Connect with us

Editorial

വിദ്യാര്‍ഥി രാഷ്ട്രീയം അതിരുവിടുമ്പോള്‍

Published

|

Last Updated

സംഘടനാ ബലത്തില്‍ കലാലയങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന പ്രവണതക്കെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ സര്‍ക്കാറിന്റെയും കലാലയ രാഷ്ട്രീയത്തിന്റെ പേരില്‍ വിദ്യാര്‍ഥികളെ കയറൂരി വിടുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും സജീവ ശ്രദ്ധക്കും ചര്‍ച്ചക്കും വിഷയീഭവിക്കേണ്ടതാണ്. സംഘടനാ സ്വാതന്ത്ര്യത്തിന്റെ മറവില്‍ കലാലയങ്ങളിലെ പഠനം തടസ്സപ്പെടുത്തുന്നത് വിദ്യാഭ്യാസമെന്ന മൗലികാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ഓര്‍മപ്പെടുത്തിയ കോടതി ക്യാമ്പസുകളില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും അക്രമങ്ങളും നടത്തുന്ന വിദ്യാര്‍ഥി സംഘടകളെ നിലക്കുനിര്‍ത്തണമെന്നും അതിന് കഴിഞ്ഞില്ലെങ്കില്‍ കലാലയങ്ങളിലെ സംഘടനാ പ്രവര്‍ത്തനം തടയണമെന്നും സര്‍ക്കാറിനോടാവശ്യപ്പെടുകയുണ്ടായി.
എറണാകുളം ലോ കോളജില്‍ മദ്യപിച്ചെത്തി ശല്യമുണ്ടാക്കിയ നാല് വിദ്യാര്‍ഥികളെ പ്രിന്‍സിപ്പല്‍ പുറത്താക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചു ഒരു വിദ്യാര്‍ഥി സംഘടന കോളജിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന തരത്തില്‍ നടത്തി വരുന്ന സമരത്തിനെതിരെ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി കലാലയങ്ങളിലെ അതിരുവിട്ട സംഘടനാ പ്രവര്‍ത്തനത്തെ രൂക്ഷമായി വിമര്‍ശിച്ചത്. സമരം നടത്താന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെങ്കിലും അത് സമാധാനപരമായിരിക്കണമെന്ന് കോടതി ഉണര്‍ത്തി. ചട്ടമ്പിത്തരവും അരാജകത്വവുമാണ് വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിന്റെ പേരില്‍ കലാലയങ്ങളില്‍ അരങ്ങേറുന്നത്. സമരം ആര്‍ക്കു വേണ്ടിയാണെന്ന് വിദ്യാര്‍ഥികള്‍ ചിന്തിക്കണം. തങ്ങള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ എതിരെ ആരെങ്കിലും അതിക്രമത്തിന് മുതിര്‍ന്നാല്‍ അതനുവദിക്കുമോ എന്ന് സമരക്കാരോട് കോടതി ചോദിക്കുന്നു.
വിദ്യാര്‍ഥികളില്‍ സാമൂഹിക പ്രതിബദ്ധത ഉറപ്പിക്കാനും, ഉത്തമ പൗരന്മാരാക്കി മാറ്റാനും സംഘടനാ പ്രവര്‍ത്തനം സഹായകമാണ്. മികച്ച ജോലികള്‍ ലഭിക്കാന്‍ പഠിതാക്കളെ പ്രാപ്തരാക്കുക മാത്രമല്ല, സാമൂഹിക പരിവര്‍ത്തനത്തിന് പ്രാപ്തരായ നേതാക്കളെ സൃഷ്ടിക്കാനും വിദ്യാഭ്യാസം കൊണ്ടു കഴിയണം. ഇന്ന് രാഷ്ട്രീയ രംഗത്ത് തിളങ്ങി നില്‍ക്കുന്ന നേതാക്കളില്‍ പലരും വിദ്യാര്‍ഥി സംഘടനകളിലൂടെ വളര്‍ന്നു വലുതായവരാണ്. ആ നിലയില്‍ കലാലയങ്ങളില്‍ സംഘടനാ പ്രവര്‍ത്തനം ആവശ്യവുമാണ്. