Connect with us

Articles

വിജ്ഞാനം വ്യാപിപ്പിച്ച ഭാഷ

എ ഡി 1321ല്‍ അന്തരിച്ച ഇറ്റാലിയന്‍ സാഹിത്യകാരനായ ഡാന്റെയുടെ “ഡിവൈന്‍ കോമഡി”യുടെ പ്രമേയത്തിനുള്ള ഭാവനയുടെ ചിറക് മുളച്ചത് തിരുനബി(സ)യുടെ അത്ഭുതകരമായ “ഇസ്‌റാഅ്, മിഅ്‌റാജ് – നിശാ സഞ്ചാരവും ആകാശാരോഹണവും – സംഭവത്തില്‍ നിന്നും അബ്ബാസിയ്യ കാലഘട്ടത്തിലെ അറബിക്കവിയായ അബൂ അലാഉല്‍ മഅര്‍രിയുടെ “രിസാലതുല്‍ ഗുഫ്‌റാന്‍” എന്ന ഗ്രന്ഥത്തില്‍ നിന്നുമാണ്. അദൃശ്യ ലോകത്തെ സ്വര്‍ഗം, നരകം, സ്വര്‍ഗത്തിനും നരകത്തിനുമിടയിലെ സങ്കേതം എന്നീ മൂന്ന് മേഖലകളില്‍ കവി നടത്തുന്ന ഒരു സാങ്കല്‍പ്പിക യാത്രയാണ് ഡിവൈന്‍ കോമഡിയിലെ പ്രധാന പ്രമേയം.
1674ല്‍ അന്തരിച്ച മില്‍ട്ടന്‍ എന്ന ഇംഗ്ലീഷ് കവിയുടെ Paradise Lost എന്ന കവിതയുടെ പ്രമേയവും രിസാലതുല്‍ ഗഫ്‌റാനാണെന്ന് ജോര്‍ജ് സൈദാന്‍ അദ്ദേഹത്തിന്റെ “അറബി സാഹിത്യ ചരിത്ര”ത്തില്‍ സൂചിപ്പിക്കുന്നു.
സാംസ്‌കാരിക ലോകത്തിന് അറബി ഭാഷ നല്‍കിയ സംഭാവനകളെക്കുറിച്ച് പ്രതിപാദിക്കുമ്പോള്‍ വൈജ്ഞാനിക ശാസ്ത്രീയ മണ്ഡലങ്ങളിലുള്ള അതിന്റെ പങ്ക് ആര്‍ക്കും നിഷേധിക്കാനാകില്ല. ആധുനിക ലോകം അനുഭവിച്ചാസ്വദിക്കുന്ന സമസ്ത സുഖസൗകര്യങ്ങളുടെയും ആണിക്കല്ലായ ഭൗതിക ശാസ്ത്രം വളര്‍ന്നതും വികസിച്ചതും അറബി ഭാഷാമാധ്യമങ്ങളിലൂടെയാണെന്ന് സമ്മതിക്കാത്ത ചരിത്രകാരില്ല. ഹിറ്റി തന്നെ പറയട്ടെ.
Muslim spain wrote one of the brightest c-hapters in the Intellectual Histroy of Medieval Europe ….. as to make possible the Renaissance of Western Europe (The Arabs)
മധ്യകാല യൂറോപ്പിന്റെ ദാര്‍ശനിക ചരിത്രത്തില്‍ ശോഭനമായ അധ്യായമാണ് മുസ്‌ലിം സ്‌പെയിന്‍ എഴുതിച്ചേര്‍ത്തത്. മുമ്പ് സൂചിപ്പിച്ച പോലെ എട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിലും 13-ാം നൂറ്റാണ്ടിന്റെ ആരംഭത്തിലും അറബികളായിരുന്നു ലോകത്തുടനീളം സംസ്‌കാരത്തിന്റെയും പരിഷ്‌കാരത്തിന്റെയും ദീപവാഹകര്‍. അതിനു പുറമെ അവരാണ് പടിഞ്ഞാറന്‍ യൂറോപ്പിന്റെ നവോത്ഥാനം സാധ്യമാക്കത്തക്ക രീതിയില്‍ പൗരാണിക ശാസ്ത്രങ്ങളും തത്വശാസ്ത്രങ്ങളും ഗ്രഹിച്ച് അതില്‍ കൂട്ടിച്ചേര്‍ത്ത് പ്രേക്ഷപണം ചെയ്തവര്‍.
