പ്രധാനധ്യാപകര്‍ക്ക് പണം ലഭിച്ചില്ല: സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയില്‍

Posted on: December 19, 2013 7:51 am | Last updated: December 19, 2013 at 7:51 am

പാലക്കാട്: സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ഉച്ചഭക്ഷണം നല്‍കുന്ന പദ്ധതി വീണ്ടും പ്രതിസന്ധിയിലാകുന്നു. അരി മാത്രം സര്‍ക്കാര്‍ നേരിട്ട് നല്‍കി മറ്റു സാധനങ്ങള്‍ പ്രധാന അധ്യാപകര്‍ വാങ്ങിയ നല്‍കിയ പ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പ് പ്രധാനാധ്യാപകര്‍ക്ക ലക്ഷങ്ങള്‍ നല്‍കാനുണ്ട്.
2012-13വര്‍ഷത്തില്‍ ചെലവാക്കിയ തുക പൂര്‍ണമായി നല്‍കാതെ ഉച്ചഭക്ഷണപദ്ധതി ഏറ്റെടുക്കേണ്ടെന്ന് നേരത്തെ അധ്യാപക സംഘടനകള്‍ കൂട്ടായി തീരുമാനിച്ചിരുന്നു. കോടികള്‍ കുടിശ്ശിക വന്ന ഘട്ടത്തിലായിരുന്നു ഈ തീരുമാനം. എന്നാല്‍ സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് നല്‍കാനുണ്ടായിരുന്ന സംഖ്യക്ക് വളരെ പെട്ടെന്ന് തന്നെ അധികൃതര്‍ പ്രതിവിധി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ‘ഭക്ഷണ വിതരണം സുഗമമായി നടന്നു. എന്നാല്‍ വീണ്ടും പഴയ സാഹചര്യം തന്നെയാണ് രൂപപ്പെടുന്നതെന്നും ഭാരിച്ച തുകക്ക് പരിഹാരം കാണാത്തപക്ഷം ഉച്ചഭക്ഷണ വിതരണ കാര്യം പുനര്‍ചിന്തിക്കേണ്ടിവരുമെന്നും അധ്യാപകരും അധ്യാപക സംഘടനകളും പറയുന്നു. പുതിയ അധ്യയനവര്‍ഷം ആരംഭിച്ചപ്പോള്‍ തന്നെ ഉച്ച’ഭക്ഷണ പരിപാടി വലിയ വിവാദമായിരുന്നു. സംസ്ഥാനത്തെ ‘ഭൂരിപക്ഷം വിദ്യാലയങ്ങളിലും അധ്യയന വര്‍ഷത്തില്‍ പദ്ധതി നടത്തിപ്പ് പ്രതിസന്ധിയിലായിരുന്നു. എന്നാല്‍ അധ്യാപക സംഘടനകളുടെ മാതൃകാപരമായ ഇടപെടല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കി. സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലെ എല്‍ പി, യു പി സ്‌കൂളുകള്‍ക്കാണ് പൊതുവിദ്യാഭ്യാസ അധികൃതരുടെ നടപടി പ്രശ്‌നങ്ങളുണ്ടാക്കുന്നത്.
ഓരോ അധ്യാപകര്‍ക്കും വിവിധ സ്‌കൂളുകളിലായി 80,000 രൂപ വരെ കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ നല്‍കാനുണ്ടായിരുന്നു. അതുപോലെ ഇത്തവണ കഴിയില്ലെന്നാണ് പ്രധാന അധ്യാപകര്‍ പറയുന്നത്. മുന്‍കൂറായി തുക നല്‍കി പദ്ധതി നടപ്പാക്കാനുള്ള ധാരണപ്രകാരമാണ് പ്രധാനാധ്യാപകരെ ഉച്ച’ഭക്ഷണ ചുമതലയുടെ നടത്തിപ്പ് ഏല്‍പ്പിച്ചത്. എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് സൗജന്യഭക്ഷണം ലഭിക്കുന്നത്. വിറക്, പാചക കൂലി, പച്ചക്കറി ഇനങ്ങള്‍, ആഴ്ചയില്‍ രണ്ട് ദിവസം പാല്‍, രണ്ട് ദിവസം മുട്ട എന്നിവ ഉള്‍പ്പെടെ ഒരു വിദ്യാര്‍ഥിക്ക് അഞ്ച് രൂപയാണ് നല്‍കുന്നത്. ഈ തുക പരിമിതമാണെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്.
കഴിഞ്ഞ അധ്യയനവര്‍ഷത്തിന്റെ ആരംഭത്തില്‍ മുന്‍കൂര്‍ തുക നല്‍കിയെങ്കിലും പിന്നീട് പൊതുവിദ്യാഭ്യാസ വകുപ്പ് ഇതില്‍ നിന്നും പിന്തിരിയുകയായിരുന്നു. ഇപ്പോള്‍ കുടിസ്സികയുള്ള പണം എത്രയു ം വേഗം ലഭ്യമാക്കണമെന്നാണ് അധ്യാപകര്‍ ആവശ്യപ്പെടുന്നത്. അല്ലാത്തപക്ഷം പദ്ധതി നടത്തിപ്പ് അവതാളത്തിലാകുമെന്നും ഇവര്‍ മുന്നറിയിപ്പു നല്‍കുന്നു. —