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ പരിഹാരത്തിനും നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ നേടിയെടുക്കാനും വിദ്യാര്‍ഥികള്‍ക്ക് സമരത്തിലിറങ്ങേണ്ടിയും വന്നേക്കാം. എന്നാല്‍ സംഘടനാ പ്രവര്‍ത്തനവും സമരവും അതിരു വിടരുത്. വിദ്യാലയങ്ങളുടെ പ്രവര്‍ത്തനത്തിന് വിലങ്ങ് സൃഷ്ടിക്കുകയോ, ചട്ടമ്പിത്തരത്തിലേക്ക് വഴുതി മാറുകയോ അരുത്.
നല്ല പൗരന്മാരെ വാര്‍ത്തെടുക്കുകയാണ് വിദ്യാഭ്യാസത്തിന്റെ പ്രധാന ധര്‍മം. ഇതിന് വിദ്യാലങ്ങളില്‍ സമാധാനവും ധാര്‍മികാന്തരീക്ഷവും നിലനില്‍ക്കണം. സ്വസ്ഥമായി പഠിക്കാനുള്ള സാഹചര്യവും വേണം. ഇത് സാധ്യമാക്കുന്നതിനുള്ള യത്‌നങ്ങളില്‍ വിദ്യാര്‍ഥി സംഘടനക്ക് പങ്ക് വഹിക്കാനാകും. ഇത്തരം നല്ല കാര്യങ്ങളെ പിന്തുണക്കുന്നതിന് പകരം മദ്യപിച്ചു ശല്യമുണ്ടാക്കുന്നവരെ സംരക്ഷിക്കാന്‍ തുനിയുന്നതും ഇതിനായി കലാലയങ്ങളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതും പഠനം തടസ്സപ്പെടുത്തുന്നതും അപലപനീയമാണ്. വഴിതെറ്റിയ വിദ്യാര്‍ഥി രാഷ്ട്രീയമാണ് ക്യാമ്പസുകളില്‍ ഇത്തരം ദുഷ്പ്രവണതകളുടെ വിത്ത് പാകിയത്. വിദ്യാര്‍ഥികളില്‍ രാഷ്ട്രീയ അവബോധം സൃഷ്ടിക്കാനെന്ന അവകാശ വാദത്തോടെ വിവിധ പാര്‍ട്ടികള്‍ രൂപം നല്‍കിയ വിദ്യാര്‍ഥി സംഘടനകളിലൂടെ യഥാര്‍ഥത്തില്‍ അവര്‍ ലക്ഷ്യം വെക്കുന്നത് വളര്‍ന്നു വരുന്ന തലമുറയില്‍ കക്ഷിരാഷ്ട്രീയം ഊട്ടിയുറപ്പിക്കുകയാണ്. തങ്ങളുടെ രാഷ്ട്രീയ ലാഭങ്ങള്‍ക്കായി പാര്‍ട്ടി നേതൃത്വങ്ങള്‍ അവരെ ചൂഷണം ചെയ്യുകയാണ്. തെറ്റായ വഴിയിലേക്കാണ് വിദ്യാര്‍ഥി രാഷ്ട്രീയം ഭാവി തലമുറയെ നയിച്ചു കൊണ്ടിരിക്കുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനത്തിലെ നല്ല വശങ്ങള്‍ സ്വായത്തമാക്കുന്നതിന് പകരം വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുക, പൊതുമുതല്‍ നശിപ്പിക്കുക, ക്യാമ്പസുകളില്‍ ചോരക്കളങ്ങള്‍ സൃഷ്ടിക്കുക തുടങ്ങി കക്ഷിരാഷ്ട്രീയത്തിന്റെ ദൂഷ്യവശങ്ങളിലേക്കാണ് അവര്‍ ആകൃഷ്ടരാക്കുന്നത്. രാഷ്ട്രീയ കക്ഷികള്‍ നല്‍കുന്ന പരിരക്ഷയില്‍ എന്ത് തോന്നിവാസവും ഗുണ്ടായിസവും കാണിക്കാനുള്ള ഹുങ്കും വിദ്യാര്‍ ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ കണ്ടുവരുന്നു. കോടതി അഭിപ്രായപ്പെട്ടത് പോലെ ഇത്തരം ദുഷ്പ്രവണതകള്‍ക്കറുതി വരുത്താന്‍ അധികൃതര്‍ക്കാകുന്നില്ലെങ്കില്‍ അതിന് നേതൃത്വം കൊടുക്കുന്ന സംഘടനകളെ നിരോധിച്ചു അധ്യയനത്തിന് മുടക്കം വരാതിരിക്കാനുള്ള സാഹചര്യം ഒരുക്കുന്നതിന് ഭരണകൂടത്തിന് ബാധ്യതയുണ്ട്.

---- facebook comment plugin here -----

Latest