ചിക്കിംഗ് മലേഷ്യന്‍ കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടു

Posted on: December 18, 2013 7:20 pm | Last updated: December 18, 2013 at 7:20 pm

ദുബൈ: പ്രമുഖ ഭക്ഷ്യ നിര്‍മാതാക്കളായ ചിക്കിംഗ് ചിക്കണ്‍ മലേഷ്യന്‍ കമ്പനിയായ ഡ്യുവല്‍ സൂപ്പര്‍ ഫുഡ് ഇന്റര്‍നാഷണലുമായി ധാരണാപത്രത്തില്‍ ഒപ്പിട്ടു. ചിക്കിംഗ് ഗ്രൂപ്പിന് വേണ്ടി സ്ഥാപകന്‍ എ കെ മന്‍സൂറാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്.
ഏഷ്യയിലെയും ആഫ്രിക്കയിലെയും ഏഴു രാജ്യങ്ങളിലായി ചിക്കിംഗ് ഗ്രൂപ്പിന് 100 ല്‍ അധികം ഔട്ട്‌ലെറ്റുകള്‍ ഉള്ളതായി മന്‍സൂര്‍ വ്യക്തമാക്കി. 2020 ആവുമ്പോഴേക്കും അഞ്ചു വന്‍കരകളിലെ 20 രാജ്യങ്ങളിലായി ഇത് 1,000 ല്‍ അധികമായി വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. രാജ്യാന്തര തലത്തില്‍ ഹലാല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് പേരുകേട്ട സ്ഥാപനമാണ് ദുബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ചിക്കിംഗ് റെസ്റ്റോറന്റുകളെന്ന് മന്‍സൂര്‍ ഓര്‍മിപ്പിച്ചു.
മലേഷ്യന്‍ ഡൊമസ്റ്റിക് ട്രേഡ്, കോഓപറേറ്റീവ്‌സ് ആന്‍ഡ് കണ്‍സ്യൂമറിസം മന്ത്രിയായ ഡാറ്റോ ഹസന്‍ ബിന്‍ മാലിക്കിന്റെ സാന്നിധ്യത്തിലായിരുന്നു ഒപ്പുവെക്കല്‍ ചടങ്ങ്.
വളരെ ചുരുങ്ങിയ കാലത്തിനകം രാജ്യാന്തര തലത്തില്‍ അറിയപ്പെട്ട ചിക്കിംഗുമായി സഹകരിക്കാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ടെന്ന് ഡ്യുവല്‍സ് ഫുഡ് സി ഇ ഒ ഫരീഖ് ഹലിം പറഞ്ഞു. ഡ്യുവല്‍ ഫുഡ് എം ഡി മുഹമ്മദ് യൂസുഫ്, മുഹമ്മദ് ഈസ മുഹമ്മദ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.