ജനങ്ങളില്‍ നിന്ന് അകലും. ഒടുക്കം ബദല്‍ പരീക്ഷണത്തിന് അന്ത്യമാകുമെന്നും മുഖ്യധാരാ പാര്‍ട്ടികളുടെ നേതാക്കള്‍ വിലയിരുത്തുന്നു. ഇന്നലെ വരെ ആറ് ലക്ഷം പേര്‍ സര്‍വേയില്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ ഭൂരിഭാഗവും യെസ് വോട്ടാണത്രേ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ കെജ്‌രിവാള്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ മടിച്ച് നില്‍ക്കുകയാണ്. സര്‍വേ ഫലത്തില്‍ അവര്‍ക്ക് കടുത്ത ഉത്കണ്ഠയുണ്ട്. മുഖ്യമന്ത്രി സ്ഥാനത്ത് കെജ്‌രിവാള്‍ ഉണ്ടെങ്കില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍ നേട്ടമുണ്ടാക്കാമെന്നാണ് സര്‍ക്കാര്‍ രൂപത്കരണത്തെ പിന്തുണക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. മറുപക്ഷമാകട്ടെ, ഭരണത്തില്‍ കോണ്‍ഗ്രസിന്റെ മൂക്കുകയറുണ്ടാകുമെന്ന യാഥാര്‍ഥ്യം ഉയര്‍ത്തിക്കാണിക്കുന്നു.
32 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി ജെ പി സര്‍ക്കാറുണ്ടാക്കുന്നതില്‍ നിന്ന് പിന്‍വാങ്ങിയതോടെയാണ് പന്ത് 28 സീറ്റുള്ള ആം ആദ്മിയുടെ കളത്തിലെത്തിയത്. നിരുപാധിക പിന്തുണയുമായി കോണ്‍ഗ്രസ് രംഗത്തുവന്നതോടെ രാഷ്ട്രപതി ഭരണത്തില്‍ നിന്നും പുതിയ തിരഞ്ഞെടുപ്പില്‍ നിന്നും സംസ്ഥാനത്തെ രക്ഷിക്കാനുള്ള ഉത്തരവാദിത്വം ആം ആദ്മി പാര്‍ട്ടിയുടെ ചുമലില്‍ പതിച്ചു. എന്നാല്‍ പിന്തുണ സ്വീകരിക്കാന്‍ നിബന്ധനകള്‍ വെച്ച് എ എ പി ഒരിക്കല്‍ കൂടി മുന്നിലെത്തി. നിബന്ധനകള്‍ മിക്കതും അംഗീകരിക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചതോടെ പിന്നെയും കെജ്‌രിവാളും സംഘവും പ്രതിസന്ധിയിലായി. ഈ ഘട്ടത്തിലാണ് പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടാന്‍ പാര്‍ട്ടി തീരുമാനിച്ചത്. 25 ലക്ഷം കത്തുകളാണ് വിതരണം ചെയ്തത്. എസ് എം എസ് വഴിയും അഭിപ്രായം അറിയിക്കാം.