സോക്രട്ടീസ്, പ്ലാറ്റോ, അരിസ്റ്റോട്ടില്‍ തുടങ്ങിയ തത്വചിന്തകന്മാരെ യൂറോപ്പിന് പരിചയപ്പെടുത്തിക്കൊടുത്തത് അറബി ഭാഷയിലൂടെയായിരുന്നു. അബ്ബാസിയ്യ ഭരണകാലഘട്ടത്തില്‍ ബഗ്ദാദില്‍ സ്ഥാപിച്ച “ബൈത്തുല്‍ ഹിക്മ” (Home of philosophy)യിലൂടെയാണ് തീവ്രമായ പരിഭാഷാ യജ്ഞം ആരംഭിച്ചത്. അന്ന് അറബികള്‍ക്ക് ലഭ്യമായ സര്‍വ വൈജ്ഞാനിക മേഖലകളിലുമുള്ള ഗ്രന്ഥങ്ങളും അറബീകരിക്കപ്പെട്ടു. ഈ വൈജ്ഞാനിക സംക്രമണ പ്രക്രിയയുടെ തെളിവാണ് യൂറോപ്പിലെ ആദ്യത്തെ യൂനിവേഴ്‌സിറ്റി സ്ഥാപിക്കാന്‍ മുസ്‌ലിംകള്‍ക്ക് കഴിഞ്ഞുവെന്നത്. അത് സ്‌പെയിനിലെ കൊര്‍ദോവ യൂനിവേഴ്‌സിറ്റി ആയിരുന്നു. അറബി മീഡിയമായ ഈ യൂനിവേഴ്‌സിറ്റിയില്‍ മുസ്‌ലിം ശാസ്ത്രജ്ഞന്മാര്‍ പതിനേഴ് ഗ്രന്ഥാലയങ്ങളില്‍ വെച്ച് വിജ്ഞാനത്തില്‍ കുളിക്കുന്നതിന്റെ ആനന്ദം കണ്ടപ്പോള്‍ ഇന്നത്തെ ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റി സ്ഥിതി ചെയ്യുന്ന സ്ഥലത്തെ അന്നത്തെ യൂറോപ്യന്‍മാര്‍ വെള്ളം കൊണ്ട് കുളിക്കുന്നത് പോലും മോശമായ ഒരാചാരമായി കരുതിയിരുന്നുവെന്ന് (A dangerous custom at the university of Oxford) പ്രൊ. ഹിറ്റി A Short History of the Arabs എന്ന ഗ്രന്ഥത്തിന്റെ മുഖവുരയില്‍ പറയുന്നു.
എ ഡി 1251ല്‍ മുഹമ്മദ് അബ്ദുല്‍ അസീസ് ഷരീഫുല്‍ ഇദ്‌രീസി എന്ന ഭൂമിശാസ്ത്രപണ്ഡിതനാണ് ആദ്യമായി സഖ്‌ലിയിലെ രാജാവിന്റെ നിര്‍ദേശമനുസരിച്ച് വെള്ളിയുടെ ഗോളമുണ്ടാക്കിയത്. അദ്ദേഹം എഴുതിയ “നുസ്ഹത്തു അല്‍ മുശ്താഖ് ഫീ ഇഗ്ത്തിറാഖി അല്‍ ആഫാഖ് എന്ന പ്രഥമ ഭൂമിശാസ്ത്ര ഗ്രന്ഥത്തിന്റെ പരിഭാഷ വായിച്ചാണ് കൊളംബസിന് അമേരിക്ക “കണ്ടുപടിക്കാനുള്ള” യാത്രക്ക് അറിവും പ്രചോദനവും ലഭിച്ചത്.
