ഇറാഖില്‍ ചാവേറാക്രമണം: 92 മരണം

Posted on: December 17, 2013 8:15 am | Last updated: December 18, 2013 at 7:24 am

iraqബാഗ്ദാദ്: ഇറാഖില്‍ ബാഗ്ദാദില്‍ നിന്ന് 180 കിലോമീറ്റര്‍ അകലെ ബെയ്ജി നഗരത്തില്‍ ചാവേറാക്രമണത്തില്‍ 92 പേര്‍ കൊല്ലപ്പെട്ടു. 161 പേര്‍ക്ക് പരുക്കേറ്റു. ഷിയാക്കളെ ലക്ഷ്യം വെച്ചാണ് ആക്രമണം നടന്നത് എന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഷിയാക്കളുടെ ആചാരവുമായി ബന്ധപ്പെട്ട് വലിയ ആഘോഷങ്ങള്‍ നടക്കാനിരിക്കെയാണ് ചാവേറാക്രമണം നടന്നത്. എന്നാല്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

ബെയ്ജി നഗരത്തിലെ പോലീസ് സ്‌റ്റേഷന്റെ കവാടത്തിന് മുമ്പിലാണ് ആദ്യമായി ചാവേര്‍ പൊട്ടിത്തെറിച്ചത്. പോലീസ് സ്‌റ്റേഷനുള്ളില്‍ കയറിയും ചാവേറുകള്‍ പൊട്ടിത്തെറിച്ചു. സ്‌റ്റേഷനടുത്തുള്ള കെട്ടിടത്തില്‍ തടവിലാക്കപ്പെട്ടവരെ രക്ഷിച്ച് കൊണ്ടുപോവാനാണ് സ്‌ഫോടനം നടത്തിയതെന്ന് പോലീസ് ഓഫീസറായ മേജര്‍ സ്വാലിഹ് അല്‍ ഖൈസി പറഞ്ഞു. എന്നാല്‍ കെട്ടിടത്തിലേക്ക് കടക്കാന്‍ ശ്രമിച്ച ചാവേറുകളെ വകവരുത്തി എന്നും അദ്ദേഹം അറിയിച്ചു.

മറ്റൊരു സംഭവത്തില്‍ ബസ് തടഞ്ഞുവെച്ച് 12 ഷിയാക്കളെ ആക്രമികള്‍ വെടിവെച്ചു കൊന്നു. കര്‍ബലയിലാണ് സംഭവം നടന്നത്. ഈ മാസം ചുരുങ്ങിയത് 262 പേര്‍ ഇറാഖില്‍ വിവിധ ആക്രമണങ്ങളിലായി കൊല്ലപ്പെട്ടിട്ടുണ്ട് എന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.