Connect with us

Wayanad

കുളമ്പുരോഗ പ്രതിരോധവും കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാര വിതരണവും കാര്യക്ഷമമാക്കണം: സി പി ഐ

Published

|

Last Updated

കല്‍പറ്റ: ജില്ലയില്‍ കന്നുകാലികള്‍ക്കിടയില്‍ പ്രത്യേകിച്ച് കറവ പശുക്കളില്‍ പടര്‍ന്നുപിടിച്ചിട്ടുള്ള കുളമ്പ് രോഗം തടയാനും പശുക്കള്‍ ചത്തുപോയ കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാര വിതരണം കാര്യക്ഷമമാക്കാനും നടപടി വേണമെന്ന് സി പി ഐ ജില്ലാ എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു.
നഷ്ടപരിഹാര വിതരണത്തില്‍ സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. ക്ഷീര മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കില്‍ കുടുംബങ്ങളാണ് ഈ ജില്ലയിലുള്ളത്. അവരെല്ലാം കന്നുകാലികളിലെ കുളമ്പുരോഗത്തിന്റെ പേരില്‍ കടുത്ത ആശങ്കയിലാണ്. പശുക്കള്‍ക്ക് കറവ കണക്കാക്കിയാണ് വില. 20 ലിറ്റര്‍ പാല്‍ വരെ കറവയുള്ള പശുവിന് നിലവില്‍ അറുപതിനായിരം മുതല്‍ എഴുപതിനായിരം രൂപ വരെ വിലയുണ്ട്. ഇത്രത്തോളം വിലയുള്ള പശു രോഗം ബാധിച്ച് ചത്തുപോയാല്‍ സര്‍ക്കാര്‍ കൊടുക്കുന്ന നഷ്ടപരിഹാരം 20,000 രൂപ മാത്രമാണ്.
രണ്ടര വര്‍ഷം കൊണ്ട് പ്രായപൂര്‍ത്തിയെത്തി കറവയുള്ള പശുവായി തീരുന്ന കിടാരിക്ക് നഷ്ടപരിഹാരം 10000 രൂപയാണ്. ക്ഷീര കര്‍ഷകര്‍ പിടിച്ചുനില്‍ക്കുന്നത് പാല്‍ വില്‍പ്പനക്കൊപ്പം കിടാരികള്‍ക്ക് ലഭിക്കുന്ന മികച്ച വിലയും ചാണകത്തില്‍ നിന്നുള്ള വരുമാനവും ചേര്‍ത്താണ്. പാല്‍ കറവ മാത്രം കണക്കാക്കിയാല്‍ ക്ഷീരോല്‍പാദനം തീര്‍ത്തും നഷ്ടമാണ്.
ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്നവര്‍ക്ക് പശുചത്തുപോയാല്‍ പകരം ഇതേ പോലുള്ള ഒന്നിനെ വാങ്ങാനുള്ള നഷ്ടപരിഹാരം ലഭിക്കണം. കിടാരിക്ക് മൂന്ന് വര്‍ഷം കഴിയുമ്പോള്‍ ലഭിക്കുന്ന വില കണക്കാക്കി നഷ്ടപരിഹാരം നല്‍കാനും സര്‍ക്കാര്‍ തയ്യാറാവണമെന്നും എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു. എസ് ജി സുകുമാരന്‍ അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി കെ മൂര്‍ത്തി, പി എസ് വിശ്വംഭരന്‍ പ്രസംഗിച്ചു.