വരും ദിവസങ്ങളില്‍ തണുത്ത കാലാവസ്ഥ

Posted on: December 18, 2013 7:20 pm | Last updated: December 18, 2013 at 7:20 pm

ദുബൈ: വരും ദിവസങ്ങളില്‍ യു എ ഇയില്‍ തണുത്ത കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം, അസാധാരണമായ കാലാവസ്ഥക്ക് സാധ്യതയില്ലെന്നും നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വടക്കുപടിഞ്ഞാറന്‍ കാറ്റായ ശമാല്‍ ഏതാനും ദിവസം മുമ്പാണ് വീശിത്തുടങ്ങിയത്. ചിലയിടങ്ങളില്‍ മൂടല്‍മഞ്ഞും അനുഭവപ്പെട്ടു. കടല്‍ പ്രക്ഷുബ്ധമാണ്. മത്സ്യബന്ധനത്തിന് പോകുന്നവര്‍ ജാഗ്രത പാലിക്കണം. യുഎഇക്കു പുറമെ സഊദി, മസ്‌കറ്റ്, ബഹ്‌റൈന്‍, ഖത്തര്‍, കുവൈത്ത്, ഇറാന്‍ എന്നിവിടങ്ങളിലെല്ലാം നല്ല തണുപ്പുണ്ടെന്നാണു റിപ്പോര്‍ട്ട്. ഇറാനിലെ മലമ്പ്രദേശമായ ഷിറാസില്‍ മൈനസ് രണ്ടു ഡിഗ്രി സെല്‍ഷ്യസ് ആണു താപനില.
കുവൈത്തില്‍ ഇന്നലെ കുറഞ്ഞ താപനില 6ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. യു എ ഇയുടെ ചില ഭാഗങ്ങളില്‍ രാത്രിയില്‍ മൂടല്‍മഞ്ഞ് അനുഭവപ്പെടുന്നുണ്ട്. ഫുജൈറ, റാസല്‍ഖൈമ മലനിരകളില്‍ തണുത്തകാറ്റ് ശക്തമാണ്. തീരപ്രദേശങ്ങളില്‍ അന്തരീക്ഷം മൂടിക്കെട്ടി. ശമാല്‍ ശക്തമായതിനാല്‍ ചിലയിടങ്ങളില്‍ അന്തരീക്ഷത്തില്‍ പൊടിനിറഞ്ഞു. കാലാവസ്ഥാ മാറ്റത്തെ തുടര്‍ന്നു രോഗങ്ങള്‍ വ്യാപകമായി. പനി, ജലദോഷം, ചുമ, ശ്വാസംമുട്ടല്‍ എന്നിവ മൂലം ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം കൂടി. കുട്ടികളും പ്രായമായവരുമാണ് കൂടുതല്‍ ബുദ്ധിമുട്ടുന്നത്.
കുട്ടികളുമായി പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധപുലര്‍ത്തണമെന്നാണ് ആരോഗ്യവിദഗ്ധരുടെ ഉപദേശം. സ്വെറ്റര്‍, തലയും ചെവിയും മൂടുന്ന തൊപ്പി തുടങ്ങിയവ ഉപയോഗിക്കണം. തണുത്ത ആഹാര സാധനങ്ങള്‍ ഉപേക്ഷിക്കുന്നതാണ് ആരോഗ്യകരം. ആഹാരം ചൂടാറാതെ കഴിക്കണം. തണുപ്പുകാലത്തു പൊതുവേയുണ്ടാകുന്ന പ്രശ്‌നമാണു ശ്വാസംമുട്ടല്‍. ഇതുമൂലം ഉറങ്ങാന്‍ പോലും കഴിയാതെ ബുദ്ധിമുട്ടുന്നവരേറെയാണ്. ഇങ്ങനെയുള്ളവര്‍ ആഹാരത്തിലും ശീലങ്ങളിലും ശ്രദ്ധപുലര്‍ത്തണം. ചൂടുവെള്ളം കുടിക്കുക, ആവികൊള്ളുക തുടങ്ങിയവ ആശ്വാസം നല്‍കും.