“രണ്ട് ഉദയത്തിന്റെയും രണ്ട് അസ്തമയത്തിന്റെയും നാഥന്‍” എന്ന വിശുദ്ധ ഖുര്‍ആന്‍ വാക്യത്തിന്റെ അടിസ്ഥാനത്തില്‍ നാം അധിവസിക്കുന്ന ഖണ്ഡത്തിന് ഒരു മറുഖണ്ഡം കിടപ്പുണ്ടെന്നും ഭൂമി കറങ്ങുന്നത് കൊണ്ടാണ് ഒരു ദിവസത്തില്‍ രണ്ട് ഉദയവും രണ്ട് അസ്തമയവും രണ്ട് അര്‍ധ ഗോളത്തിലുള്ളവര്‍ക്ക് അനുഭവപ്പെടുന്നതെന്നും അദ്ദേഹം കണ്ടെത്തി. കൊര്‍ദോവ സര്‍വകലാശാലയില്‍ അദ്ദേഹം ഗ്ലോബ് വെച്ച് ഭൂമിയുടെ കറക്കത്തെക്കുറിച്ച് ചര്‍ച്ച ചെയ്തതിനു ശേഷം അഞ്ച് നൂറ്റാണ്ട് കഴിഞ്ഞിട്ടും യൂറോപ്പ് അന്ധകാരത്തിലായിരുന്നുവെന്നാണ് ഇറ്റലിയിലെ ശാസ്ത്ര സാമ്രാട്ടായ ഗലീലിയോയുടെ തിക്താനുഭവം വിളിച്ചറിയിക്കുന്നത്. ഭൂമി കറങ്ങുന്നുവെന്ന ആശയം പ്രചരിപ്പിച്ചതിനാണല്ലോ അദ്ദേഹം റോമില്‍ വിചാരണ നേരിട്ടതും കാരാഗൃഹത്തില്‍ കിടന്നു അന്ത്യശാസം വലിച്ചതും. മുസ്‌ലിം ശാസ്ത്രജ്ഞന്മാരുടെ ആ രംഗത്തുള്ള പഠനങ്ങള്‍ മധ്യകാല യൂറോപ്പിലെ ശാസ്ത്രരംഗത്ത് വലിയ സ്വാധീനം ചെലുത്തിയെന്നും ഭൂമി ഗോളാകൃതിയിലാണെന്ന സിദ്ധാന്തം സജീവമാക്കിയ സംഭാവനയാണ് അറബി ശാസ്ത്ര സാഹിത്യം ലോകത്തിന് പ്രത്യേകിച്ച് യൂറോപ്പിന് നല്‍കിയതെന്നും അര്‍നോള്‍ഡ് ടോയന്‍ബി അദ്ദേഹത്തിന്റെ ……….എന്ന ഗ്രന്ഥത്തില്‍ പറയുന്നത് നോക്കുക. The Geographical works of Muslim Scientists had left a far reaching influence on the Medieval Science in Europe. A study of such scientific literature of the Arabs contributed to the keeping alive of the doctrine of the sphercity of the earth (P: 93)
അവസാനമായി വിശ്രുത ശാസ്ത്ര ചരിത്രകാരനായ ജോര്‍ജ് സാര്‍ട്ടന്‍ Intoduction to the history of Scienceല്‍ അദ്ദേഹം രേഖപ്പെടുത്തിയ അഭിപ്രായം കാണുക.
