Connect with us

Ongoing News

കിലയുടെ പ്രവര്‍ത്തനം ഏഷ്യ- പെസഫിക്ക് രാഷ്ട്രങ്ങളിലേക്കു കൂടി വ്യാപിക്കുന്നു

Published

|

Last Updated

തൃശൂര്‍: സംസ്ഥാനത്തെ തദ്ദേശ സ്വംയംഭരണ സ്ഥാപനങ്ങളുടെ പരിശീലന കേന്ദ്രമായ കിലയുടെ പ്രവര്‍ത്തന മേഖല ഏഷ്യന്‍ -പെസഫിക്ക് രാഷ്ട്രങ്ങളിലേക്കു കൂടി വ്യാപിക്കുന്നു. ബംഗ്ലാദേശിലെ ധാക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏഷ്യ- പെസഫിക്ക് രാഷ്ട്രങ്ങളിലെ സംയോജിത ഗ്രാമവികസന സെന്റര്‍ (സി ഐ ആര്‍ ഡി എ പി) മേധാവികളാണ് കിലയുടെ സഹകരണം തേടിയെത്തിയത്. കേന്ദ്രത്തിന്റ ഡയറക്ടര്‍ ജനറല്‍ ഡോ. സീസഫ് എഫന്‍ഡിയും പരിശീലന വിഭാഗം ഡയറക്ടര്‍ ഡോ. വാസന്തി രാജേന്ദ്രനും കില ഡയയറക്ടറുമായി ചര്‍ച്ച നടത്തി. ഇതുസംബന്ധിച്ച് ധാരണാപത്രം ഒപ്പ് വെക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വകുപ്പു മന്ത്രിയുമായി കൂടിയാലോചിച്ചതിനു ശേഷം തീരുമാനിക്കുമെന്ന് കില ഡയറക്ടര്‍ ഡോ. പി പി ബാലന്‍ അറിയിച്ചു.
കിലയുടെ സഹകരണത്തോടെ ഏഷ്യ- പെസഫിക്ക് രാഷ്ട്രങ്ങളിലെ വികേന്ദ്രീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനാണ് സിര്‍ഡാപ് സഹകരണം തേടിയിട്ടുള്ളത്. അന്തര്‍ദേശീയ ശില്‍പ്പശാലകള്‍, ഗവേഷണം, ഫാക്കല്‍റ്റികളുടെ കൈമാറ്റം, പഠന സന്ദര്‍ശനം ഇവക്കെല്ലാം സൗകര്യമൊരുക്കും. അധികാര വികേന്ദ്രീകരണം ശക്തിപ്പെടുത്തുന്നതോടൊപ്പം ഈ മേഖലയിലെ ദാരിദ്ര്യ നിര്‍മാര്‍ജനവും സിര്‍ഡാപ്പിന്റെ ലക്ഷ്യമാണ്. ഐക്യരാഷ്ട്ര സംഘടനയുടെ ഭാഗമായ ഭക്ഷ്യ- കൃഷി സംഘടനയുമായി (എഫ് എ ഒ) ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സിര്‍ഡാപ് വികസ്വര രാജ്യങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് സംയോജിത ഗ്രാമീണ വികസന പദ്ധതികള്‍ തയ്യാറാക്കും.
ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക, എന്നിവക്കു പുറമെ ഇന്തോനേഷ്യ, ഇറാന്‍, ലാവോസ്, മലേഷ്യ, മ്യാന്‍മര്‍, ഇറാന്‍, ഫിജി, ഫിലിപ്പൈന്‍സ്, തായ്‌ലന്റ്, വിയറ്റ്‌നാം എന്നി രാഷ്ട്രങ്ങളും ഈ സംഘടനയിലെ അംഗങ്ങളാണ്.

Latest