Connect with us

Malappuram

സ്വകാര്യ പ്രാക്ടീസ് ബഹിഷ്‌കരണം കൂടുതല്‍ സ്ഥലങ്ങളിലേക്ക്‌

Published

|

Last Updated

മലപ്പുറം: ജില്ലയിലെ ആരോഗ്യരംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ ജി എം ഒ എ നടത്തുന്ന സമരം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചു.
സമരത്തിന്റെ ഭാഗമായി നടത്തുന്ന സ്വകാര്യ പ്രാക്ടീസ് ബഹിഷ്‌കരണമാണ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചത്. ജില്ല-താലൂക്ക് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ തിങ്കളാഴ്ച മുതല്‍ സ്വകാര്യ പ്രാക്ടീസ് നിര്‍ത്തി. മഞ്ചേരി ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വെള്ളിയാഴ്ച മുതല്‍ തന്നെ സ്വകാര്യ പ്രാക്ടീസ് നിര്‍ത്തിയിരുന്നു. നാളെ മുതല്‍ ജില്ലയിലെ മുഴുവന്‍ ഡോക്ടര്‍മാരും സ്വകാര്യ പ്രാക്ടീസ് നിര്‍ത്തും. മലപ്പുറം താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അത്യാഹിത വിഭാഗത്തിന്റെ അധിക ചുമതലയില്‍ നിന്നൊഴിഞ്ഞതോടെ തുടര്‍ച്ചയായി നാലാം ദിവസവും അത്യാഹിത വിഭാഗം മുടങ്ങി. താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയിട്ട് നാല് വര്‍ഷമായിട്ടും മലപ്പുറത്ത് അത്യാഹിത വിഭാഗത്തിലേക്ക് ഡോക്ടര്‍മാരേയോ മറ്റ് ജീവനക്കാരെയോ നിയമിച്ചിട്ടില്ല.
സര്‍ക്കാര്‍ ആശുപത്രികളിലെ സ്‌പെഷ്യാലിറ്റി ഒ പി ബഹിഷ്‌കരണം തുടരുകയാണ്. മാസാന്ത അവലോകന യോഗങ്ങള്‍, റിപ്പോര്‍ട്ടിംഗ്, ഔദ്യോഗിക മീറ്റിംഗുകള്‍, വി ഐ പി ഡ്യൂട്ടി, മെഡിക്കല്‍ ബോര്‍ഡുകള്‍ തുടങ്ങിയവ ഡോക്ടര്‍മാര്‍ ബഹിഷ്‌കരിക്കുകയാണ്.
ജനസംഖ്യാനുപാതികമായി ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാരടക്കമുള്ള ജിവനക്കാരുടെ തസ്തികകള്‍ സൃഷ്ടിക്കുക, കൂടുതല്‍ ആശുപത്രികള്‍ അനുവദിക്കുക, മലപ്പുറം താലൂക്കാശുപത്രിയില്‍ ക്യാഷ്വാലിറ്റി യൂണിറ്റ് അനുവദിക്കുക, അപ്‌ഗ്രേഡ് ചെയ്ത കമ്മ്യൂണിറ്റി, താലൂക്ക്, ജില്ലാ ആശുപത്രകള്‍ ആനുപാതികമായി തസ്തികകള്‍ സൃഷ്ടിക്കുക, ഭൗതിക സൗകര്യം ഒരുക്കുക, ആശുപത്രികളില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ തസ്തികകള്‍ വര്‍ധിപ്പിക്കുക, മഞ്ചേരി ജനറല്‍ ആശുപത്രി നിലനിര്‍ത്തുമെന്ന സര്‍ക്കാര്‍ ഉറപ്പു പാലിക്കുക, പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ ജില്ലയിലെ സ്‌പെഷ്യാലിറ്റി അഡ്മിനിസ്‌ട്രേറ്റീവ് ജനറല്‍ കാഡറിലെ തസ്തികകള്‍ വര്‍ദ്ധിപ്പിക്കുകയും പുനക്രമീകരിക്കുകയും ഒഴിവുകള്‍ നികത്തുകയും ചെയ്യുക, ജില്ലയിലെ അസിസ്റ്റന്റ് സര്‍ജന്‍, സിവില്‍ സര്‍ജന്‍ അനുപാതം 1:1 ആക്കുക, ആശുപത്രികള്‍ക്കും ജിവനക്കാര്‍ക്കുമെതിരെയുള്ള ആക്രമണങ്ങളില്‍ ആശുപത്രി സംരക്ഷണ നിയമ പ്രകാരം കേസെടുക്കുക, അച്ചടക്ക നടപടികളില്‍ സര്‍ക്കാര്‍ നിയമാനുസൃതമായും സമയബന്ധിതമായും തീരുമാനമെടുക്കുക, സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ ജി എം ഒ എ നാല് മാസമായി പ്രക്ഷോഭത്തിലാണ്. ഈമാസം 19നകം അനുകൂല തീരുമാനം ഉണ്ടായില്ലങ്കില്‍ 20 മുതല്‍ ഡോക്ടര്‍മാര്‍ അനിശ്ചിതകാല കൂട്ട അവധി എടുക്കുമെന്ന് കെ ജി എം ഒ എ ജില്ലാ ഭാരവാഹികള്‍ അറിയിച്ചു.

 

Latest