The most valuable of all, the most original and the most pregnent works were written in Arabic. From the second half of the eighth to the end of the eleventh century, Arabic was the seientific and the progressive language of mankind. During that period anyone wishing to be well-informed and upto date had to study Arabic it will suffice here to evoke a few glorious names without contemporary equivalents in the west: Jabir Ibnu Hayyan……….. Omarkhayyam- Amaginificient array of names which it would not be difficult to extend. If any one tells you that the middle ages were sceintifically sterile just quote these men to him. All these scientists flourished within a relatively short period between 750 and 1100 A.D
“”അറബിയിലുള്ള രചനകളായിരുന്നു ഏറ്റവും വിലപ്പെട്ടതും അര്‍ഥഗര്‍ഭവുമായ പരിശ്രമങ്ങള്‍. എട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതല്‍ പതിനൊന്നാം നൂറ്റാണ്ടിന്റെ അവസാനം വരെ അറബി ഭാഷ ശാസ്ത്രീയവും പരോഗമനാത്മകവുമായ മാനവരാശിയുടെ ഭാഷയായിരുന്നു. ഈ കാലഘട്ടത്തെക്കിറിച്ച് തികച്ചും ആധുനികവും കാര്യമാത്രപ്രസക്തവുമായ വിവരം ലഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും അറബി ഭാഷയില്‍ പ്രാവീണ്യം ആര്‍ജിക്കണം. യൂറോപ്പില്‍ സമകാലികരായ പകരക്കാരില്ലാത്ത ഏതാനും തിളക്കമാര്‍ന്ന വ്യക്തിത്വങ്ങളെ സ്മരിക്കുന്നത് തന്നെ ധാരാളം. ജാബിര്‍ ബിന്‍ ഹയ്യാന്‍, അല്‍ കിന്‍ദി, അല്‍ ഖവാരിസ്മി അല്‍ ഫര്‍ഗാനി, അല്‍ റാസി, താബിത് ഇബ്‌നു ഖ്വാര്‍റ, അല്‍ബത്താനി, ഹുനൈന്‍ ഇബ്‌നു ഇസ്ഹാഖ് അല്‍ ഫാറാബി, ഇബ്‌റാഹം ഇബ്‌നു സിനാന്‍, അല്‍ മസ്ഊദി, അത്വബാരി, അല്‍ വഫ, അലി ഇബ്‌നു യൂനുസ്, അല്‍ കരഖി, ഖ്വാസി, ഇബ്‌നുല്‍ ജസ്സാര്‍, അല്‍ ബിറൂനി, ഇബ്‌നുസീന, ഇബ്‌നു യൂനുസ്, ഇബ്‌നുല്‍ ഹതാം, അലി ഇബ്‌നു ഈസ, അല്‍ ഗസാലി, അല്‍ സര്‍ഖ്വാലി, ഉമര്‍ ഖയ്യാം…. നീട്ടി പറയാന്‍ പ്രയാസമായ പ്രൗഢമായ പേരുകളുടെ ഒരു നിര. മധ്യകാലഘട്ടം വന്ധ്യമായിരുന്നുവെന്ന് നിങ്ങളോട് ആരെങ്കിലും പറഞ്ഞാല്‍ ഉടന്‍ ഈ പേരുകള്‍ നിങ്ങള്‍ ഉദ്ധരിക്കുക, ഈ ശാസ്ത്രജ്ഞന്മാരെല്ലാം പ്രവര്‍ത്തനനിരതരായത് എ ഡി 700നും 1100നും ഇടയിലുള്ള താരതമ്യേന ചുരുങ്ങിയ കാലഘട്ടത്തിനുള്ളിലായിരുന്നു.””
ഇങ്ങനെ വിവിധ വൈജ്ഞാനിക- ശാസ്ത്രീയ മേഖലകളില്‍ അവഗാഹം നേടിയ മഹാ പണ്ഡിതന്മാരുടെ അതിശയകരമായ മസ്തിഷ്‌കങ്ങളും വിരുതുറ്റ കരങ്ങളും ജന്മം നല്‍കിയ അറബിയിലുള്ള ബൃഹത്തായ വിശ്വോത്തര കൃതികളുടെ സ്വാധീനം ലോക സംസ്‌കാരത്തിന് കാരണമായെങ്കില്‍ അറബി ഭാഷയുടെ നിസ്തുല സേവനം ആര്‍ക്ക് നിഷേധിക്കാന്‍ കഴിയും?
(അവസാനിച്ചു)

 

Latest